ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ഏകദിനം ഇന്ന്
text_fieldsസെഞ്ചൂറിയൻ: രണ്ടാം മത്സരത്തിൽ ജയം സ്വന്തമാക്കിയ സെഞ്ചൂറിയനിൽ വീണ്ടുമൊരു ജയം തേടി ടീം ഇന്ത്യ ഇറങ്ങുന്നു. ഡർബനിലെയും കേപ്ടൗണിലെയും പോർട്ട് എലിസബത്തിലെയും വിജയക്കുതിപ്പ് തുടരാൻ വിരാട് കോഹ്ലിയും കൂട്ടരും പാഡ് മുറുക്കുേമ്പാൾ ജൊഹാനസ്ബർഗിലെ പിങ്ക് ഏകദിനത്തിലെ വിജയം ആവർത്തിക്കാനുള്ള മോഹവുമായാണ് ദക്ഷിണാഫ്രിക്കയുടെ ഒരുക്കം. ആറ് മത്സര ഏകദിന പരമ്പരയിലെ അവസാന അങ്കത്തിന് കച്ച മുറുക്കുേമ്പാൾ ഞായറാഴ്ച തുടങ്ങാനിരിക്കുന്ന ട്വൻറി20 പരമ്പരക്ക് മുന്നോടിയായി ജയം ലക്ഷ്യമിടുകയാണ് ദക്ഷിണാഫ്രിക്കയെങ്കിൽ 5-1 ജയവുമായി പരമ്പര നേട്ടം ആധികാരികമാക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.
എതിരാളികളെ കറക്കിവീഴ്ത്തുന്ന കൈക്കുഴ സ്പിന്നർമാരുടെ മാസ്മരികതയിൽ പരമ്പര സ്വന്തമാക്കിയ ഇന്ത്യ കുൽദീപ് യാദവിനും യുസ്വേന്ദ്ര ചഹലിനും വിശ്രമം അനുവദിക്കാൻ സാധ്യതയില്ല. അതേസമയം, തുടർച്ചയായ 19 ഏകദിനങ്ങളിലും ആറ് ട്വൻറി20കളിലും കളിച്ച ഭുവനേശ്വർ കുമാറിനും ജസ്പ്രീത് ബുംറക്കും വിശ്രമം നൽകിയേക്കും. മുഹമ്മദ് ഷമിയും ശാർദുൽ ഠാകുറുമായിരിക്കും പകരക്കാർ. ബാറ്റിങ്ങിൽ പരീക്ഷണങ്ങൾക്ക് സാധ്യതയില്ല. രോഹിത് ശർമ കൂടി ഫോമിലെത്തിയതോടെ മുൻനിര ബാറ്റിങ്ങിൽ ആശങ്കയില്ലെങ്കിലും മധ്യനിര തിളങ്ങാത്തത് ടീമിെന അലട്ടുന്നുണ്ട്. അജിൻക്യ രഹാനെ, എം.എസ്. ധോണി, ശ്രേയസ് അയ്യർ, ഹാർദിക് പാണ്ഡ്യ എന്നിവരൊന്നും സ്ഥിരത പുലർത്തുന്നില്ല. മൂന്ന് കളികളിൽ ഇറങ്ങിയ കേദാർ ജാദവും ഇതുവരെ ഇറങ്ങാത്ത ദിനേശ് കാർത്തിക്, മനീഷ് പാണ്ഡെ എന്നിവരും അവസരം കാത്തിരിപ്പുണ്ട്.
ഇന്ത്യയുടെ കൈക്കുഴ സ്പിന്നർമാർക്കെതിരെ തുടർച്ചയായി പതറുന്ന ആതിഥേയരുടെ പ്രതീക്ഷ പരിചയസമ്പന്നരായ ഹാഷിം ആംലയിലും അബ്രഹാം ഡിവില്ലിയേഴ്സിലുമാണ്. സ്പിന്നിനെതിരെ നന്നായി നേരിടുന്ന ഇരുവർക്കും പക്ഷേ പരമ്പരയിൽ വമ്പൻ സ്കോറുയർത്താനായിട്ടില്ല. പരിക്കുമായി പുറത്തായ നായകൻ ഫാഫ് ഡുപ്ലസിയുടെ അഭാവം ദക്ഷിണാഫ്രിക്കൻ ബാറ്റിങ്ങിൽ വല്ലാതെ നിഴലിക്കുകയും ചെയ്യുന്നു. പുതുതാരം ഹെൻറിച്ച് ക്ലാസെൻറ പോരാട്ടം മാത്രമാണ് ടീമിന് മുതൽകൂട്ടാവുന്നത്. ബൗളിങ്ങിൽ ലുൻഗി എൻഗിഡി മികച്ചുനിൽക്കുന്നുണ്ടെങ്കിലും വേണ്ടത്ര പിന്തുണ നൽകാൻ മറ്റു പേസർമാർക്കാവുന്നില്ല. സ്പിന്നർമാർക്കാവെട്ട ഒരു ചലനവും ഉണ്ടാക്കാൻ സാധിക്കാത്തതും ടീമിനെ വലക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.