ജയം ആധികാരികമാക്കാൻ ഇംഗ്ലണ്ട്; പരാജയഭാരം കുറക്കാൻ ഇന്ത്യ
text_fieldsലണ്ടൻ: വിദേശത്ത് കളിച്ച മികച്ച ഇന്ത്യൻ ടീമാണിതെന്നാണ് കോച്ച് രവി ശാസ്ത്രിയുടെ അവകാശവാദം. അവസാന രണ്ട് വിദേശ ടെസ്റ്റ് പരമ്പരകളിലും തോറ്റെങ്കിലും മികച്ച കളിയാണ് ടീം കെട്ടഴിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് വിരാട് കോഹ്ലിയെയും സംഘത്തെയും കോച്ച് പുകഴ്ത്തുന്നത്. അത് ഭാഗികമായെങ്കിലും ശരിവെക്കണമെങ്കിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ജയം നേടിയേ തീരൂ ടീം ഇന്ത്യക്ക്. അങ്ങനെയെങ്കിൽ പരമ്പരയിലെ തോൽവി 3-2 ആയി കുറക്കാം. അല്ലെങ്കിൽ 4-1െൻറ നാണംകെട്ട േപ്രാഗ്രസ് കാർഡുമായിട്ടാവും നാട്ടിലേക്ക് വിമാനം കയറേണ്ടിവരുക. ഇന്ത്യ തോറ്റ മൂന്ന് ടെസ്റ്റുകളിൽ ലോർഡ്സിലെ രണ്ടാം മത്സരത്തിൽ മാത്രമാണ് നിരുപാധികം കീഴടങ്ങിയത്. ട്രെൻറ് ബ്രിഡ്ജിലെ മൂന്നാം ടെസ്റ്റിൽ ആധികാരിക ജയം നേടുകയും ചെയ്തു. എഡ്ജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റിലും സതാംപ്ടണിലെ നാലാം ടെസ്റ്റിലും ജയിക്കാവുന്ന ഘട്ടത്തിലെത്തിയേശഷം ബാറ്റിങ് നിരയുടെ പിഴവ് കൊണ്ടുമാത്രം പരാജയമേറ്റുവാങ്ങുകയായിരുന്നു. നിർണായക ഘട്ടങ്ങളിൽ ബാറ്റിങ് തകർന്നതും തുടക്കത്തിലെ മികച്ച പ്രകടനത്തിനുശേഷം താഴേത്തട്ടിലെ ബാറ്റ്സ്മാന്മാരെ പുറത്താക്കുന്നതിൽ ബൗളർമാർ പരാജയപ്പെട്ടതുമാണ് ഇന്ത്യക്ക് വിനയായത്.
ഇലവനിൽ മാറ്റമുണ്ടാകുമോ?
ഒാവലിൽ അവസാന പോരാട്ടത്തിനിറങ്ങുേമ്പാൾ ജയം മാത്രമാണ് കോഹ്ലിയുടെ മനസ്സിൽ. അതിനായി ടീമിൽ മാറ്റങ്ങൾ വരുത്താൻ നായകൻ തയാറായേക്കുമെന്നാണ് സൂചന. താൻ നായകനായുള്ള ആദ്യ 38 ടെസ്റ്റുകളിൽ 38 ഇലവനെ പരീക്ഷിച്ച കോഹ്ലി ആദ്യമായി അതിന് മാറ്റംവരുത്തിയത് കഴിഞ്ഞ കളിയിലായിരുന്നു. അത് ഫലം ചെയ്തതുമില്ല. അവസാന രണ്ട് ടെസ്റ്റുകൾക്കായി ടീമിലെത്തിയ ഒാപണർ പൃഥ്വി ഷായും ഹനുമ വിഹാരിയും കളത്തിലിറങ്ങുമോ എന്നതാണ് പ്രധാന ചോദ്യം. ഒാപണർമാരായ ലോകേഷ് രാഹുലും ശിഖർ ധവാനും ഒട്ടും ഫോമിലല്ലാത്തതിനാൽ ഇവരിലൊരാൾക്കുപകരം 18കാരൻ ഷാ ഇറങ്ങിയാൽ അത്ഭുതമില്ല. മൂന്നാം ടെസ്റ്റിലെ അർധ സെഞ്ച്വറിയും അഞ്ച് വിക്കറ്റും ഒഴിച്ചുനിർത്തിയാൽ കാര്യമായൊന്നും ചെയ്യാനാവാതിരുന്ന ഒാൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് പകരം മധ്യനിര ബാറ്റ്സ്മാനായ വിഹാരി ഇറങ്ങാനും സാധ്യത നിലനിൽക്കുന്നു. അല്ലെങ്കിൽ നേരത്തേ തന്നെ ടീമിലുള്ള കരുൺ നായർക്ക് അവസരംനൽകാനും സാധ്യതയുണ്ട്.
