ഒറ്റക്കാലിലാണെങ്കിലും പാകിസ്താനെതിരെ കളിക്കുമെന്ന് ധോണി പറഞ്ഞു
text_fieldsമുംബൈ: ഏഷ്യാകപ്പില്‍ പാകിസ്താനെതിരായ മത്സരത്തിന് മുന്നോടിയായി ജിമ്മില്‍ വച്ച് പരിക്കേറ്റ എം.എസ് ധോണി ആധി പിടിച്ച സെലക്ടര്‍മാരോട് എന്ത് സംഭവിച്ചാലും താന്‍ കളത്തിലിറങ്ങുമെന്നും പരിഭ്രമിക്കാനില്ലെന്നും പറഞ്ഞതായി മുഖ്യ സെലക്ടര്‍ എംഎസ്.കെ പ്രസാദ്. പകരക്കാരനായി പാര്‍ഥിവ് പട്ടേല്‍ ധാക്കയില്‍ പറന്നെത്തിയെങ്കിലും മത്സരദിവസം എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ധോണി സജ്ജനായി. ഒറ്റക്കാലിലാണെങ്കിലും പാകിസ്താനെതിരെ താന്‍ കളിച്ചിരിക്കുമെന്നാണ് അന്ന് സെലക്ടര്‍മാരിലൊരാളായ തന്നോട് ധോണി പറഞ്ഞതെന്ന് പ്രസാദ് വ്യക്തമാക്കി.
'ജിമ്മില്‍ നിന്നും സ്ട്രെക്ചറിന്‍റെ സഹായത്തോടെയാണ് ധോണിയെ നീക്കിയത്. ധാക്കയിലെത്തിയപ്പോള്‍ എല്ലാവർക്കും അറിയേണ്ടിയിരുന്നത് ധോണിയെ കുറിച്ചായിരുന്നു. ധോണിയുടെ റൂമിലേക്ക് പോയി ഞാന്‍ വിവരം അന്വേഷിച്ചപ്പോള്‍ പേടിക്കാനൊന്നുമില്ല എന്നായിരുന്നു മറുപടി. മാധ്യമപ്രവര്‍ത്തകരോട് എന്ത് പറയുമെന്ന് ചോദിച്ചപ്പോഴും ഭയപ്പെടേണ്ട എം.എസ്.കെ ഭായ് എന്നായിരുന്നു മറുപടി. ചീഫ് സെലക്ടറായ സന്ദീപ് പട്ടേലിനെ വിളിച്ച് വിവരം പറഞ്ഞതോടെ പാര്‍ഥിവ് പട്ടേല്‍ പകരക്കാരനായി പറന്നെത്തി. താന്‍ കളിക്കുമെന്നും ഭയപ്പെടാനൊന്നുമില്ലെന്നുമാണ് അപ്പോഴും ധോണിക്ക് പറയാനുണ്ടായിരുന്നത്.'
