ചാമ്പ്യൻസ് ട്രോഫി കിരീടം പാകിസ്താന്; ഇന്ത്യക്ക് 180 റൺസ് തോൽവി
text_fieldsലണ്ടൻ: കെന്നിങ്ടൺ ഒാവലിൽ പുതുചരിത്രം കുറിച്ച് പാകിസ്താൻ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടം ചൂടി. മൈതാനത്തും പുറത്തും ആവേശത്തിെൻറ സിക്സർ പറത്തിയ മത്സരത്തിൽ നിലവിലെ ജേതാക്കളായ ഇന്ത്യയെ 180 റൺസിന് തരിപ്പണമാക്കി പാകിസ്താെൻറ കന്നി കിരീടനേട്ടം. ആദ്യം ബാറ്റുചെയ്ത പാകിസ്താൻ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര 158 റൺസിൽ കൂപ്പുകുത്തി. പത്തു ദിവസം മുമ്പ് മാത്രം ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയ ഫഖർ സമാെൻറ ത്രില്ലർ സെഞ്ച്വറിയിൽ (106 പന്തിൽ 114) പേടിച്ചരണ്ടുപോയ ഇന്ത്യക്ക് ഒരിക്കൽപോലും ചാമ്പ്യന്മാർക്കൊത്ത പ്രകടനം കാഴ്ചവെക്കാനായില്ല. മൂന്നു സിക്സും 12 ബൗണ്ടറിയും പറത്തിയാണ് ഫഖർ സമാൻ പാക്വിജയത്തിന് അടിത്തറപാകിയ കന്നിസെഞ്ച്വറി കുറിച്ചത്. ഇന്ത്യൻ നിരയിൽ അഞ്ചു പേർ ഒറ്റയക്കത്തിൽ പുറത്തായപ്പോൾ ഹാർദിക് പാണ്ഡ്യയുടെ ഒറ്റയാൻ പ്രകടനം (43 പന്തിൽ 76) തോൽവിയുടെ ഭാരം കുറച്ചു.
ഫഖർ ബ്ലാസ്റ്റ്
ചാമ്പ്യൻസ് േട്രാഫിയിലെ ആദ്യ മത്സരത്തിൽ ബിർമിങ്ഹാമിൽ പാകിസ്താനുമായി ഏറ്റുമുട്ടുേമ്പാൾ ഫഖർ സമാൻ എന്ന ഒാപണിങ് ബാറ്റ്സ്മാനെ വിരാട് കോഹ്ലിക്ക് അറിയില്ലായിരുന്നു. അന്ന് മഴകൂടി പങ്കാളിയായ മത്സരത്തിൽ ഇന്ത്യ വമ്പൻ സ്കോറിന് ജയിച്ചു. പക്ഷേ, കളി ഒാവലിലെ കലാശപ്പോരാട്ടത്തിലെത്തിയപ്പോൾ ഇന്ത്യക്കും പാകിസ്താനുമിടയിലെ വ്യത്യാസമായി ഫഖർ സമാൻ എന്ന 27കാരൻ നിറഞ്ഞുനിന്നു. ടൂർണമെൻറിലെ രണ്ടാം മത്സരത്തിൽ മാത്രം അരങ്ങേറിയ പുതുമുഖക്കാരെൻറ കന്നിസെഞ്ച്വറി മികവിൽ പാകിസ്താൻ ഫൈനലിൽ കൂറ്റൻ സ്കോർ കണ്ടെത്തിയപ്പോൾ ചാമ്പ്യൻസ് േട്രാഫി കിരീടം പാകിസ്താന് കൈയെത്തും അകലെ.
