ഇരട്ടച്ചങ്കൻ പുജാര
text_fieldsറാഞ്ചി: മൂന്നു പകൽ, 525 പന്ത്, 11 മണിക്കൂർ. റാഞ്ചിയിലെ പൊള്ളുന്ന പകലിൽ നിറംമങ്ങാതെ പാറപോലെ നിലയുറപ്പിച്ച ചേതേശ്വർ പുജാരക്കുതന്നെ ബിഗ് സല്യൂട്ട്. വെള്ളിയാഴ്ച ഉച്ചക്കുശേഷം ക്രീസിലെത്തിയ സൗരാഷ്ട്രക്കാരൻ, ശനിയാഴ്ച പകൽ മുഴുവനും ഞായറാഴ്ച വൈകുന്നേരം വരെയും 22 വാര പിച്ചിനെ അടക്കിവാണപ്പോൾ ആസ്ട്രേലിയൻ ബൗളർമാർ എറിഞ്ഞെറിഞ്ഞ് തളർന്നുവീണു. ഇന്ത്യക്കാരെൻറ ഏറ്റവും ദൈർഘ്യമേറിയ ഇന്നിങ്സിനുടമയായ പുജാരയുടെ ഇരട്ട സെഞ്ച്വറിയുടെയും (525 പന്തിൽ 202) ഉറച്ച പിന്തുണ നൽകിയ വൃദ്ധിമാൻ സാഹയുടെയും (233 പന്തിൽ 117) മികവിൽ ഒന്നാം ഇന്നിങ്സിൽ 152 റൺസ് നേടിയ ഇന്ത്യ റാഞ്ചിയിൽ അദ്ഭുത ജയവും സ്വപ്നംകാണുന്നു.
ഒാസീസിെൻറ ഒന്നാം ഇന്നിങ്സ് ടോട്ടലായ 451ന് മറുപടിയായി 603ന് ഒമ്പത് എന്ന നിലയിൽ ഡിക്ലയർചെയ്ത ഇന്ത്യ നാലാം ദിനംതന്നെ എതിരാളിയുടെ രണ്ടു വിക്കറ്റ് വീഴ്ത്തി മനസ്സിൽ വിജയപ്രതീക്ഷക്ക് തിരിതെളിച്ചുകഴിഞ്ഞു. ഞായറാഴ്ച 10 ഒാവർ മാത്രം ബാറ്റുചെയ്ത ഒാസീസിന് 23 റൺസിനിടെ ഡേവിഡ് വാർണറെയും (14) നൈറ്റ് വാച്ച്മാനായെത്തിയ നഥാൻ ലിയോണിനെയും (2) നഷ്ടമായി. രവീന്ദ്ര ജദേജയുടെ പന്തിൽ ക്ലീൻബൗൾഡായാണ് ഇരുവരും മടങ്ങിയത്.
പുജാര ഷോ, മൂന്നാം ദിനം
ആറിന് 360 റൺസെന്ന നിലയിൽ ഞായറാഴ്ച പുജാരയും വൃദ്ധിമാൻ സാഹയും ക്രീസിലെത്തുേമ്പാൾ ഒാസീസ് ടോട്ടലിന് പരമാവധി അരികിലെത്തുകയെന്നതായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ലീഡ് വഴങ്ങാതിരിക്കാൻ ന്യൂബാളിൽ ഒാസീസും തന്ത്രം പയറ്റി. പക്ഷേ, ക്രീസിൽ കണ്ടത് മെറ്റാരു കാഴ്ചയായിരുന്നു. തലേദിനം പടുത്തുയർത്തിയ മതിലിന് മിനുക്കുപണിയെടുത്ത് പുജാര വീണ്ടും മുന്നോട്ട്. ഇതിനിടെ, കുമ്മിൻസ് എറിഞ്ഞ രണ്ടാം ഒാവറിലെ ആദ്യ പന്തിൽ സാഹക്കെതിരായ എൽ.ബി.ഡബ്ല്യു അപ്പീലിൽ അമ്പയർ ഒൗട്ട് വിധിച്ചു. പക്ഷേ, ഡി.ആർ.എസിലൂടെ ജീവൻ തിരിച്ചുപിടിക്കുേമ്പാൾ സാഹ വെറും 19 റൺസ്. 140ാം ഒാവറിൽ മറ്റൊരു നാടകീയതക്കും വേദിയായി.
