ടെയ്ലർ തുന്നിയ വിജയം
text_fieldsഹാമിൽട്ടൺ: തുടർച്ചയായ എട്ടു തോൽവികൾക്കുശേഷം ന്യൂസിലൻഡ് വിജയത്തിെൻറ പച്ചതൊട്ടു. ശ്രേയസ് അയ്യരുടെ (103) കന്നി ഏകദിന ശതകത്തിെൻറ ബലത്തിൽ ഇന്ത്യ പടുത്തുയർത്തിയ 348 റൺസ് വിജയലക്ഷ്യം റോസ് ടെയ്ലറിെൻറയും (84 പന്തിൽ 109 നോട്ടൗട്ട്) പകരക്കാരൻ നായകൻ ടോം ലഥാമിെൻറയും (48 പന്തിൽ 69) ഇന്നിങ്സിലൂടെ മറികടന്ന് കിവീസ് നാലു വിക്കറ്റ് ജയത്തോടെ ഏകദിന പരമ്പരയിൽ 1-0ത്തിന് മുന്നിലെത്തി. സ്കോർ: ഇന്ത്യ 347/4 (50). ന്യൂസിലൻഡ് 348/6 (48.1). ന്യൂസിലൻഡ് പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും വലിയ സ്കോറാണിത്. ശനിയാഴ്ച ഓക്ലൻഡിലാണ് മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ഏകദിനം. ടെയ്ലറാണ് കളിയിലെ താരം.
നാലാം നമ്പർ ഉറപ്പിച്ച് ശ്രേയസ്
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യക്കായി അരങ്ങേറ്റക്കാരായ പൃഥ്വി ഷായും മായങ്ക് അഗർവാളുമാണ് ഇന്നിങ്സ് ഓപൺ ചെയ്തത്. ന്യൂസിലൻഡ് പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിെൻറ ഭാഗമായതിനാൽ ഇരുവർക്കും അരേങ്ങറ്റക്കാരെൻറ അങ്കലാപ്പുകളൊന്നുമുണ്ടായിരുന്നില്ല. എട്ടാം ഓവറിൽ സ്കോർ 50 കടത്തിയെങ്കിലും കോളിൻ ഡിഗ്രാൻഡോമിെൻറ പന്തിൽ ഷാ (20) വീണു. തൊട്ടടുത്ത ഓവറിൽ ടിം സൗത്തിക്ക് വിക്കറ്റ് സമ്മാനിച്ച് മായങ്കും (32) മടങ്ങി.
ശേഷം ക്രീസിൽ ഒരുമിച്ച വിരാട് കോഹ്ലിയും ശ്രേയസും മൂന്നാം വിക്കറ്റിൽ 102 റൺസ് ചേർത്തു. ഏകദിനത്തിലെ തുടർച്ചയായ മൂന്നാം ഏകദിന അർധശതകം തികച്ചയുടൻ കോഹ്ലി (51) ഇഷ് സോധിയുടെ പന്തിൽ ബൗൾഡായി മടങ്ങി. ലോകേഷ് രാഹുൽ അഞ്ചാമനായി ക്രീസിലെത്തിയതോടെ കളി മാറി. മികച്ച സ്ട്രോക്ക്പ്ലേയുമായി രാഹുൽ ഫോം തുടർന്നു. ഇതിനിടെ ശ്രേയസ് 100 കടന്നു.
2016ൽ ആസ്ട്രേലിയക്കെതിരെ മനീഷ് പാണ്ഡെ നേടിയ ശതകത്തിനുശേഷം ഒരു നാലാം നമ്പർ ഇന്ത്യൻ ബാറ്റ്സ്മാൻ െസഞ്ച്വറി നേടുന്നത് ഇതാദ്യമാണ്. 64 പന്തിൽ 88 റൺസുമായി പുറത്താകാതെ നിന്ന രാഹുൽ ആറു സിക്സുകളും മൂന്നു ബൗണ്ടറിയും പറത്തി. പാണ്ഡെക്കു പകരം ആറാം നമ്പർ ബാറ്റ്സ്മാനായി എത്തിയ കേദാർ ജാദവ് രാഹുലിന് (15 പന്തിൽ 26 നോട്ടൗട്ട്) മികച്ച പിന്തുണ നൽകി.