ടോസിൽ ഇന്ത്യ ജയിച്ചപ്പോൾ എതിരാളിയെ ബാറ്റിങ്ങിനയക്കാനായിരുന്നു ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തീരുമാനം. ഒാവലിലെ ഇൗർപ്പം നിറഞ്ഞ കാലാവസ്ഥയിൽ നായകെൻറ തീരുമാനത്തെ കുറ്റപ്പെടുത്താനാവില്ല. പക്ഷേ, കോഹ്ലി പ്രതീക്ഷിച്ചതൊന്നും സ്വന്തം അണികളിൽനിന്ന് ലഭിച്ചില്ല. എതിരാളിയെ 300ന് താഴെ സ്കോറിൽ തളച്ച്, മറുപടി ബാറ്റിങ്ങിൽ വിജയകരമായ ചേസിങ്ങായിരുന്നു വിരാട് മനസ്സിൽ കണ്ടത്. പക്ഷേ, ഇതെല്ലാം തുടക്കക്കാരൻ ഫഖർ സമാെൻറ കലിയിളകിയ ബാറ്റ് പൊളിച്ചടുക്കി. ആദ്യ ഒാവറുകളിൽ ഭാഗ്യംകൊണ്ട് ജീവൻ വീണ്ടെടുത്ത ഫഖറിെൻറ ബാറ്റിന് ശൗര്യമേറിയേപ്പാൾ ഇന്ത്യൻ ആവനാഴിയിലെ ആയുധങ്ങളെല്ലം മുനയൊടിഞ്ഞവയായി. ബുംറയെറിഞ്ഞ നാലാം ഒാവറിലെ ആദ്യ പന്തിൽ ഫഖർ സമാൻ എം.എസ്. ധോണിയുടെ കൈയിൽ കുരുങ്ങിയെങ്കിലും പന്ത് നോബാളായി. രണ്ട് തുടരൻ ബൗണ്ടറികളോടെയായിരുന്നു സമാൻ ഇത് ആഘോഷമാക്കിയത്. അർധസെഞ്ച്വറിക്കുമുേമ്പ ഒരിക്കൽക്കൂടി സമാൻ ജീവൻ വീണ്ടെടുത്തു. മിഡ്ഒാണിലേക്ക് പറന്ന പന്തിനു പിന്നാലെ രണ്ട് ഫീൽഡർമാർ ആശയക്കുഴപ്പത്തിലായതോടെ വിലപ്പെട്ട വിക്കറ്റ് വീണ്ടും പാഴായി. പിന്നെ തിരിഞ്ഞുനോക്കിയില്ല. സിക്സും ബൗണ്ടറിയുംകൊണ്ട് സമ്പന്നമായ കന്നിസെഞ്ച്വറിയിലേക്ക്.
10 ഒാവറിൽ പാകിസ്താൻ 56 റൺസെടുത്തപ്പോൾ ഇരുവരും ക്രീസിൽ നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടെ, വിരാട് കോഹ്ലി ഇന്ത്യൻ ബൗളിങ്ങിലും മാറിമാറി പരീക്ഷണത്തിന് മുതിർന്നു. ബുംറയും ഭുവനേശ്വറും വിക്കറ്റ് വീഴ്ത്തുന്നതിൽ പരാജയമായപ്പോൾ, അശ്വിനെ വിളിച്ചു. ആദ്യ പന്തുകൾ പ്രതിരോധിച്ചശേഷം സിക്സർ പറത്തിയാണ് അസ്ഹർ വരവേറ്റത്. പിന്നാലെ രവീന്ദ്ര ജദേജയും ഹാർദിക് പാണ്ഡ്യയും പുതിയ സ്പെൽ തുടങ്ങിയെങ്കിലും മൂർച്ചകൂടിയ പാക് ബാറ്റിങ്ങിെൻറ മുനയൊടിക്കാനായില്ല. പതുക്കെ തുടങ്ങിയ ഫഖറിനായിരുന്നു വീര്യം കൂടുതൽ. പാണ്ഡ്യയും ജദേജയും സ്ലോബാൾ എറിഞ്ഞ് പരീക്ഷിച്ചപ്പോൾ ക്രീസ് വിട്ടിറങ്ങി ബൗണ്ടറി ലൈനിനു പുറത്തേക്ക് പറത്തി പാക് ഒാപണിങ് റോക്കറ്റ് വേഗത്തിൽ പാഞ്ഞു. ഒരുഘട്ടത്തിൽ പോലും വെല്ലുവിളി ഉയർത്താനാവാതെ ഇന്ത്യൻ ബൗളർമാർ ചൂളിപ്പോയി. ടീം ടോട്ടൽ 23 ഒാവറിൽ 128ലെത്തിയപ്പോൾ മാത്രമാണ് ആദ്യ വിക്കറ്റ് വീണത്. അസ്ഹർ അലി (59) റൺഒൗട്ടായി മടങ്ങി. മറുതലക്കൽ ബാബർ അഅ്സം എത്തിയെങ്കിലും ഫഖർ സമാെൻറ കുതിപ്പിന് തടസ്സമൊന്നുമില്ലായിരുന്നു.
