ക്രിക്കറ്റ് @ഡൗൺ അണ്ടർ
text_fieldsന്യൂഡൽഹി: ഓസീസ് മണ്ണിൽ വീണ്ടും ജൈത്രയാത്രക്ക് കോഹ്ലിപ്പടക്ക് ഒരുങ്ങാം. ഇന്ത്യക്കെതിരായ നാലു ടെസ്റ്റുകളടങ്ങിയ പരമ്പര കൂടി ഉൾപ്പെടുത്തി ക്രിക്കറ്റ് ആസ്ട്രേലിയ അടുത്ത സീസണിലെ ആഭ്യന്തര മത്സരങ്ങളുടെ സമയക്രമം പുറത്തുവിട്ടതോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് വൈകിയാണെങ്കിലും വീണ്ടും ജീവൻ വെക്കുന്നത്. ഡിസംബർ മൂന്നിന് ബ്രിസ്ബെയിനിലാണ് പരമ്പരക്ക് തുടക്കം. ഡിസംബർ 11-15 തീയതികളിൽ അഡ്ലെയ്ഡ് ഓവലിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് പകൽ രാത്രി മത്സരമായിരിക്കും. ഡിസംബർ 26ന് മെൽബണിൽ മൂന്നാമത്തെയും ജനുവരി മൂന്നു മുതൽ ഏഴുവരെ സിഡ്നിയിൽ നാലാമത്തെയും ടെസ്റ്റ് നടക്കും. ആസ്ട്രേലിയൻ പര്യടനത്തിനെത്തുന്ന ഇന്ത്യക്കുമുന്നിൽ തിരക്കിട്ട ഷെഡ്യൂളാണ് കാത്തിരിക്കുന്നത്. ഒക്ടോബറിൽ മൂന്ന് ട്വൻറി20 മത്സരങ്ങളോടെയാകും പര്യടനത്തിന് തുടക്കം.
പകൽ രാത്രി മത്സരമായതിനാൽ രണ്ടാം ടെസ്റ്റ് പിങ്ക് ബാൾ ഉപയോഗിച്ചാകും നടത്തുക. ബംഗ്ലദേശിനെതിരെ കൊൽക്കത്ത ഈഡൻ ഗാൾഡൻസിൽ അടുത്തിടെ പിങ്ക് ബാളുമായി ടെസ്റ്റ് കളിച്ച പരിചയം ഇന്ത്യക്ക് ആനുകൂല്യമാകും. ആദ്യമായാണ് ഇരു ടീമുകളും പിങ്ക് ബാൾ ഉപയോഗിച്ച് ടെസ്റ്റിൽ മുഖാമുഖം വരുന്നത്. പിങ്ക് ബാൾ ടെസ്റ്റുകളിൽ വലിയ വിക്കറ്റ് വേട്ടക്കാരനായ മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യക്കു മുന്നിലെ ആദ്യ കടമ്പ. ഏഴു കളികളിൽ 42 വിക്കറ്റാണ് സ്റ്റാർക്കിെൻറ സമ്പാദ്യം. ഇന്ത്യക്കെതിരെ പന്തെറിയുന്നത് പുതിയ അനുഭവമാകുമെന്ന് താരം പ്രഖ്യാപിച്ചുകഴിഞ്ഞു.
അതേ സമയം, ചുരണ്ടൽ വിവാദത്തിൽ കുടുങ്ങി സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറെയും നഷ്ടമായ 2018ൽ ഇന്ത്യ കംഗാരു മണ്ണിൽ പരമ്പര വിജയം കുറിച്ചിരുന്നു.
ഇരുവർക്കുമൊപ്പം ടീമും കരകയറിയ ആസ്ട്രേലിയ ഇപ്പോൾ ശക്തമായ നിലയിലാണ്. അവരുടെ മണ്ണിൽ അവരെ വീഴ്ത്താനായാൽ വിമർശകർക്ക് മറുപടി പറയാൻ കോഹ്ലിപ്പടക്കാകും. ഇരുടീമുകൾക്കുമിടയിൽ 12 ടെസ്റ്റ് വിജയങ്ങളുമായി ആസ്ട്രേലിയ മൊത്തം റെക്കോഡിൽ ഒരു പടി മുന്നിലാണ്. ഒമ്പതു തവണ ഇന്ത്യ ജയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.