ഈഡനില്‍ കേരളത്തിന്‍െറ ‘കൂട്ട ആത്മഹത്യ’
text_fieldsകൊല്‍ക്കത്ത: താലത്തില്‍ വെച്ചു നീട്ടിയതായിരുന്നു ജയവും വിലപ്പെട്ട മൂന്ന് പോയന്‍റും. പക്ഷേ, കേരളം വേണ്ടെന്നു വെച്ച് ഹിമാചല്‍പ്രദേശിനു മുന്നില്‍ ദയനീയമായി തോറ്റു. രണ്ടാം ദിനമായ വെള്ളിയാഴ്ച കളി അവസാനിക്കുമ്പോള്‍ കണ്ടതെല്ലാം വെറും സ്വപ്നം മാത്രമാക്കി ശനിയാഴ്ച സൂര്യോദയമാവുമ്പോഴേക്കും കേരളം തോറ്റമ്പി. ഒരു ദിനം കൊണ്ട് തിരക്കഥയാകെ മാറ്റിയെഴുതിയ ഹിമാചല്‍ ഗ്രൂപ് സിയിലെ രണ്ടാം മത്സരത്തില്‍ കേരളത്തെ ആറ് വിക്കറ്റിന് തോല്‍പിച്ചു. ഗുര്‍വിന്ദര്‍ സിങ്ങാണ് കളിയിലെ കേമന്‍.
സ്കോര്‍ ചുരുക്കത്തില്‍
കേരളം: 248, 115; ഹിമാചല്‍ പ്രദേശ്: 261, 103/4.
വ്യക്തമായ മേധാവിത്വത്തോടെയാണ് കേരളം രണ്ടാം ദിനം മൈതാനം വിട്ടത്. എട്ടിന് 198 റണ്‍സെന്ന നിലയില്‍ ഹിമാചല്‍ ഒന്നാം ഇന്നിങ്സില്‍ തകര്‍ന്നപ്പോള്‍ ശനിയാഴ്ച രാവിലെ രണ്ട് വിക്കറ്റ് കൂടി വീഴ്ത്തി ലീഡ് പിടിക്കാനുള്ള മോഹത്തിലായിരുന്നു കേരളം. എന്നാല്‍, ക്രീസുണര്‍ന്നപ്പോള്‍ എല്ലാം പിഴച്ചു. ഉത്തരവാദിത്തത്തോടെ കളിച്ച പങ്കജ് ജയ്സ്വാളും (24), സുമീത് വര്‍മയും (50നോട്ടൗട്ട്) ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പില്‍ ഹിമാചല്‍ കേരളത്തെ മറികടന്നു. അവസാന വിക്കറ്റില്‍ ഗുര്‍വിന്ദറും (19) ശക്തമായ സാന്നിധ്യമായി. ഒന്നാം ഇന്നിങ്സില്‍ 13 റണ്‍സ് ലീഡുമായാണ് ഹിമാചല്‍ പുറത്തായത്.
രണ്ടാം ഇന്നിങ്സ് തുടങ്ങിയ കേരളം എളുപ്പത്തില്‍ തകര്‍ന്നു. ഭവിന്‍ തക്കര്‍ (16), ജലജ് സക്സേന (11), രോഹന്‍ പ്രേം (20), ഇഖ്ബാല്‍ അബ്ദുല്ല (15), മനുകൃഷ്ണന്‍ (12), ബേസില്‍ തമ്പി (20) എന്നിവര്‍ക്ക് മാത്രമേ ഇരട്ടയക്കം കടക്കാനായുള്ളൂ. സഞ്ജു സാംസണും സചിന്‍ ബേബിയും ഓരോ റണ്‍സെടുത്ത് കീഴടങ്ങി. ഒടുവില്‍ കേരളം വെറും 44.5 ഓവറില്‍ 115 റണ്‍സിന് കീഴടങ്ങി. ഒരു ദിവസം കൂടി ബാക്കിയുണ്ടായിട്ടും കളി എളുപ്പം അവസാനിപ്പിക്കാനായിരുന്നു ഹിമാചലിന്‍െറ തീരുമാനം. രണ്ടാം ഇന്നിങ്സ് ധിറുതി പിടിച്ച് തുടങ്ങിയവര്‍ വിജയലക്ഷ്യമായ 102 റണ്‍സ് 25 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഓപണര്‍ അന്‍കുഷ് ബെയ്ന്‍സ് (0) ആദ്യ ഓവറില്‍ മടങ്ങിയെങ്കിലും പ്രശാന്ത് ചോപ്ര (21), നിഖില്‍ ഗാങ്ത (20), പരസ് ദോഗ്ര (27) എന്നിവര്‍ ചേര്‍ന്ന് വിജയമൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.