ധവാനും കോഹ്ലിയും തിളങ്ങി; ദക്ഷിണാഫ്രിക്കയെ തോൽപിച്ച് ഇന്ത്യ സെമിയിൽ
text_fieldsലണ്ടൻ: ബൗളിങ്ങിലും ബാറ്റിങ്ങിലും എ പ്ലസ് മാർക്കുവാങ്ങിയ കോഹ്ലിക്കും സംഘത്തിനും രാജകീയ സെമിഫൈനൽ പ്രവേശനം. ചാമ്പ്യൻസ് ട്രോഫി ഗ്രൂപ് ബിയിലെ അവസാന മത്സരത്തിൽ േകളികേട്ട ദക്ഷിണാഫ്രിക്കൻ നിരയെ എട്ടു വിക്കറ്റിന് തകർത്താണ് ഇന്ത്യയുടെ ജൈത്രയാത്ര. സെമിയിൽ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ഫീൽഡിങ് തെരഞ്ഞെടുക്കാനുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തീരുമാനം നെഞ്ചിലേറ്റി ബൗളർമാരും മൂന്നുപേരെ റണ്ണൗട്ടാക്കി ഫീൽഡർമാരും ദക്ഷിണാഫ്രിക്കയെ 191 റൺസിന് ഒതുക്കിയപ്പോൾ ഒാപണർ ശിഖർ ധവാെൻറയും (78) ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും (76*) ബാറ്റിങ് മികവിൽ ഇന്ത്യ വിജയലക്ഷ്യം അനായാസം മറികടന്നു. 38ാം ഒാവറിലെ അവസാനപന്തിൽ ഡുമിനിയെ സിക്സറിന് പറത്തി യുവരാജ് സിങ് വിജയം വർണാഭമാക്കി. ജസ്പ്രീത് ബുംറയാണ് മാൻഒാഫ് ദ മാച്ച്. രോഹിത് ശർമ 12ഉം യുവരാജ് സിങ് 23ഉം റൺസെടുത്തു. സ്കോർ-ദക്ഷിണാഫ്രിക്ക: 191 (44.3), ഇന്ത്യ: 193/2 (38).

ദക്ഷിണാഫ്രിക്കയുടെ ചെറിയ സ്കോറിനെതിരെ ബാറ്റുവീശിയ ഇന്ത്യയുടെ ഒാപൺ രോഹിത് ശർമയെ അഞ്ചാം ഒാവറിൽ മോർക്കൽ പുറത്താക്കിയപ്പോൾ നീലപ്പടയും തകരുമെന്ന് തോന്നിച്ചെങ്കിലും ധവാൻ-കോഹ്ലി സഖ്യം ആശങ്കകൾ അസ്ഥാനത്താക്കി വിജയ തീരത്തേക്കെത്തിക്കുകയായിരുന്നു. രണ്ടാം വിക്കറ്റിൽ 128 റൺസിെൻറ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്.

ആദ്യ മൂന്ന് ബാറ്റ്സ്മാന്മാർ ഇന്ത്യൻ ബൗളിങ്ങിനുമുന്നിൽ പിടിച്ചുനിന്നതൊഴിച്ചാൽ ബാക്കിയുള്ളവരെല്ലാം അേമ്പ പരാജയമായി മാറിയതോടെ ഇന്ത്യക്കുമുന്നിൽ ഡിവില്ലിയേഴ്സും സംഘവും 200 കടക്കാതെ കൂടാരം കയറുകയായിരുന്നു. കണക്കുകൂട്ടലില്ലാതെ റൺസിനായി ഒാടിയ ദക്ഷിണാഫ്രിക്കൻ നിരയിെല മൂന്ന് വിലപ്പെട്ട വിക്കറ്റുകളാണ് റണ്ണൗട്ടിലൂടെ ഇന്ത്യ നേടിയത്. ഒാപണർമാരായ ഹാഷിം ആംലയും ക്വിൻറൺ ഡികോക്കും മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കക്ക് നൽകിയത്. ഒന്നാം വിക്കറ്റിൽ 76 റൺസിെൻറ പാർട്ണർഷിപ്പുമായി നിൽക്കവെ അശ്വിനാണ് ഇന്ത്യക്ക് വഴിത്തിരിവേകിയ വിക്കറ്റ് സമ്മാനിക്കുന്നത്. 17ാം ഒാവറിലെ മൂന്നാം ബൗളിൽ അശ്വിനെ അടിക്കാനുള്ള ആംലയുടെ ശ്രമം ബാറ്റിൽ തട്ടി ധോണിയുടെ കൈകളിൽ അവസാനിച്ചു.

അർധസെഞ്ച്വറിയുമായി നിലയുറപ്പിക്കവെ ഡികോക്കിനെ (53) ജദേജയും പറഞ്ഞയച്ചതോടെ ദക്ഷിണാഫ്രിക്കയുടെ പതനം തുടങ്ങി. രണ്ടിന് 116 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക, പിന്നീട് 75 റൺസെടുക്കുന്നതിനിടയിൽ എട്ടുവിക്കറ്റുകൾ കളഞ്ഞുകുളിച്ചു. ഡുെപ്ലസിസിനൊപ്പം ധാരണയില്ലാതെ റണ്ണിനായി ഒാടിയ ഡിവില്ലിയേഴ്സ് (16) ധോണിയുടെ സ്റ്റംപിങ് വീര്യം നന്നായി അറിഞ്ഞാണ് സ്ഥലംവിട്ടത്. ക്രീസിലെത്തിയ ഡേവിഡ് മില്ലറിനെയും (1) ഡുെപ്ലസിസ് തന്നെ ‘റണ്ണൗട്ടാക്കി’. പിന്നീട് ഡുമിനി (20*) പുറത്താകാതെ നിന്നതൊഴിച്ചാൽ രണ്ടക്കം കാണാതെ ഏല്ലാവരും പുറത്തായി. ഇന്ത്യക്കായി ഭുവനേശ്വറും ബുംറയും രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ, അശ്വിൻ, പാണ്ഡ്യ, ജദേജ എന്നിവർ ഒാരോ വിക്കറ്റും വീഴ്ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.