വീണ്ടും മഴ: പാക് വിജയലക്ഷ്യം 41 ഓവറിൽ 289 റൺസ്
text_fieldsബിർമിങ്ഹാം: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെൻറിൽ പാക് വിജയലക്ഷ്യം 41 ഓവറിൽ 289 റൺസ് ആയി പുന:ക്രമീകരിച്ചു. മൂന്നാം തവണയും മഴ കളിമുടക്കാനെത്തിയപ്പോഴാണ് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം പുന:ക്രമീകരിച്ചത്. തുടക്കം മുതൽ ഭീഷണിയായി നിലനിൽക്കുന്ന മഴ കളിയുടെ രസം കളഞ്ഞെങ്കിലും ഇന്ത്യൻ ബാറ്റ്സ്മാൻമാർ ക്രീസിൽ വെടിക്കെട്ട് തീർത്തു. 48 ഓവറാക്കി ചുരുക്കിയ മൽസരത്തിൽ പാകിസ്താന് 324 റൺസാണ് നേരത്ത വിജയലക്ഷ്യമാക്കിയത്. മറുപടി ബാറ്റിനിറങ്ങിയ പാകിസ്താൻ 4.5 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 24 റൺസെടുത്തു നിൽക്കെ വീണ്ടും മഴ കളിമുടക്കി. മഴക്ക് ശേഷം കളി തുടർന്ന പച്ചപ്പടക്ക് അഹ്മദ് ഷെഹ്സാദിൻറെ (12) വിക്കറ്റ് നഷ്ടപ്പെട്ടു.9.4 ഒാവറിൽ പാകിസ്താൻ 51 റൺസെടുത്തിട്ടുണ്ട്.
മത്സരത്തിൽ ഒാപണർമാരായ രോഹിത് ശർമ (91), ശിഖർ ധവാൻ (68), ക്യാപ്റ്റൻ വിരാട് കോഹ്ലി (81), യുവരാജ് സിങ് (53) തുടങ്ങിയവരുടെ അർധസെഞ്ച്വറി മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോറിലെത്തിയത്. ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ മൈതാനത്ത് ബാറ്റിങ് പിച്ചായിരുന്നിട്ടും ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്തതു മുതൽ പാകിസ്താൻ ക്യാപ്റ്റൻ സർഫറാസ് അഹ്മദിന് പിഴവുപറ്റി. രോഹിത് ശർമ-ശിഖർ ധവാൻ ഒാപണിങ് കൂട്ടുകെട്ട് പൊളിക്കാൻതന്നെ പാകിസ്താന് കാത്തിരിക്കേണ്ടിവന്നത് 25ാം ഒാവർ വരെയാണ്. കരുതിക്കളിച്ച ഇവർ ഒാപണിങ് വിക്കറ്റിൽ 136 റൺസിെൻറ പാട്ണർഷിപ് പടുത്തുയർത്തി. പതിയെത്തുടങ്ങിയ ഇരുവരും ബൗളർമാരെ നല്ലവണ്ണം മനസ്സിലാക്കിയാണ് പ്രതിരോധിച്ചത്. ആദ്യ 15 ഒാവറിൽ ഇന്ത്യയുടെ സ്കോർ 66 റൺസായിരുന്നു. പതിയെ ധവാനെ ഒരറ്റത്ത് നിർത്തി രോഹിത് ശർമ സ്കോറിങ്ങിന് വേഗംകൂട്ടി. ഒടുവിൽ ശാദാബ് ഖാനെ സിക്സറിന് പറത്തി നാളുകൾക്കുശേഷം ഇന്ത്യയുടെ ഒാപണിങ്ങിലേക്ക് തിരിച്ചെത്തിയ രോഹിത് ശർമ ഏകദിനത്തിലെ 30ാം അർധസെഞ്ച്വറി നേടി.
തൊട്ടുപിന്നാലെ 20ാം ഒാവറിൽ ശിഖർ ധവാനും അർധസെഞ്ച്വറി നേടി. അപ്പോഴും ഇന്ത്യയുടെ സ്കോർ 110 റൺസ് മാത്രമായിരുന്നു. 24.3 ഒാവറിൽ ശാദാബ് 136 റൺസിെൻറ ഒാപണിങ് കൂട്ടുകെട്ട് പൊളിച്ചു. ശാദാബിെന സിക്സറിന് പറത്താനുള്ള ധവാെൻറ (68) ശ്രമം ബൗണ്ടറിക്കരികിലുണ്ടായിരുന്ന അസ്ഹർ അലിയുടെ കൈകളിലൊതുങ്ങുകയായിരുന്നു. ബാറ്റുമായെത്തിയ കോഹ്ലിയും ശർമയെ കൂട്ടുപിടിച്ച് വിക്കറ്റ് കളയാതെ സ്കോർ ഉയർത്തി. സെഞ്ച്വറിക്കരികെ നിൽക്കവെ രോഹിത് ശർമ (91) റണ്ണൗട്ടായി മടങ്ങി. അപ്പോഴും ഇന്ത്യ 300 കടക്കുമെന്ന് പാക് ആരാധകർ പോലും വിചാരിച്ചിരുന്നില്ല.
എന്നാൽ, പിന്നീടാണ് തിരക്കഥ മാറുന്നത്. വെടിക്കെട്ടുവീരൻ യുവരാജ് സിങ് ഇറങ്ങിയതോടെ ഇന്ത്യൻ സ്കോറിന് വേഗംകൂടി. അതിനിടക്ക് കോഹ്ലിയെയും യുവരാജിനെയും ഒാരോ തവണ വിട്ടുകളഞ്ഞതിന് പാകിസ്താൻ നൽകേണ്ടിവന്ന വില വലുതായിരുന്നു. യുവരാജ് 32 പന്തിൽ 53 റൺസെടുത്തപ്പോൾ, കോഹ്ലി 68 പന്തിൽ അടിച്ചുകൂട്ടിയത് 81 റൺസ്. ഇരുവരും തുടങ്ങിവെച്ച വെടിക്കെട്ടിന് സമാപനം കുറിക്കാൻ രംഗത്തെത്തിയ ഹാർദിക് പാണ്ഡ്യ മൂന്ന് സിക്സുൾപ്പെടെ ആറു പന്തിൽ 20 റൺസ്. ഇതോടെ മുന്നൂറും കടന്ന് ഇന്ത്യൻ സ്കോർ കുതിച്ചു. മികച്ച ബൗളറായ മുഹമ്മദ് ആമിറും വഹാബ് റിയാസും പരിക്കുപറ്റി തിരികെ പോവേണ്ടിവന്നതും പാക് ക്യാപ്റ്റെൻറ കണക്കുകൂട്ടൽ തെറ്റിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.