ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന് പല്ലെക്കെലെയിൽ
text_fieldsപല്ലെക്കെലെ: അദ്ഭുതങ്ങൾക്ക് വേണ്ടി കാത്തുനിൽക്കുന്ന ശ്രീലങ്കൻ ക്രിക്കറ്റിനെ ഒരുവട്ടം കൂടി കറക്കിവീഴ്ത്താൻ ഇന്ത്യ ഇന്ന് രണ്ടാം ഏകദിനത്തിനിറങ്ങുന്നു. പ്രതീക്ഷയറ്റ യുവനിരയുമായി നാട്ടുകാർക്ക് മുന്നിൽ തുടർതോൽവികൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ലങ്ക ലക്ഷ്യമിടുന്നത് ആശ്വാസ ജയം മാത്രമാണ്. എന്നാൽ, മൂന്ന് ടെസ്റ്റിലും കഴിഞ്ഞ ഏകദിനത്തിലും പൊരുതിനോക്കാതെ കീഴടങ്ങിയ ലങ്കയിൽനിന്ന് നാട്ടുകാർ പോലും കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല.
ആദ്യ ഏകദിനത്തിൽ ലങ്കയെ ഒമ്പത് വിക്കറ്റിന് അനായാസം മറികടന്ന ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അതുകൊണ്ട് തന്നെ ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടാവാൻ സാധ്യത കുറവാണ്. ആക്രമിച്ച് കളിക്കുന്ന ശിഖർ ധവാൻ മിന്നുന്ന ഫോമിലാണ്. ടെസ്റ്റിലും ഏകദിനത്തിലും ഒരേ രീതിയിലുള്ള ബാറ്റിങ് ശൈലിയാണ് ധവാൻ ശ്രീലങ്കയിൽ പരീക്ഷിച്ച് വിളയിച്ചെടുത്തത്. കഴിഞ്ഞ മത്സരത്തിൽ ധവാനൊപ്പം ഒാപൺ ചെയ്ത രോഹിത് ശർമ തന്നെയായിരിക്കും ഇന്നും ഇന്നിങ്സ് തുറക്കുന്നത്. രോഹിത് നാല് റൺസിന് പുറത്തായെങ്കിലും കോഹ്ലിയും ധവാനും ചേർന്ന് അനായാസമാണ് 217 റൺസിെൻറ വിജയലക്ഷ്യം മറികടന്നത്. കഴിഞ്ഞ മത്സരത്തിൽ ഭുവനേശ്വർ കുമാറിനൊപ്പം ഹാർദിക് പാണ്ഡ്യയെ ബൗളിങ് ഒാപൺ ചെയ്യാൻ നിയോഗിച്ച കോഹ്ലിയുടെ തീരുമാനം പരാജയപ്പെട്ടിരുന്നു. ഇരുവരും ആദ്യ പവർേപ്ലയിൽ തല്ലുവാങ്ങുകയും ചെയ്തു. സ്പിൻ നിരയിൽ യുസ്വേന്ദ്ര ചഹലും പ്രഹരം ഏറ്റുവാങ്ങി. എന്നാൽ, ബൂംറയും കുൽദീപ് യാദവും അക്സാർ പേട്ടലും കണിശതയാർന്ന ബൗളിങ് കാഴ്ചവെച്ചതോടെയാണ് ലങ്ക ചുരുങ്ങിയ സ്കോറിൽ ഒതുങ്ങിയത്.
മൂന്ന് സ്പിന്നർമാരുമായാണ് ഇന്ത്യ കഴിഞ്ഞ മത്സരത്തിനിറങ്ങിയത്. കുൽദീപ് യാദവിനെ മാറ്റി ഒരു ബാറ്റ്സ്മാന് അവസരം നൽകാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ അജൻക്യ രഹാനെ, മനീഷ് പാണ്ഡെ, ഷർദൂൽ ഠാകുർ എന്നിവരിൽ ആർക്കെങ്കിലും അവസരം കൈവന്നേക്കാം. 2019 ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരമായാണ് ഇന്ത്യ ലങ്കൻ പര്യടനത്തെ കാണുന്നത്.
അതേസമയം, മറുവശത്ത് ലങ്കയുടെ അവസ്ഥ പരിതാപകരമാണ്. ഉപുൽ തരംഗയും ഡിക്ക്വെല്ലയും ഗുണതിലകയുമടങ്ങുന്ന ബാറ്റിങ് നിരയിലാണ് നേരിയ പ്രതീക്ഷ. എന്നാൽ, ടെസ്റ്റിലേതിന് സമാനമായി ഏകദിനത്തിലും മധ്യനിര തകർന്നടിയുന്നു. കഴിഞ്ഞ മത്സരത്തിൽ രണ്ട് വിക്കറ്റിന് 139 എന്ന നിലയിൽ നിന്നാണ് 216 റൺസിന് ഒാൾ ഒൗട്ടായത്. അവസാന ആറ് ബാറ്റ്സ്മാന്മാരിൽ ആർക്കും രണ്ടക്കം കണ്ടെത്താനായില്ല. ബൗളർമാരുടെ അവസ്ഥ പരിതാപകരമാണ്. മലിംഗ ഉൾപെടെയുള്ളവർ കഴിഞ്ഞ മത്സരത്തിൽ പ്രഹരമേറ്റുവാങ്ങി. സ്പിന്നർ ലക്ഷൻ സണ്ടകൻ ആറ് ഒാവറിൽ വിട്ടുകൊടുത്തത് 63 റൺസ്. തുടർതോൽവികൾ ശ്രീലങ്കയിൽ ഏറെ ചർച്ചയായി കഴിഞ്ഞു. മുൻ താരങ്ങളുൾപെടെയുള്ളവർ ലങ്കൻ ടീമിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.