ചിന്നസ്വാമീ കാക്കണേ...
text_fieldsബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ച് ഒരുക്കുന്ന ക്യുറേറ്ററുടെ നെഞ്ചിൽ ഇപ്പോൾ പഞ്ചാരിമേളം തകർക്കുകയാണ്. ആസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ പുണെയിൽ 333 റൺസിെൻറ കൂറ്റൻ തോൽവി ഏറ്റുവാങ്ങിയതുപോലെങ്ങാനും സംഭവിച്ചാൽ ക്യുറേറ്ററെ കിടത്തി ഉറക്കില്ലെന്നത് കട്ടായം. അത്രയും പഴികേൾക്കേണ്ടിവന്നിട്ടുണ്ട് പുണെയിലെ എം.സി.എ സ്റ്റേഡിയത്തിലെ പിച്ച് ക്യുറേറ്റർക്ക്. രണ്ടരദിവസംകൊണ്ടാണ് ഒാസീസിെൻറ ശരാശരി പോന്ന സ്പിന്നർമാർ ഇന്ത്യയുടെ കട്ടയും പടവും മടക്കിയത്.
പുണെ ദുരന്തം മുന്നിൽകണ്ട് പിച്ചൊരുക്കുന്ന കാര്യപരിപാടി രണ്ടാം ടെസ്റ്റിന് വേദിയാകുന്ന ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ പുരോഗമിക്കുന്നതായാണ് വിവരം. സ്പിൻ എന്ന വജ്രായുധം ചുഴറ്റി ഒാസീസിനെ വീഴ്ത്താനായിരുന്നു പുണെയിൽ ഇന്ത്യയുടെ പ്ലാൻ. പക്ഷേ, പണി തിരിഞ്ഞുകൊത്തിയപ്പോൾ ഇന്ത്യ വാലുമടക്കുകയായിരുന്നു.
നിലത്തുകുത്തിയ പന്ത് വെട്ടിത്തിരിഞ്ഞ പുണെയിലെ പിച്ചിൽ പേരുകേട്ട ഇന്ത്യൻ സ്പിന്നർമാർക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാതെ വന്നപ്പോൾ സ്റ്റീവ് ഒകീഫെ എന്ന ശരാശരി സ്പിന്നർ 12 ഇന്ത്യൻതലകൾ അരിഞ്ഞിട്ടു.മത്സരം തുടങ്ങുന്നതിന് നാലു ദിവസം മുമ്പുതന്നെ പുണെയിലെ പിച്ച് നനയ്ക്കുന്ന പണി നിർത്തിയിരുന്നു. സ്പിന്നിനെ അകമഴിഞ്ഞ് പിന്തുണക്കുന്നതിനായിരുന്നു ഇൗ ‘കടുംകൈ’ ചെയ്തത്. അതോടെ ടോസ് നിർണായകമാവുകയും നാണയം കങ്കാരുപ്പെട്ടിയിൽ വീഴുകയും അവർ ആദ്യം ബാറ്റു ചെയ്യുകയുമാണുണ്ടായത്.പണ്ടേക്കുപണ്ടേ സ്പിന്നിന് പേരുകേട്ട പിച്ചാണ് ബംഗളൂരുവിലേത്. ആദ്യം സാവധാനം തിരിയുന്ന പന്ത് രണ്ടു ദിവസം കഴിയുേമ്പാഴാണ് സ്പിന്നർമാരുടെ വിരൽത്തുമ്പിനൊത്തു വഴങ്ങിക്കൊടുക്കുന്നത്. ആ രീതി നിലനിർത്താൻ പിച്ച് ഇപ്പോൾ കാര്യമായി നനച്ചുകൊണ്ടിരിക്കുകയാണ്. മത്സരത്തിന് രണ്ടു ദിവസം മുമ്പുവരെ ഇൗ പണി തുടർന്നാൽ ചിന്നസ്വാമിയുടെ സ്ഥിരം സ്വഭാവം നിലനിർത്താനാകുമെന്നാണ് ക്യുറേറ്റർമാരുടെ അനുഭവം.
