രണ്ടാം ടെസ്റ്റിലും തോൽവി; നാണംകെട്ട് ഇന്ത്യ
text_fieldsക്രൈസ്റ്റ്ചർച്ച്: ഒരു മാസത്തിലേറെക്കാലം നീണ്ടുനിന്ന ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനത്തിലെ അവസാന ചിരി കെയ്ൻ വില്യംസണിേൻറത്. ആദ്യം നടന്ന ട്വൻറി20 പരമ്പരയിൽ 5-0ത്തിന് നാണം കെടുത്തിയ ഇന്ത്യയെ ഏകദിനത്തിൽ 3-0ത്തിനും ടെസ്റ്റിൽ 2-0ത്തിനും തകർത്താണ് ന്യൂസിലൻഡ് മേൽക്കോയ്മ നേടിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ രണ്ടാം മത്സരത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ ഏഴു വിക്കറ്റിന് തോൽപിച്ചാണ് ന്യൂസിലൻഡ് പരമ്പര തൂത്തുവാരിയത്. ആറിന് 90 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ ആദ്യ 45 മിനിറ്റിനുള്ളിൽതന്നെ 124 റൺസിന് (36 ഓവർ) കൂടാരം കയറി. 132 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ആതിഥേയർക്ക് ടോം ലഥാമിെൻറയും (52) ടോം ബ്ലൻഡലിെൻറയും (55) അർധസെഞ്ച്വറികൾ തുണയായി. കെയ്ൻ വില്യംസൺ (5), റോസ് ടെയ്ലർ (5 നോട്ടൗട്ട്), ഹെൻറി നികോൾസ് (5 നോട്ടൗട്ട്) എന്നിവരാണ് ക്രീസിലെത്തിയ മറ്റ് ബാറ്റ്സ്മാന്മാർ.
പരമ്പര കൈവിട്ടെങ്കിലും 360 പോയൻറുള്ള ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിയില്ല. പരമ്പര വിജയത്തോടെ 120 പോയൻറ് കിട്ടിയ കിവീസ് 180 പോയൻറുമായി ആസ്ട്രേലിയക്ക് (296) പിന്നിൽ മൂന്നാം സ്ഥാനത്തുണ്ട്. ആദ്യ ടെസ്റ്റിൽ 10 വിക്കറ്റിനായിരുന്നു ഇന്ത്യൻ തോൽവി. കെയ്ൽ ജാമിസൺ കളിയിലെ താരവും 14 വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തി ടൂർണമെൻറിെൻറ താരവുമായി. സ്കോർ: ഇന്ത്യ 242 & 124 ന്യൂസിലൻഡ് 235 & 132/3 (ലക്ഷ്യം 132).
എല്ലാം പെെട്ടന്നായിരുന്നു
തിങ്കളാഴ്ച 34 റൺസിനിടെ ഇന്ത്യയുടെ ഋഷഭ് പന്ത് (4), ഹനുമ വിഹാരി (9), മുഹമ്മദ് ഷമി (5), ജസ്പ്രീത് ബുംറ (4) എന്നിവർകൂടി പുറത്തായി. രവീന്ദ്ര ജദേജ (16) പുറത്താകാതെനിന്നു. 24 റൺസെടുത്ത ചേതേശ്വർ പുജാരയാണ് ഇന്ത്യയുടെ ടോപ്സ്കോറർ. നാലുപേർ മാത്രമാണ് രണ്ടക്കം കടന്നത്. കിവീസിനായി ട്രെൻറ് ബോൾട്ട് നാലും സൗത്തി മൂന്നും വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ പൃഥ്വി ഷാ (54), ചേതേശ്വർ പുജാര (54), ഹനുമ വിഹാരി (55) എന്നിവർ നേടിയ അർധസെഞ്ച്വറിയും ഏഴ് റൺസ് ലീഡ് നേടിത്തന്ന ബൗളർമാരുടെ പ്രകടനവും മാത്രമാണ് ഇന്ത്യക്ക് മത്സരത്തിൽ പോസിറ്റിവായിട്ടുള്ളത്.
ഉത്തരവാദിത്തം ബാറ്റ്സ്മാൻമാർക്ക്
നായകനെന്ന നിലയിൽ ടെസ്റ്റിൽ കോഹ്ലി നേരിടുന്ന ആദ്യ സമ്പൂർണ തോൽവിയാണിത്. വിദേശ മണ്ണിൽ മികച്ച ട്രാക്ക് റെക്കോഡുള്ള കോഹ്ലിക്കുപോലും കിവി പേസർമാരുടെ സ്വിങ്ങിനും സീമിനും മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഇന്ത്യൻ തോൽവിയുടെ സുപ്രധാന കാരണക്കാർ ഉത്തരവാദിത്തം മറന്ന ബാറ്റ്സ്മാൻമാരാണ്. ബൗളർമാർക്ക് പ്രതിരോധിക്കാനുള്ള ടോട്ടൽ പോലും ഉയർത്താൻ ഇന്ത്യക്കായില്ല. നാല് ഇന്നിങ്സിൽനിന്നും 38 റൺസ് മാത്രമാണ് നമ്പർ വൺ ബാറ്റ്സ്മാനായ കോഹ്ലിയുടെ സമ്പാദ്യം. നാല് ഇന്നിങ്സുകളിൽ ഒരുവട്ടം മാത്രമാണ് ഇന്ത്യക്ക് 200 റൺസിനുമേൽ നേടാനായത്.
പരിചയ സമ്പന്നരല്ലാത്ത ഒാപണിങ് ജോടിയെ മാത്രം പഴിക്കാനൊക്കില്ല. കൂട്ടത്തകർച്ചയായിരുന്നു ഇൗ പരമ്പരയിലെ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ മുഖമുദ്ര. അടങ്ങാത്ത പോരാട്ടവീര്യം കാണിച്ച വാലറ്റനിരയാണ് ന്യൂസിലൻഡിനെയും ഇന്ത്യയെയും വ്യത്യസ്തരാക്കുന്നത്. കെയ്ൽ ജാമിസൺ, നീൽ വാഗ്നർ, ട്രെൻറ് ബോൾട്ട് എന്നിവർ പന്തുകൊണ്ടും ബാറ്റുകൊണ്ടും ആതിഥേയർക്ക് മികച്ച പിന്തുണ നൽകി. സീം ബൗളിങ്ങിന് അനുകൂലമായ ഇംഗ്ലണ്ടിൽ 2021ൽ പരമ്പര കളിക്കാനുള്ള ഇന്ത്യ അതിനുമുമ്പ് പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് കിരീടമെന്ന സ്വപ്നം പൂവണിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.