ജയത്തിലെത്തിച്ച നാലാം നമ്പർ കൂട്ടുകെട്ട്
നായകൻ കെയ്ൻ വില്യംസണില്ലാതെ ഇറങ്ങിയ കിവീസിനായി ഓപണർമാരായ മാർട്ടിൻ ഗുപ്റ്റിലും ഹെൻറി നികോൾസും ശ്രദ്ധയോെടയാണ് തുടങ്ങിയത്. വമ്പനടികൾക്ക് ശ്രമിക്കാതെ ഇരുവരും വിക്കറ്റിനിടയിൽ നന്നായി ഓടി. 15 ഓവറിൽ കിവീസ് സ്കോർ 83 റൺസിലെത്തി. 35 പന്ത് നേരിട്ടശേഷമാണ് ഗുപ്റ്റിൽ ആദ്യ ബൗണ്ടറി നേടിയത്.
പിന്നാലെ 32 റൺസുമായി താരം മടങ്ങി. ശേഷം അരങ്ങേറ്റക്കാരൻ ടോം ബ്ലൻഡലിനെ (9) കുൽദീപ് യാദവിെൻറ പന്തിൽ രാഹുൽ സ്റ്റംപ് ചെയ്ത് പുറത്താക്കി. സെഞ്ച്വറി ലക്ഷ്യമിട്ട് കുതിക്കുകയായിരുന്ന നികോൾസിനെ (78) കോഹ്ലി മികച്ച ഫീൽഡിങ്ങിലൂടെ റണ്ണൗട്ടാക്കി. ശേഷം ടെയ്ലർ-ലഥാം സഖ്യത്തിനെതിരെ ഇന്ത്യൻ ബൗളിങ്നിരക്ക് മേൽക്കൈ നേടാനായില്ല. ശർദുൽ ഠാകുറിെൻറ ഒരോവറിൽ 22 റൺസ് നേടി ഇരുവരും റൺനിരക്ക് നിയന്ത്രണത്തിലാക്കി.
30 ഓവറിൽ മൂന്നിന് 175 റൺസെന്ന നിലയിലായിരുന്ന കിവീസിനെ ടെയ്ലറും ലഥാമും ചേർന്ന് മധ്യഓവറുകളിൽ 79 പന്തിൽ അടിച്ചുകൂട്ടിയ 138 റൺസ് കൂട്ടുകെട്ടാണ് രക്ഷിച്ചത്. 21ാം ശതകം തികച്ച ടെയ്ലർ കിവീസ് ചെയ്സിെൻറ മൊത്തം നിയന്ത്രണം ഏറ്റെടുത്തു.
എന്നാൽ, ലഥാമും ജിമ്മി നീഷാമും അടുത്തടുത്ത് മടങ്ങിയതോെട കിവീസ് വീണ്ടുമൊരു മത്സരംകൂടി കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെടുത്തുമോ എന്ന ആശങ്കയുണർന്നു. അവസാന ആറോവറിൽ 25 റൺസ് മാത്രം മതിയായിരുന്ന കിവീസ് പിന്നീട് ഇഴഞ്ഞാണ് നീങ്ങിയത്. എന്നാൽ, ഠാകുറിെൻറ 48ാം ഓവറിൽ സിക്സും ഫോറുമടിച്ച് ‘ബർത്ഡേ ബോയ്’ മിച്ചൽ സാൻറ്നർ (12 നോട്ടൗട്ട്) സ്കോർ തുല്യമാക്കി.
ഷമിയുടെ പന്തിൽ ടെയ്ലറാണ് വിജയറൺ നേടിയത്. മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിെൻറ പേരിൽ ഇന്ത്യൻ ടീം മാച്ച് ഫീയുടെ 80 ശതമാനം പിഴയടക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.