കൗറിന് സെഞ്ച്വറി; ഇന്ത്യ ഫൈനലിൽ
text_fieldsഡെർബി: മഴക്കു പിന്നാലെ റൺമഴ പെയ്യിച്ച ഹർമൻപ്രീത് കൗറിെൻറ മാസ്മരിക സെഞ്ച്വറിയുടെ കരുത്തിൽ ആസ്ട്രേലിയയെ 36 റൺസിന് തോൽപിച്ച് ഇന്ത്യൻ വനിതകൾ ക്രിക്കറ്റ് ലോകകപ്പിെൻറ ഫൈനലിലെത്തി. കരുത്തരെന്ന് വിളിപ്പേരുള്ള നിലവിലെ ചാമ്പ്യൻമാരായ ആസ്ട്രേലിയെയ സകലമേഖലയിലും തകർത്തെറിഞ്ഞാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ലോകക്രിക്കറ്റിെൻറ ചരിത്രമുറങ്ങുന്ന ലോഡ്സിലെ പുൽമൈതാനിയിൽ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.
രണ്ടാം തവണയാണ് ഇന്ത്യൻ വനിതകൾ ലോകകപ്പ് ഫൈനലിലെത്തുന്നത്. 2005ലാണ് ഇതിന് മുമ്പ് ഇന്ത്യ ഫൈനലിലെത്തിയത്. മഴമൂലം 42 ഒാവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒാസീസ് 40.1 ഒാവറിൽ 245 റൺസിന് പുറത്തായി. എലീസ് വില്ലാനി (75), അലക്സ് ബ്ലാക്വെൽ (90) എന്നിവർക്ക് മാത്രമെ ഒാസീസ് നിരയിൽ തിളങ്ങാനായുള്ളു.
മഴക്ക് പിന്നാലെ കൊടുങ്കാറ്റായി അവതരിച്ച ഹർമൻപ്രീത് കൗറായിരുന്നു സെമിയിലെ താരം. ഒറ്റയാൾ പോരാട്ടവുമായി മുന്നിൽ നിന്ന് നയിച്ച വൈസ് കാപ്റ്റൻ 115 പന്തിൽ പുറത്താകാതെ നേടിയ 171 റൺസാണ് നീലപ്പടക്ക് ജയം സമ്മാനിച്ചത്. ഇൗ ടൂർണമെൻറിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് കൗറിേൻറത്. 20 ഫോറും ഏഴു സിക്സും തീർത്ത കൗറിെൻറ മൂന്നാം ഏകദിന സെഞ്ച്വറിയാണ് ഡെർബിയിലേത്. ഇതോടെ, ദീപ്തി ശർമക്കു പിന്നാലെ വനിത ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോർ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ഹർമൻപ്രീത് കൗർ. ലോക വനിത ക്രിക്കറ്റിെൻറ കണക്കെടുത്താൽ അഞ്ചാം സ്ഥാനത്താണ് കൗറിെൻറ ഇന്നിങ്സ്. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കക്കെതിരെ ദീപ്തി ശർമ നേടിയ 188 റൺസാണ് ഇന്ത്യൻ താരത്തിെൻറ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.
ടോസുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മോശമായിരുന്നു. ക്യാപ്റ്റൻ മിതാലി രാജ് (36), ദീപ്തി ശർമ (25) എന്നിവർ മാത്രമാണ് കൗറിന് പിന്തുണ നൽകിയത്. കഴിഞ്ഞ മത്സരങ്ങളിലെ പതിവ് പിന്തുടർന്ന് ഒാപണർ സ്മൃതി മന്ദാന (ആറ്) ആദ്യ ഒാവറിൽ തന്നെ പവിലിയനിൽ തിരിച്ചെത്തി. അധികം വൈകാതെ പൂനം കൗറും (14) മടങ്ങി. ക്യാപ്റ്റൻ മിതാലി രാജ് ഇഴഞ്ഞുനീങ്ങിയെങ്കിലും കൗറുമൊത്ത് മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു. അർധസെഞ്ച്വറി തികച്ചതിനു പിന്നാലെ ഗിയർ മാറ്റിയ കൗറാണ് ഇന്ത്യയെ അപ്രതീക്ഷിത സ്കോറിലെത്തിച്ചത്. 51ൽനിന്ന് സെഞ്ച്വറിയിലെത്താൻ 26 പന്ത് നേരിട്ട കൗർ സെഞ്ച്വറിയിൽനിന്ന് 150 കടക്കാൻ 17 പന്തുകൾ മാത്രമാണ് കളിച്ചത്.
ഒാസീസിെൻറയും തുടക്കം തകർച്ചയോടെയായിരുന്നു. 21 റൺസെടുക്കുന്നതിനിടെ മുൻനിര താരങ്ങളായ ബോൾട്ടനും (14) മൂണിയും (ഒന്ന്) ലാനിങും (പൂജ്യം) പുറത്തായി. നാലാം വിക്കറ്റിൽ പെറിയും വില്ലാനിയും ചേർന്ന കൂട്ടുകെട്ടാണ് പ്രതീക്ഷ നൽകിയത്. മധ്യനിരയിലെ ചെറുത്തുനിൽപ്പിന് ശേഷം വാലറ്റം നിരുപാധികം കീഴടങ്ങിയതോടെ ഇന്ത്യ ജയം മണത്തു. എന്നാൽ, അവസാന വിക്കറ്റിൽ ക്രിസ്റ്റൺ ബീംസിനെ കൂട്ടുപിടിച്ച് ബ്ലാക്ക്വെൽ നടത്തിയ വെടിക്കെട്ട് ഒാസീസിന് വീണ്ടും പ്രതീക്ഷകൾ നൽകി. എന്നാൽ, രണ്ടോവർ മാത്രം ബാക്കി നിൽക്കെ ബ്ലാക്ക്വെലിനെ വീഴ്ത്തി ദീപ്തി ഇന്ത്യക്ക് വിജയമൊരുക്കി. ഇന്ത്യക്കായി ദീപ്തി ശർമ മൂന്നും ജുലാൻ ഗോസ്വാമി, ശിഖ പാണ്ഡേ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.