രവീന്ദ്ര ജദേജയെ 26ാം ഒാവറിൽ ഒരു സിക്സും രണ്ട് ബൗണ്ടറിയും പറത്തി 76ലെത്തി. അടുത്ത ഒാവറിൽ അശ്വിൻ വഴങ്ങിയത് 17 റൺസ്. 31ാം ഒാവറിൽ ബൗണ്ടറിയോടെ െസഞ്ച്വറിയും പിറന്ന മാസ്മരിക ഇന്നിങ്സ്. 91 പന്തിലായിരുന്നു ഇൗ കന്നി ശതകനേട്ടം. ഏതാനും ഒാവറുകൾകൂടി നീണ്ട വെടിക്കെട്ട് ഷോ രവീന്ദ്ര ജദേജയുടെ കൈപ്പിടിയിൽ വിശ്രമിക്കുേമ്പാഴേക്കും പാകിസ്താൻ 200ലെത്തി. പിന്നാലെ ക്രീസിലെത്തിയ ശുെഎബ് മാലിക് (12) മാത്രമേ നിരാശപ്പെടുത്തിയുള്ളൂ. ബാബർ അഅ്സമും (52 പന്തിൽ 46) അവസാന ഒാവറുകളിൽ മുഹമ്മദ് ഹഫീസും (37 പന്തിൽ 57 നോട്ടൗട്ട്) ഇമാദ് വാസിമും (25) ഫഖർ സമാൻ തുടങ്ങിയത് പൂർത്തിയാക്കിയതോടെ പാകിസ്താൻ നാലിന് 338 റൺസ്.
പേടിച്ചു വിരണ്ട ഇന്ത്യ
ഫഖർ സമാെൻറ വെടിക്കെട്ട് ഷോ ക്രീസിൽ തുടരുേമ്പാൾ തന്നെ വിരാട് കോഹ്ലിയുടെ മുഖം വാടിയിരുന്നു. പലപ്പോഴും നായകനായത് എം.എസ്. ധോണി. അയൽക്കാരുടെ കൂറ്റൻ ടോട്ടലിന് മറുപടി നൽകാൻ ടീം ഇന്ത്യ ക്രീസിലെത്തുേമ്പാഴും ശരീരഭാഷ തോറ്റവരുേടത്. ടൂർണമെൻറിലുടനീളം വിജയംകണ്ട രോഹിത് ശർമ-ശിഖർ ധവാൻ ഒാപണിങ് ജോടിയെ മുഹമ്മദ് ആമിർ ന്യൂബാളിലെ മൂന്നാം പന്തിൽ പിളർത്തിയതോടെ ഇന്ത്യയുടെ തകർച്ച തുടങ്ങി. രോഹിതിനെ (0) വിക്കറ്റിനു മുന്നിൽ കുരുക്കുേമ്പാൾ സ്കോർ ബോർഡിൽ പൂജ്യം റൺസിന് ഒന്ന്. രണ്ടാം വിക്കറ്റിൽ ധവാന് കൂട്ടായി വിരാട് കോഹ്ലി. മറുതലക്കൽ അപകടം വിതക്കാൻ ആമിറും.
ആദ്യ പന്തിൽ ഫസ്റ്റ് സ്ലിപ്പിൽ അസ്ഹർ അലി കൈവിട്ട ‘ബിഗ് വിക്കറ്റിെൻറ’ നിരാശ അടുത്ത പന്തിൽ ഗള്ളി പോയൻറിൽ ശദാബ് ഖാൻ തീർത്തു.
