സിംബാവെ ക്രിക്കറ്റ് ബോർഡിനെ ഐ.സി.സി പുറത്താക്കി
text_fieldsലണ്ടൻ: സിംബാവെ ക്രിക്കറ്റ് ബോർഡിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്താക്കി. ലണ്ടനിൽ ചേർന്ന വാർഷിക യോഗത്തിലാണ് തീരുമാനം. ക്രിക്കറ്റ് ബോർഡിലെ അമിതമായ രാഷ്ട്രീയ ഇടപെടലുകൾ തടയാൻ അധികൃതർക്കായില്ലെന്ന് ഐ.സി.സി വിലയിരുത്തി.
ഐ.സി.സി പുറത്താക്കിയതോടെ സിംബാവെക്കുള്ള ക്രിക്കറ്റ് ഫണ്ടിങ് നിലയ്ക്കും. ഐ.സി.സി സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ ടീമിന് പങ്കെടുക്കാനും സാധിക്കില്ല. ഇതോടെ ഈ വർഷം ഒക്ടോബറിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പിൽ ടീം പങ്കെടുക്കുന്നത് സംശയത്തിലായി.
ഐ.സി.സി നിയമങ്ങളുടെ ലംഘനമാണ് സിംബാവെ ക്രിക്കറ്റ് ബോർഡിൽ നടക്കുന്നതെന്നും രാഷ്ട്രീയ ഇടപെടലുകളിൽ നിന്നും ക്രിക്കറ്റിനെ മാറ്റിനിർത്തണമെന്നാണ് നിലപാടെന്നും ഐ.സി.സി അധ്യക്ഷൻ ശശാങ്ക് മനോഹർ പറഞ്ഞു.
ഐ.സി.സി നിയമങ്ങളുടെ ഗുരുതരമായ ലംഘനം സിംബാവെയിൽ നടന്നിട്ടുണ്ട്. എന്നാൽ, നിയമങ്ങൾ അനുസരിച്ചുകൊണ്ട് സിംബാവെ ക്രിക്കറ്റ് ബോർഡ് മുന്നോട്ടു പോകണമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.