പൂജാരക്കും കോഹ്ലിക്കും സെഞ്ച്വറി; ഇന്ത്യ മുന്നേറുന്നു
text_fieldsവിശാഖപട്ടണം: ആത്മവിശ്വാസത്തിന്‍െറ ഗ്രാഫില്‍ കൊമ്പത്ത് നിലയുറപ്പിച്ച ഇന്ത്യയെ രാജ്കോട്ടില്‍ വെച്ച് അങ്കലാപ്പിന്‍െറ പടുകുഴിയിലേക്ക് തള്ളിയിട്ട ഇംഗ്ളണ്ടിന് രണ്ടാം ടെസ്റ്റില്‍ കോഹ്ലിപ്പടയുടെ തിരിച്ചടി. വിജയത്തിലേക്ക് നങ്കൂരമിടാന്‍ തുറമുഖ നഗരമായ വിശാഖപട്ടണത്ത് രണ്ടാം ടെസ്റ്റിനിറങ്ങിയ ഇന്ത്യക്ക് ആവേശകരമായ തുടക്കം.
കരിയറിലെ അമ്പതാം ടെസ്റ്റില്‍ നൂറടിച്ച് തകര്‍ത്തുകളിച്ച വിരാട് കോഹ്ലിയുടെയും (151 നോട്ടൗട്ട്) ചേതോഹരമായി ബാറ്റുവീശിയ ചേതേശ്വര്‍ പുജാരയുടെയും (119) മികവില്‍ ആദ്യദിനം ആതിഥേയര്‍ കുറിച്ചത് നാലു വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സ്. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ കോഹ്ലിയും രവിചന്ദ്ര അശ്വിനുമാണ് (ഒന്ന്) ക്രീസിലുള്ളത്.
ഇംഗ്ളണ്ട് ടീമില്‍ മടങ്ങിയത്തെിയ ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി തിരിച്ചുവരവ് ഗംഭീരമാക്കി. ആരെ തുണക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവാത്ത വിശാഖപട്ടണം ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ അരങ്ങേറ്റ ടെസ്റ്റില്‍ ടോസ് നേടിയ ഉടന്‍ ബാറ്റിങ് തന്നെയായിരുന്നു കോഹ്ലിയുടെ ചോയിസ്. തുടക്കത്തില്‍ വിക്കറ്റ് ബലികൊടുക്കുകയെന്ന പതിവ് ആചാരം വിശാഖപട്ടണത്തും തെറ്റിച്ചില്ല, അക്കൗണ്ട് പോലും തുറക്കാന്‍ അനുവദിക്കാതെ ലോകേഷ് രാഹുലിനെ (പൂജ്യം) സ്റ്റുവാര്‍ട്ട് ബ്രോഡ് മടക്കി.
പരിക്കുമാറിയത്തെിയ രാഹുലിന് കാര്യമായൊന്നും ചെയ്യാനായില്ല. ബ്രോഡിന്‍െറ ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയ നിരുപദ്രവകരമായ പന്തില്‍ ബാറ്റുവെച്ച രാഹുലിനെ മൂന്നാം സ്ളിപ്പില്‍ ബെന്‍ സ്റ്റോക്കാണ് പിടികൂടിയത്. മറുവശത്ത് ആദ്യ ഇന്നിങ്സിലെ സെഞ്ച്വറിക്കാരന്‍ മുരളി വിജയ് മികച്ച ഫോമിലായിരുന്നു. തുടര്‍ച്ചയായ ബൗണ്ടറികളുമായി 20ലത്തെിയ വിജയ്, ആന്‍ഡേഴ്സന്‍െറ ബൗണ്‍സറിന്‍െറ ഗതികിട്ടാതെ ബാറ്റുവെച്ചപ്പോള്‍ ഗ്ളൗസില്‍ തട്ടിയ പന്ത് വീണ്ടും സ്റ്റോക്കിന്‍െറ കൈയില്‍ ഭദ്രം.
22 റണ്‍സിനിടെ ഓപണര്‍മാരെ നഷ്ടപ്പെട്ട് തകര്‍ച്ചയിലായതോടെ മികച്ച മുന്‍തൂക്കം സ്വ്പനം കണ്ട അലിസ്റ്റര്‍ കുക്കിന്‍െറ പ്രതീക്ഷകളെ നിഷ്പ്രഭമാക്കുന്ന കളിയാണ് പിന്നീട് കണ്ടത്. ടീമിനെ കരകയറ്റുകയെന്ന ഭാരിച്ച ഉത്തരവാദിത്തം ഇത്തവണയും ഭംഗിയായി നിറവേറ്റിയ കോഹ്ലിക്ക് കരുത്തായത് പുജാര. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും പടുത്തുയര്‍ത്തിയ 226 റണ്‍സാണ് തകര്‍ച്ചയുടെ ആഴങ്ങളില്‍ നിന്നു ടീമിനെ കരക്കത്തെിച്ചത്.
ആദ്യടെസ്റ്റില്‍ മികച്ചുനിന്ന ഇംഗ്ളീഷ് സ്പിന്നര്‍മാരെ പേസിനൊപ്പം മാറിമാറി പരീക്ഷിച്ചെങ്കിലും കുക്കിന്‍െറ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുന്നതായിരുന്നു കോഹ്ലി-പുജാര കൂട്ടുകെട്ടിന്‍െറ ആക്രമണവും പ്രതിരോധവും സമ്മേളിച്ച ബാറ്റിങ്. രാജ്കോട്ടില്‍ ടേണ്‍ കണ്ടത്തെിയവരാണ് പ്രഹരശേഷിയേറെ അറിഞ്ഞത്. കൈ കഴക്കും വരെ പന്തെറിഞ്ഞ് ക്ഷീണിച്ച ഇംഗ്ളീഷ് ബൗളര്‍മാര്‍ക്ക് 67ാമത്തെ ഓവറിലാണ് മൂന്നാമത്തെ വിക്കറ്റ് വീഴ്ത്താനായത്.
12 ബൗണ്ടറികളും രണ്ടു സിക്സറുകളും പറത്തി 119 റണ്‍സ് നേടി ചേതോഹരമായ ബാറ്റിങ് കാഴ്ചവെച്ച പുജാര ആന്‍ഡേഴ്സന് തന്നെ വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ സ്കോര്‍ 248 പിന്നിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.