സ്പിന്നർ രവിചന്ദ്ര അശ്വിെൻറ കാര്യമാണ് തുലാസിലാടുന്ന മറ്റൊന്ന്. ഇംഗ്ലണ്ടിെൻറ പാർട്ട്ടൈം ഒാഫ് സ്പിന്നർ മുഇൗൻ അലി ഇന്ത്യൻ ബാറ്റിങ് നിരയിലൂടെ തേരോട്ടം നടത്തിയ കളിയിൽ ലോകത്തെ മികച്ച ഒാഫ് സ്പിന്നറെന്ന് വിശേഷണമുള്ള അശ്വിന് ഒന്നും ചെയ്യാനായിരുന്നില്ല. മത്സരത്തിന് മുന്നോടിയുള്ള നെറ്റ് പ്രാക്ടീസ് സൂചനയാണെങ്കിൽ അശ്വിെൻറ സ്ഥാനത്ത് രവീന്ദ്ര ജദേജ പരമ്പരയിൽ ആദ്യമായി കളത്തിലിറങ്ങും. ഏഷ്യാ കപ്പ് മുൻനിർത്തി പേസർ ജസ്പ്രീത് ബുംറക്ക് വിശ്രമം നൽകാനുള്ള സാധ്യതയും ടീം മാനേജ്മെൻറുമായുള്ള അടുത്തവൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ബുംറ ഇല്ലെങ്കിൽ ഉമേഷ് യാദവോ ശാർ
ദുൽ ഠാകുറോ കളിക്കും.
ഇംഗ്ലണ്ട് നിരയിൽ അവസാന ടെസ്റ്റിനിറങ്ങുന്ന അലസ്റ്റയർ കുക്കിനൊപ്പം ഫോമില്ലാത്ത കീറ്റൺ ജെന്നിങ്സ് തന്നെ ഒാപണിങ്ങിനിറങ്ങും. പ്രധാന പേസ് ബൗളർമാരായ ജെയിംസ് ആൻഡേഴ്സൺ, സ്റ്റുവാർട്ട് ബ്രോഡ് എന്നിവരിൽ ഒരാൾക്ക് വിശ്രമം നൽകിയേക്കും. പരിക്കുമാറിയെത്തുന്ന ക്രിസ് വോക്സാകും പകരം ഇറങ്ങുക. നാലാം ടെസ്റ്റിൽ ഇറങ്ങി നിർണായക പ്രകടനം കാഴ്ചവെച്ച മുഇൗൻ അലി, സാം കറൻ എന്നിവർ സ്ഥാനം നിലനിർത്തും. ആൻഡേഴ്സണും ബ്രോഡും വോക്സും കളിക്കുകയാണെങ്കിൽ ലെഗ് സ്പിന്നർ ആദിൽ റഷീദാവും വഴിമാറേണ്ടിവരുക.
