വിജയക്കണി കാത്ത് ഇന്ത്യ
text_fieldsധർമശാല: പട്ടും വളയും തയാറായി. നാളും കുറിച്ചു. ഇനി ശുഭമുഹൂർത്തത്തിൽ കിരീടമണിഞ്ഞാൽ മതി. ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇതാ ഇന്ത്യക്ക് കൈയെത്തുമകലെ. രണ്ടു ദിവസം മുഴുവൻ ബാക്കിനിൽക്കെ ധർമശാലയിലെ നാലാം ടെസ്റ്റ് ജയിച്ച് പരമ്പര സ്വന്തമാക്കാൻ ആതിഥേയർക്കിനി വേണ്ടത് വെറും 87 റൺസ്. കൈയിലുള്ളത് പത്തു വിക്കറ്റും.
32 റൺസ് ലീഡുമായി ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ച ഇന്ത്യക്കെതിരെ രണ്ടാം ഇന്നിങ്സിൽ ഒാസീസ് 137ന് തകർന്നടിഞ്ഞു. മറുപടി ബാറ്റിങ്ങാരംഭിച്ച ആതിഥേയർക്ക് ഒാപണർമാരായ ലോകേഷ് രാഹുലും (13) മുരളി വിജയും (6) മികച്ച തുടക്കം നൽകിയതോടെ, ഇന്ത്യയുടെ വിജയസ്വപ്നങ്ങൾക്ക് ഹിമാലയൻ കരുത്ത്.
ബാറ്റിലും ജദ്ദു മാജിക്
പതിനാലു വിക്കറ്റുകളാണ് ധർമശാലയിലെ പിച്ചിൽ മൂന്നാം ദിനത്തിൽ വീണത്. ഉശിരുള്ള ബൗൺസറും തെന്നിമാറുന്ന സ്പിന്നുമായി ബൗളർമാർക്ക് പിച്ച് പട്ടുവിരിച്ചപ്പോൾ ബാറ്റിങ് നിര വിയർത്തു. എങ്കിലും ഉജ്ജ്വലമായിരുന്നു രാവിലെ കണ്ട രവീന്ദ്ര ജദേജയുടെയും വൃദ്ധിമാൻ സാഹയുടെയും ഇന്നിങ്സ്. ആറിന് 248 റൺസ് എന്നനിലയിൽ തിങ്കളാഴ്ച ഇന്ത്യ കളി പുനരാരംഭിച്ചപ്പോൾ 300നും മുേമ്പ എറിഞ്ഞിടാമെന്നായിരുന്നു ഒാസീസിെൻറ കണക്കുകൂട്ടൽ. പക്ഷേ, അടിച്ചുവീശാനുള്ള മൂഡിലിറങ്ങിയ ജദേജ ആതിഥേയ സ്കോർ ബോർഡ് ചലിപ്പിച്ചു. 95 പന്തിൽ നാലു ബൗണ്ടറിയും നാലു സിക്സറും പറത്തി 63 റൺസടിച്ച ജദ്ദു പരമ്പരയിൽ ബാറ്റിലും തെൻറ സംഭാവന ഗംഭീരമാക്കി. മറുതലക്കൽ സാഹ മികച്ച പിന്തുണയും നൽകി.
കുമ്മിൻസിനെയും ഹേസൽവുഡിനെയും ലിയോണിനെയും ശിക്ഷിച്ചുകൊണ്ടായിരുന്നു ജദേജയുടെ മുന്നേറ്റം. ഇതിനിടെ ഒാസീസ് കീപ്പർ മാത്യു വെയ്ഡുമായും കലഹിച്ചു. തൊട്ടുപിന്നാലെ, രണ്ടാം അർധസെഞ്ച്വറി തികച്ച് ആഹ്ലാദനൃത്തം ചവിട്ടി ഇന്ത്യക്ക് ലീഡും നൽകി. ഏഴാം വിക്കറ്റിൽ 96 റൺസ് കുറിച്ചാണ് ഇവർ വഴിപിരിഞ്ഞത്. ജദേജ കുമ്മിൻസിെൻറ പന്തിൽ പുറത്തായി. ശേഷിച്ച മൂന്നു വിക്കറ്റുകൾ അടുത്ത 15 റൺസിനിടെ നഷ്ടമായി. ഇന്ത്യക്ക് ആത്മവിശ്വാസുമായി 32 റൺസിെൻറ ലീഡ്. നഥാൻ ലിയോൺ അഞ്ചും കുമ്മിൻസ് മൂന്നും വിക്കറ്റ് നേടി.
