ആശ്വാസ ജയം തേടി കോഹ്ലിപ്പട; രഹാനെ കളിക്കും
text_fieldsജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇതുവരെ ഒരു ടെസ്റ്റ് പരമ്പരയിലും സമ്പൂർണമായി അടിയറവുപറഞ്ഞിട്ടില്ലെന്ന റെക്കോഡ് ഇന്ത്യക്കുണ്ട്. 1992 മുതൽ ആറു തവണ കോഹ്ലിയുടെ മുൻഗാമികൾ ഇവിടെയെത്തിയെങ്കിലും പരമ്പരയിലെ ഒരു കളിയെങ്കിലും അവർ ജയിക്കുകയോ സമനില പിടിക്കുകയോ ചെയ്തിട്ടുണ്ട്. ആ ചരിത്രവും കോഹ്ലി തിരുത്തല്ലേ എന്നാണ് ഇപ്പോൾ പ്രാർഥന. മൂന്നിൽ ആദ്യ രണ്ട് ടെസ്റ്റും ജയിച്ച ദക്ഷിണാഫ്രിക്ക ഇതിനകം പരമ്പര സ്വന്തമാക്കിയെങ്കിലും ജൊഹാനസ് ബർഗിലെ ന്യൂവാണ്ടേഴ്സ് ഗ്രൗണ്ടിൽ കോഹ്ലിക്കിത് ജീവന്മരണ പോരാട്ടമാണ്.
എതിരാളികൾ പരമ്പര തൂത്തുവാരിയാലും ടെസ്റ്റിലെ ഒന്നാം സ്ഥാനക്കാരെന്ന പദവിക്ക് ഇളക്കം തട്ടില്ലെന്ന സമാധാനമുണ്ട്. പക്ഷേ, അതുകൊണ്ട് നാണക്കേട് മാറില്ല. കേപ്ടൗണിലെ ആദ്യ മത്സരം 72 റൺസിനു തോറ്റപ്പോൾ സെഞ്ചൂറിയനിൽ 135 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി. ഇതോടെ 2015ൽ ആരംഭിച്ച തുടർച്ചയായ ഒമ്പതു പരമ്പര വിജയത്തിനും അവസാനമായി.
ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും രണ്ടാം മത്സരത്തിൽ പുറത്തിരിക്കേണ്ടിവന്ന ഭുവനേശ്വർ കുമാറിനെ ഇന്ന് തിരിച്ചുവിളിച്ചേക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് തെളിയിച്ച ഭുവിയെ പുറത്തിരുത്തിയ ടീം സെലക്ഷൻ, വൻതോതിൽ വിമർശനത്തിന് വിധേയമായിരുന്നു. രണ്ടു മത്സരത്തിലും അവസരം ലഭിച്ചിട്ടും കാര്യമായ പ്രകടനം നടത്താനാവാത്ത ജസ്പ്രീത് ബുംറക്ക് ഇതോടെ പുറത്തിരിക്കേണ്ടിവരും. അതോടൊപ്പം ഇതുവരെ അവസരം ലഭിക്കാത്ത അജിൻക്യ രഹാനെ അവസാന മത്സരത്തിൽ ഇറങ്ങുമെന്ന് ഏറക്കുറെ ഉറപ്പായി.
കഴിഞ്ഞ ദിവസം നെറ്റ്സിൽ താരം ഏറെസമയം ചെലവഴിച്ചിരുന്നു. ഇതോടെ രോഹിത് ശർമക്ക് അവസാന മത്സരത്തിൽ പുറത്തിരിക്കേണ്ടിവന്നേക്കും. നാല് ഇന്നിങ്സുകളിലായി താരത്തിെൻറ സംഭാവന 78 റൺസാണ്. അവസരം ലഭിക്കാത്ത രവീന്ദ്ര ജദേജ ഇന്നിറങ്ങാൻ സാധ്യതയേറെയുണ്ട്.
പരമ്പര കൈക്കലാക്കിയിരിക്കെ, റിസർവ് ബെഞ്ച് താരങ്ങൾക്ക് ദക്ഷിണാഫ്രിക്കൻ നിരയിൽ ഇന്ന് അവസരമുണ്ടാകും. കൈവിരലിന് പരിക്കേറ്റതോടെ ബാറ്റ്സ്മാൻ ടെംബാ ബാവുമ അവസാന മത്സരത്തിനിറങ്ങിയേക്കില്ല. 1996-97 കാലത്ത് സചിൻ ടെണ്ടുൽകറിന് കീഴിൽ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന് തോറ്റതാണ് ഇവിടെ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.