പുണെ പിടിച്ചാൽ പരമ്പര
text_fieldsപുണെ: 2013നുശേഷം രാജ്യത്ത് കളിച്ച 30ൽ 24 െടസ്റ്റുകൾ ഇന്ത്യ ജയിച്ചപ്പോൾ ഒന്നിൽ മാത്രമാണ് പരാജയം രുചിച്ചത്. പുണെയിലെ എം.സി.എ സ്റ്റേഡിയത്തിലായിരുന്നു കഴിഞ്ഞ ആറുവർഷത്തിനിടെ ഏക ഹോം തോൽവി (2017ൽ ആസ്ട്രേലിയ). ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക വ്യാഴാഴ്ച തുടങ്ങുന്ന ഫ്രീഡം പരമ്പരയിലെ രണ്ടാം ടെസ്റ്റിനായി പുണെയിൽ കളിക്കാനിറങ്ങുന്നത്.
വിശാഖപട്ടണത്ത് നടന്ന ആദ്യ ടെസ്റ്റിലെ പ്രകടനം മാനദണ്ഡമാക്കിയാൽ ഇന്ത്യക്ക് പേടിക്കാനൊന്നുമില്ല. ഇരു ഇന്നിങ്സിലും സെഞ്ച്വറിയുമായുള്ള രോഹിത് ശർമയുടെ ടെസ്റ്റ് ഓപണറായുള്ള പട്ടാഭിഷേകവും സഹഓപണർ മായങ്ക് അഗർവാളിെൻറ ഇരട്ടസെഞ്ച്വറിയും ആർ. അശ്വിെൻറ എട്ടുവിക്കറ്റ് പ്രകടനവും തിലകക്കുറി ചാർത്തിയ മത്സരത്തിൽ 203 റൺസിനായിരുന്നു ഇന്ത്യൻ വിജയം.
നായകൻ വിരാട് കോഹ്ലി, ചേതേശ്വർ പുജാര, അജിൻക്യ രഹാനെ, ഹനുമ വിഹാരി എന്നിവർ അണിനിരക്കുന്ന ആഴമേറിയ ബാറ്റിങ്നിരയും അശ്വിൻ, രവീന്ദ്ര ജദേജ, മുഹമ്മദ് ഷമി എന്നിവരടങ്ങുന്ന ബൗളിങ് ഡിപാർട്മെൻറും മികച്ച ഫോമിലായതിനാൽ ഇന്ത്യ ടീം കോമ്പിനേഷനിൽ മാറ്റം വരുത്താൻ സാധ്യതയില്ല.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കളിച്ച മൂന്നിൽ മൂന്നും ജയിച്ച ഇന്ത്യ 160 പോയൻറുമായി മികച്ച ലീഡുമായി ഒന്നാം സ്ഥാനത്താണ്. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറികൾ നേടിയ ഡീൻ എൽഗാറിെൻറയും ക്വിൻറൺ ഡീകോക്കിെൻറയും പ്രകടനങ്ങൾ മാറ്റിനിർത്തിയാൽ ദക്ഷിണാഫ്രിക്കക്ക് ആശ്വസിക്കാനൊന്നുമില്ല. ബൗളർമാർ പ്രത്യേകിച്ച് സ്പിൻ ഡിപാർട്മെൻറ് പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസിെൻറ പ്രധാന തലവേദന. കാലാവസ്ഥ പ്രവചനങ്ങൾ പ്രകാരം കളിക്കിടയിൽ മഴക്ക് പെയ്യാൻ സാധ്യത കാണുന്നുണ്ട്. സ്പിന്നർമാരെ തുണക്കുന്ന പിച്ചാണ് എം.സി.എയിലേതെന്നാണ് റിപ്പോർട്ട്.
വിരാട് കോഹ്ലി നായകനാകുന്ന 50ാം ടെസ്റ്റ് എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. 60 മത്സരങ്ങളിൽ ക്യാപ്റ്റനായ എം.എസ്. ധോണി മാത്രമാണ് മുമ്പ് ഇൗ നേട്ടം കൈവരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.