അഞ്ചു റൺസുമായി നായകൻ പുറത്തായതോടെ കളിയിൽ പാകിസ്താന പകുതി ജയിച്ചു. പിന്നെ ഉൗഴംപോലെ ഒാരോരുത്തരായി ക്രീസ് സന്ദർശിച്ച് മടങ്ങി. ധവാനെ കൂടി പുറത്താക്കി ആമിർ തുടക്കം ഭംഗിയാക്കിയപ്പോൾ, ശദാബ് ഖാനും ജുനൈറും ഹസൻ അലിയുമെല്ലാം ചേർന്ന് ബാക്കി ഭാഗം പൂർത്തിയാക്കി. യുവരാജ് സിങ് (22), എം.എസ്. ധോണി (4), കേദാർ ജാദവ് (9), രവീന്ദ്ര ജദേജ (15), ആർ. അശ്വിൻ (1), ജസ്പ്രീത് ബുംറ (1) എന്നിവർ കൂടാരം കയറി. ഇതിനിടെ, കൂറ്റൻ ഷോട്ടുകളുമായി ഹാർദിക് പാണ്ഡ്യ നടത്തിയ പോരാട്ടം ഒറ്റപ്പെട്ടതായി. 43 പന്തിൽ ആറു സിക്സും നാലു ബൗണ്ടറിയും പറത്തി 76 റൺസെടുത്ത ഹാർദിക് രവീന്ദ്ര ജദേജയുടെ മണ്ടത്തത്തിൽ റൺഒൗട്ടായി മടങ്ങുകയായിരുന്നു. ആമിറും ഹസൻ അലിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
സ്കോർ ബോർഡ്
പാകിസ്താൻ
അസ്ഹർ അലി റണ്ണൗട്ട് 59, ഫഖർ സമാൻ സി ജദേജ ബി പാണ്ഡ്യ 114, ബാബർ അസാം സി യുവരാജ് ബി ജാദവ് 46, ശുെഎബ് മാലിക് സി ജാദവ് ബി ഭുവനേശ്വർ12, മുഹമ്മദ് ഹഫീസ് നോട്ടൗട്ട് 57, ഇമാദ് വസീം നോട്ടൗട്ട് 25 എക്സ്ട്രാസ് 25 ആകെ നാലുവിക്കറ്റിന് 338. വിക്കറ്റ് വീഴ്ച: 1-128, 2-200, 3-247, 4-267
ഇന്ത്യ
രോഹിത് ശർമ എൽ.ബി.ഡബ്ല്യൂ ബി മുഹമ്മദ് ആമിർ 0, ശിഖർ ധവാൻ സി സർഫറാസ് അഹ്മദ് ബി മുഹമ്മദ് ആമിർ 21, വിരാട് കോഹ്ലി സി ഷാദാബ് ഖാൻ ബി മുഹമ്മദ് ആമിർ 5, യുവരാജ് സിങ് എൽ.ബി.ഡബ്ല്യൂ ഷാദാബ് ഖാൻ 22, ധോണി സി ഇമാദ് വസീം ബി ഹസർ അലി 4, ജാദവ് സി സർഫറാസ് അഹ്മദ് ബി ഷാദാബ് ഖാൻ 9 പാണ്ഡ്യ റണ്ണൗട്ട് 76, ജദേജ സി ബാബർ അസാം ബി ജുനൈദ് ഖാൻ 15, അശ്വിൻ സി സർഫറാസ് അഹ്മദ് ബി ഹസൻ അലി 1, ഭുവനേശ്വർ കുമാർ നോട്ടൗട്ട് 1, ബുംറ സി സർഫറാസ് അഹ്മദ് ബി ഹസൻ അലി 1. വിക്കറ്റ് വീഴ്ച: 1-0, 2-6, 3-33, 4-54, 5-54, 6-72, 7-152, 8-156, 9-156.
ബൗളിങ്: മുഹമ്മദ് ആമിർ 6 2 16 3, ജുനൈദ് ഖാൻ 6 1 20 1, മുഹമ്മദ് ഹഫീസ് 1 0 13 0, ഹസൻ അലി 6.3 1 19 3, ഷാദാബ് ഖാൻ 7 0 60 2 , ഫഖർ സമാൻ 33 0 25 0
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.