ദയനീയം ഒാസീസ്
ബൗളർമാർ വിലസുന്ന പിച്ചിൽ ലീഡ് വഴങ്ങിയ നിരാശയിലായിരുന്നു ഒാസീസ്. 150^180 റൺസുണ്ടെങ്കിൽ തന്നെ പ്രതിരോധിക്കാമെന്ന് പാറ്റ് കുമ്മിൻസ് പറഞ്ഞതിൽനിന്ന് കാര്യം വ്യക്തം. സ്പിൻ ത്രയത്തിൽ ഇന്ത്യ വരിഞ്ഞുമുറുക്കുമെന്നായിരുന്നു സന്ദർശകരുടെ കണക്കുകൂട്ടൽ. പക്ഷേ, രഹാനെ ന്യൂബാൾ നൽകിയത് ഭുവനേശ്വറിനും ഉമേഷ് യാദവിനും. ആറടിയിലേറെ ഉയരമുള്ള മാറ്റ് റെൻഷോയുടെ തലക്കു മുകളിലൂടെ ഉമേഷിെൻറ പന്തുകൾ പറന്നപ്പോൾ ആരാധകർപോലും അന്തംവിട്ടു. ഭുവനേശ്വറിെൻറ പന്ത് നെഞ്ചിൽ പതിച്ച ഡേവിഡ് വാർണറുടെയും ഉമേഷിന് മുന്നിൽ ഒഴിഞ്ഞുമാറുന്ന റെൻഷോയുടെയും കാഴ്ചകൾ.
നാലാം ഒാവറിൽ സന്ദർശകർക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. വാർണറെ (6) യാദവിെൻറ പന്തിൽ സാഹ പിടിച്ചു പുറത്താക്കി. തുടക്കം നന്നായെങ്കിലും ക്യാപ്റ്റൻ സ്മിത്ത് ക്രീസിലുള്ളിടത്തോളം ഇന്ത്യക്ക് സമാധാനമില്ലായിരുന്നു. പക്ഷേ, യാദവ്^ഭുവനേശ്വർ സ്പെൽ മുറിക്കാൻ ക്യാപ്റ്റൻ രഹാനെ തയാറായില്ല. ഭുവനേശ്വർ എറിഞ്ഞ ഒമ്പതാം ഒാവറിലെ ആദ്യ രണ്ട് പന്തും ബൗണ്ടറി പറത്തിയ സ്മിത്ത് ടീം ഇന്ത്യക്ക് ആധികൂട്ടി. പക്ഷേ, ഉയർന്നുവന്ന മൂന്നാമത്തെ ഷോർട്ബാൾ തൂക്കിയടിക്കാനുള്ള ശ്രമം പിഴച്ചു. എഡ്ജിൽ കുരുങ്ങിയ പന്ത് വിക്കറ്റിലേക്ക് വലിച്ചിട്ട് സ്മിത്ത് (17) മടങ്ങി. ഒാസീസിെൻറ വൻ വീഴ്ച. പരമ്പരയിലെ ടോട്ടൽ 499ൽ എത്തിയപ്പോഴായിരുന്നു നായകെൻറ മടക്കം. ശേഷം, ഇന്ത്യ മനസ്സിൽ കണ്ട വഴിയിലായി ക്രീസിലെ വീഴ്ചകൾ. അടുത്ത ഒാവറിൽ റെൻഷോയെ (8) ഉമേഷ് യാദവ് മടക്കി.
നാലാം വിക്കറ്റിൽ ഹാൻഡ്സ്കോമ്പും (18) െഗ്ലൻ മാക്സ്വെല്ലും (45) നടത്തിയ ചെറുത്തുനിൽപ് മാത്രമേ എടുത്തുപറയാനുണ്ടായിരുന്നുള്ളൂ. ഇൗ കൂട്ടുകെട്ടിൽ 55 റൺസ് പിറന്നു. ഹാൻഡ്സ്കോമ്പ് അശ്വിെൻറ പന്തിൽ രഹാനെക്ക് ഡൈവിങ് ക്യാച്ചിലൂടെ പിടികൊടുത്ത് മടങ്ങി. അടുത്ത ഒാവറിൽ ഷോൺ മാർഷിനെ പുറത്താക്കി ജദേജയും വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു.
പിന്നാലെ, മാത്യുവെയ്ഡിനെ സാക്ഷിയാക്കി ജദേജയുടെ വിക്കറ്റ് വേട്ട. കുമ്മിൻസ് (12), ഒകീഫെ (0) എന്നിവരും ജദ്ദുവിനു മുന്നിൽ കീഴടങ്ങി. ഒടുവിൽ അനിവാര്യമായ പതനമായി ഒാസീസ് 53.5 ഒാവറിൽ 137 റൺസിന് കൂടാരം കയറി. മറുപടി ബാറ്റിങ്ങിൽ തുടർച്ചയായി മൂന്ന് ബൗണ്ടറിയോടെ ഇന്നിങ്സ് തുടങ്ങിയ ലോകേഷ് ഇന്ത്യക്ക് വലിയ ആശ്വാസമായി. ചുരുങ്ങിയ ലക്ഷ്യമാണെങ്കിലും പതറിയാൽ ശീട്ടുകൊട്ടാരം കണക്കെ വീഴാനുള്ള സാധ്യത മുന്നിൽക്കണ്ടാവാം ഇൗ തുടക്കം. എന്തായാലും ഇൗ കളി തുടർന്നാൽ, ഇന്ന് ഉച്ചക്കുമുേമ്പ ഇന്ത്യയുടെ വിജയമാഘോഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.