രാത്രി 11 മണിയോടെ താന്‍ വീണ്ടും ധോണിയുടെ മുറിയിലേക്ക് പോയപ്പോള്‍ ധോണിയെ അവിടെ കണ്ടില്ലെന്നും ഹോട്ടലിന്‍റെ മുകളിലേക്ക് പോയപ്പോള്‍ സ്വിമ്മിങ് പൂളിലേക്ക് ഇഴയുന്ന ധോണിയെയാണ് കണ്ടതെന്നും പ്രസാദ് പറഞ്ഞു. നടക്കാന്‍ ശ്രമിക്കുകയാണെന്നാണ് ധോണി അപ്പോള്‍ പറഞ്ഞത്. ഇഴഞ്ഞു പോകുന്ന ധോണി എങ്ങിനെ കളിക്കുമെന്നായിരുന്നു തന്‍റെ അപ്പോഴത്തെ ചിന്തയെന്നും പ്രസാദ് വിവരിച്ചു. എന്നെ അറിയിക്കാതെ പാര്‍ഥിവിനെ എത്തിച്ചിട്ടുണ്ടല്ലോ? നിങ്ങള്‍ സുരക്ഷിതനായില്ലേ എന്ന് ചിരിച്ചു ചോദിച്ച ധോണി കളിക്കാന്‍ താന്‍ ഇറങ്ങുമെന്ന് വീണ്ടും ഉറപ്പിച്ച് പറഞ്ഞു.ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ധോണി സുസജ്ജനായിരുന്നു. എന്നെ റുമിലേക്ക് വിളിച്ച ധോണി എന്തിനാണ് ഇത്ര പരിഭ്രമം കാണിക്കുന്നതെന്ന് ചോദിച്ചു. ഒറ്റക്കാലിലാണേലും ആ മത്സരം കളിച്ചിരിക്കുമെന്നും പറഞ്ഞു. അതാണ് ധോണി- പ്രസാദ് കൂട്ടിച്ചേര്‍ത്തു. മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യയെ ജയത്തിലേക്ക് നയിക്കാനും ധോണിക്ക് കഴിഞ്ഞു.
മികച്ച പ്രകടനം പുറത്തെടുക്കാന്‍ ധോണിക്കായില്ലെങ്കില്‍ മറ്റുമാര്‍ഗങ്ങള്‍ ആലോചിക്കേണ്ടിവരുമെന്ന എം.എസ്.കെ പ്രസാദിന്റെ അഭിപ്രായം ധോണി ആരാധകരെ ചൊടിപ്പിച്ചിരുന്നു. ട്രോളുകളിലൂടെയായിരുന്നു ധോണി ഫാന്‍സ് എം.എസ്.കെ പ്രസാദിന് മറുപടി പറഞ്ഞിരുന്നത്. ഇതിനിടെയാണ് അദ്ദേഹം മഹിയെ പുകഴ്ത്തി രംഗത്തെത്തിയത്. എന്നിട്ടും എം.എസ്.കെ പ്രസാദിന് കിട്ടുന്ന ട്രോളുകള്‍ക്കൊരു കുറവും ഇല്ല.
ലങ്കയ്‌ക്കെതിരായ രണ്ടാമത്തെയും മൂന്നാമത്തേയും ഇന്ത്യയുടെ വിജയങ്ങള്‍ക്ക് പിന്നില്‍ ധോണിയുണ്ടായിരുന്നു. പ്രത്യേകിച്ച് രണ്ടാം ഏകദിനത്തില്‍. കേളികേട്ട ബാറ്റിങ് നിര അഖില ധനഞ്ജയ എന്ന സ്പിന്നര്‍ക്ക് മുന്നില്‍ വീണപ്പോള്‍ എട്ടാം വിക്കറ്റില്‍ ഭുവനേശ്വര്‍ കുമാറിനെയും കൂട്ടുപിടിച്ച് ധോണി നടത്തിയ ചെറുത്ത് നില്‍പ്പ് പ്രശംസനീയമായിരുന്നു. പുറത്താകാതെ 45 റണ്‍സാണ് ധോണി നേടിയത്. മൂന്നാം ഏകദിനത്തിലും ധോണി രക്ഷകനായി. രോഹിത് ശര്‍മ്മ സെഞ്ച്വറി നേടിയെങ്കിലും 67 റണ്‍സ് നേടി ധോണി പുറത്താകാതെ നിന്നു. താന്‍ എന്തുകൊണ്ട് ടീമില്‍ തുടരണം എന്ന് ധോണി ഒരിക്കല്‍ കൂടി തെളിയിച്ച മുഹൂര്‍ത്തങ്ങളായിരുന്നു രണ്ട് ഏകദിനങ്ങള്‍. ആദ്യ ഏകദിനത്തില്‍ ധോണിക്ക് ബാറ്റിങ് ലഭിച്ചിരുന്നില്ല. അതിന് മുമ്പെ ധവാനും കോഹ്ലിയും കളി തീര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.