രണ്ടു ദിവസംകൊണ്ട് അവസാനിക്കുന്ന ടെസ്റ്റിനായല്ല തങ്ങൾ പിച്ചൊരുക്കിയിരിക്കുന്നതെന്ന് കർണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ) സെക്രട്ടറി ആർ. സുധാകർ റാവു പറയുന്നു. അഞ്ചു ദിവസവും കളിക്കാൻ പാകത്തിലുള്ള സ്പോർട്ടിങ് വിക്കറ്റാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്നാണ് അദ്ദേഹത്തിെൻറ പക്ഷം. ഇന്ത്യൻ ടീം ഇതുവരെ ഇവിടെയെത്തിയിട്ടില്ല. അവർ എത്തിയശേഷം നിർദേശം നൽകിയാൽ അതിനനുസരിച്ച് മാറ്റങ്ങൾ വരുത്തുമെന്നും സുധാകർ റാവു.2015 നവംബറിലാണ് ഇന്ത്യ ഇവിടെ അവസാനമായി ടെസ്റ്റ് കളിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരം മഴകാരണം ഒറ്റ ദിവസം മാത്രമേ നടന്നുള്ളൂ. ആദ്യ ദിവസംതന്നെ ദക്ഷിണാഫ്രിക്കയെ 214 റൺസിന് പുറത്താക്കിയ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 80 റൺസിൽ നിൽക്കുേമ്പാഴായിരുന്നു മഴ മുടക്കിയത്.
തുടർന്ന്, മഴവെള്ളം വേഗത്തിൽ നീക്കംചെയ്യാൻ ആവശ്യമായ ആധുനിക സജ്ജീകരണങ്ങൾ ഏർപ്പെടുത്തി സ്റ്റേഡിയം നവീകരിച്ചിരുന്നു. അതിനുശേഷം ആദ്യമായാണ് ഇവിടെ ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നത്.ഏറ്റവും ഒടുവിൽ ഒാസീസിനെതിരെ ചിന്നസ്വാമിയിൽ ഇന്ത്യ ടെസ്റ്റ് കളിച്ചത് ഏഴു വർഷം മുമ്പായിരുന്നു. അന്ന് വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
ചിന്നസ്വാമിയിലെ ടെസ്റ്റ് റെക്കോഡിൽ ഇന്ത്യക്ക് വലിയ മുൻതൂക്കമൊന്നുമില്ല. 21 ടെസ്റ്റുകളിൽ ആറ് ജയവും ആറ് തോൽവിയും ഒമ്പത് സമനിലയുമാണ് ഫലം. അതിൽ ഒാസീസിനെതിരായ മത്സരങ്ങളിൽ മുൻതൂക്കം കങ്കാരുക്കൾക്കൊപ്പമാണ്. അഞ്ച് ടെസ്റ്റുകളിൽ ഒന്നിൽ മാത്രം ഇന്ത്യ വിജയിച്ചേപ്പാൾ രണ്ടെണ്ണം ആസ്േട്രലിയ സ്വന്തമാക്കി. രണ്ടെണ്ണം സമനിലയിൽ കലാശിച്ചു.ബംഗളൂരുവിലെ പിച്ച് തങ്ങൾ ആകാംക്ഷയോടെ ഉറ്റുനോക്കുന്നതായി ഒാസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് പറയുന്നു. ‘‘പുണെയിൽ ഇന്ത്യക്കനുകൂലമായ പിച്ചാണ് ഒരുക്കിയത്. പക്ഷേ, ആ അവസരം ഞങ്ങൾ മുതലാക്കി. ബംഗളൂരുവിലും ഇന്ത്യക്കനുകൂലമായ പിച്ചായിരിക്കും ഒരുക്കുക എന്നുറപ്പാണ്. ഞങ്ങൾ ധീരമായി പോരാടും’’ ^ആത്മവിശ്വാസത്തിെൻറ അമരത്തുനിന്ന് സ്മിത്ത് പറയുേമ്പാൾ ചങ്കിടിപ്പേറുന്നത് ഇന്ത്യൻ ക്യാപ്റ്റൻ കോഹ്ലിയുടേതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.