കുക്കിന് അവസാന അങ്കം
ഇംഗ്ലണ്ട് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാനാേണാ അലസ്റ്റയർ നഥാൻ കുക്ക്? 33 വയസ്സ് എന്നത് ഒരു ക്രിക്കറ്റ് താരത്തിന്, പ്രത്യേകിച്ച് ബാറ്റ്സ്മാന് വിരമിക്കാനുള്ള പ്രായമാണോ? ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയതിനുപിന്നാലെ കുക്ക് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് പടിയിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചതുമുതൽ ഇംഗ്ലണ്ടിൽ അരങ്ങേറുന്ന ചർച്ചകളാണിത്. അതിെൻറ പര്യവസാനം എന്തായാലും ആധുനിക ക്രിക്കറ്റ് കണ്ട മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളാണ് കുക്ക് എന്നതിൽ ആർക്കും സംശയമുണ്ടാവില്ല. ആ ബാറ്റിൽനിന്ന് പിറവിയെടുത്ത റൺസും അത് ടീമിന് നൽകിയ സംഭാവനകളും തന്നെ അതിന് തെളിവ്.
12 വർഷങ്ങൾക്കിടെ 160 ടെസ്റ്റുകൾ. അതിൽ 158 എണ്ണവും തുടർച്ചയായ മത്സരങ്ങൾ. 2006ൽ നാഗ്പുരിൽ ഇന്ത്യക്കെതിരെ സെഞ്ച്വറിയുമായി ടെസ്റ്റിൽ അരങ്ങേറിയ കുക്ക് അതേ എതിരാളികൾക്കെതിരെ തന്നെയാണ് അവസാനമായി ബാറ്റെടുക്കുന്നത് എന്നത് യാദൃച്ഛികമാവാം. അരങ്ങേറ്റ പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ അസുഖംമൂലം വിട്ടുനിന്നതിനുശേഷം ഇംഗ്ലണ്ട് കളത്തിലിറങ്ങിയ ഒരു ടെസ്റ്റിൽപോലും ഇതുവരെ കുക്കിെൻറ സാന്നിധ്യമില്ലാതിരുന്നിട്ടില്ല. അക്കാര്യത്തിൽ ലോക റെക്കോഡും കുക്കിെൻറ പേരിലാണ്.
തുടർച്ചയായി 153 ടെസ്റ്റ് കളിച്ച ആസ്ട്രേലിയയുടെ അലൻ ബോർഡറാണ് രണ്ടാമത്. 12,254 ടെസ്റ്റ് റൺസ് അക്കൗണ്ടിലുള്ള കുക്ക് അതിൽ 11,627ഉം നേടിയത് ഒാപണറായിട്ടാണ്. അതും ലോക റെക്കോഡ് തന്നെ. ഒാപണറായി 9607 റൺസുള്ള ഇന്ത്യയുടെ സുനിൽ ഗവാസ്കറാണ് രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ടിനുവേണ്ടി നിരവധി റെക്കോഡുകൾ കുക്കിെൻറ പേരിലുണ്ട്. കൂടുതൽ റൺസ്, സെഞ്ച്വറി, മത്സരം എന്നിവയുടേയെല്ലാം അവകാശി കുക്ക് തന്നെ.
സീസണിലെ മോശം ഫോമാണ് കുക്കിനെ വിരമിക്കൽ തീരുമാനത്തിലെത്തിച്ചത്. പ്രായവും ഫിറ്റ്നസും പരിഗണിക്കുകയാണെങ്കിൽ രണ്ട്, മൂന്ന് വർഷം കൂടി അന്താരാഷ്ട്ര ക്രിക്കറ്റിൽ തുടരാമായിരുന്നിട്ടും 33 വയസ്സും 256 ദിവസവുമെത്തിനിൽക്കെ ഇടൈങ്കയൻ ബാറ്റ്സ്മാൻ ബാറ്റ് താഴെ വെക്കുകയാണ്. അവസാന മത്സരം അവിസ്മരണീയമാക്കി മടങ്ങാൻ മാന്യതയുടെ ആൾരൂപമായ കുക്കിന് കഴിയുമോ എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.