പാകിസ്താനെ 203 റൺസിന് തകർത്ത് ഇന്ത്യ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ
text_fieldsക്രൈസ്റ്റ് ചർച്ച്: അണ്ടർ 19 ലോകകപ്പ് സെമിയിൽ പാകിസ്താനെ 203 റൺസിന് തകർത്ത് ഇന്ത്യ ൈഫനലിൽ. ഇന്ത്യ ഉയർത്തിയ 272 റൺസ് പിന്തുടർന്ന അയൽക്കാരെ ദ്രാവിഡിെൻറ യുവനിര 69 റൺസിന് പുറത്താക്കുകയായിരുന്നു. ക്രൈസ്റ്റ് ചർച്ചിൽ നടന്ന മത്സരത്തിൽ സർവ്വ മേഖലയിലും ഇന്ത്യക്കായിരുന്നു ആധിപത്യം. ഫെബ്രുവരി മൂന്നിന് നടക്കുന്ന ഫൈനലിൽ കരുത്തരായ ആസ്ത്രേലിയയാണ് നീലപ്പടയുടെ എതിരാളികൾ. ഇത് ആറാം തവണയാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. മൂന്ന് തവണ ജേതാക്കളായ ആസ്ട്രേലിയയും ഇന്ത്യയും നാലാം കിരീടമാണ് ലക്ഷ്യമിടുന്നത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാമനായി ഇറങ്ങിയ ശുഭ്മാൻ ഗിലിെൻറ തകർപ്പൻ സെഞ്ച്വറിയായിരുന്നു ഇന്ത്യയെ മികച്ച സ്കോറുയർത്താൻ സഹായിച്ചത്. 94 പന്തിൽ ഏഴ് ബൗണ്ടറികളടങ്ങുന്നതാണ് ഗിലിെൻറ സെഞ്ച്വറി. ആദ്യ വിക്കറ്റിൽ നായകൻ പൃഥ്വി ഷായും മഞ്ജോത് കൾറെയും ചേർന്ന് നേടിയ 89 റൺസും നിർണായകമായി.
ഇന്ത്യ ഉയർത്തിയ വലിയ ലക്ഷ്യം പിന്തുടർന്ന പാകിസ്താന് തുടക്കം തന്നെ പിഴക്കുന്ന കാഴ്ചയായിരുന്നു ക്രൈസ്റ്റിൽ കണ്ടത്. ആറ് ഒാവറിൽ 17 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് പിഴുത ഇഷാൻ പോറൽ, രണ്ട് വീതം വിക്കറ്റുകളെടുത്ത ഷിവ സിങ്, റിയാൻ പരാഗ് എന്നിവരുടെ ബൗളിങ്ങിൽ നിരന്തരമായി പാക് ബാറ്റ്സ്മാൻമാർ പവലിയനിലേക്ക് തിരിച്ച് പോയി. പാകിസ്താന് വേണ്ടി രണ്ടക്കം കടന്നത് മൂന്ന് ബാറ്റ്സ്മാൻമാർ മാത്രം. രൊഹാലി നാസിർ (18), സാദ് ഖാൻ (15), വാലറ്റത്ത് മുഹമ്മദ് മൂസ (11) എന്നിവർക്ക് മാത്രമാണ് അൽപമെങ്കിലും പിടിച്ചു നിൽക്കാനായത്.
അണ്ടർ 19 ലോകകപ്പിൽ പാകിസ്താനെതിരെ സെമി ഫൈനലിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ജയമാണിത്. 2012, 2014 വർഷങ്ങളിലും ഇന്ത്യ പാകിസ്താനെ തോൽപിച്ചിരുന്നു. അണ്ടർ 19 ലോകകപ്പ് ചരിത്രത്തിലെ അഞ്ചാമത്തെ ഏറ്റവും ഉയർന്ന വിജയമാണ് ഇന്നത്തേത്. 2004ൽ സ്കോട്ട് ലാൻഡിനെ 270 റൺസിന് തോൽപിച്ച ഇന്ത്യ തന്നെയാണ് ഇക്കാര്യത്തിൽ ഒന്നാമത്.
നേരത്തെ അഫ്ഗാനിസ്താനെ തകർത്താണ് ആസ്ത്രേലിയ ഫൈനലിൽ കടന്നത്. ന്യൂസിലാൻറിനെതിരെ നേടിയ 309 റൺസ് പ്രകടനം തുടരാനാവാതെ അഫ്ഗാൻ 181ന് പുറത്താവുകയായിരുന്നു. കുറഞ്ഞ സ്കോർ പിന്തുടർന്ന ഒാസീസ് എളുപ്പം ജയം സ്വന്തമാക്കി. മികച്ച ഫോമിലുള്ള ഒാസീസിനെ പിടിച്ച് കെട്ടാൻ ഇന്ത്യയുടെ ചുണക്കുട്ടികൾ നന്നായി വിയർക്കേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.