ഹേസൽവുഡിെൻറ പന്ത് പുജാര ഹുക് ചെയ്തപ്പോൾ അപ്പീൽ പോലുമില്ലാതെ അമ്പയർ ക്രിസ് ഗഫാനി വിരലുയർത്തി. പക്ഷേ, അപകടം മണത്തതോടെ തലചൊറിഞ്ഞ് ഒൗട്ട് ഒഴിവാക്കി. ഒാസീസ് അപ്പീൽ ചെയ്തിരുന്നെങ്കിൽ അമ്പയർ ഒൗട്ട് വിളിക്കുമായിരുന്നുവെന്നുറപ്പ്. പുജാരയുടെ സ്കോർ 142ൽ എത്തിയപ്പോഴായിരുന്നു ഇൗ രംഗം. പിന്നെ, ഇരുവരും തിരിഞ്ഞുനോക്കിയില്ല. സ്മിത്ത് പഠിച്ച തന്ത്രങ്ങളെല്ലാം ഫീൽഡിങ്ങിലും ബൗളിങ്ങിലും മാറിമാറി പരീക്ഷിച്ചിട്ടും ഇൗ കൂട്ടുകെട്ടിനെ തടയാൻ കഴിഞ്ഞില്ല. കുമ്മിൻസിെൻറ അതിവേഗത്തെയും ബൗൺസറിനെയും പ്രതിരോധ മതിലിൽ കീഴടക്കിയ പുജാര ഒച്ചിഴയും വേഗത്തിലായിരുന്നു. ലിയോണിനെയും ഒകീഫെയെയും സിംഗ്ളും ഡബ്ളുമാക്കിമാറ്റി സ്കോർ ബോർഡ് ഉയർത്തി. ഇതിനിടെ, ലിയോണിനെ സിക്സർ പറത്തിയ സാഹ തൊട്ടുപിന്നാലെ അർധസെഞ്ച്വറിയും കടന്ന് ഒാസീസിനെ സമ്മർദങ്ങളുടെ നടുക്കടലിലേക്ക് തള്ളിയിട്ടു.
155ാം ഒാവറിൽ ലിയോണിെൻറ പന്തിൽ പുജാരക്കെതിരായ എൽ.ബി അപ്പീൽ അമ്പയർ ഒൗട്ട് വിളിച്ചപ്പോൾ റിവ്യൂ നൽകി തീരുമാനം തിരുത്തിച്ചു. ഒാസീസിെൻറ അവസാന പ്രതീക്ഷകൂടി തകർക്കുന്നതായിരുന്നു ഇൗ രംഗം. ഇതിനൊപ്പം ഫീൽഡിങ് പാളിച്ചകൾ കൂടിയായതോടെ പുജാര^സാഹ ഷോ കളംനിറഞ്ഞു. ഉച്ചക്കുശേഷം ലീഡ് പിടിച്ച കൂട്ടുകെട്ട് വൈകുന്നേരത്തെ സെഷനിൽ മാത്രമേ വഴിപിരിഞ്ഞുള്ളൂ. ഇതിനിടെ, സാഹ കരിയറിലെ മൂന്നാം സെഞ്ച്വറി സ്വന്തമാക്കി. പിന്നാെല സാഹയുടെ സ്കോറിങ്ങിനും വേഗമേറി.
അധികം വൈകുംമുേമ്പ കരിയറിലെ മൂന്നാം ഇരട്ട ശതകം തൊട്ട പുജാര അടുത്ത ഒാവറിൽ പുറത്തായി. ലിയോൺ എറിഞ്ഞ 194ാം ഒാവറിലെ രണ്ടാം പന്തിൽ ലൂസ് ഷോട്ടിന് മുതിർന്നപ്പോൾ മിഡ് വിക്കറ്റിൽ മാക്സ്വെൽ പിടികൂടി. പകലിനെയും വെയിലിനെയും തോൽപിച്ച മാരത്തൺ ഇന്നിങ്സ് അവസാനിപ്പിച്ച് പുജാര മടങ്ങുേമ്പാൾ ഒാസീസ് താരങ്ങളും അഭിനന്ദനങ്ങളുമായെത്തി. തൊട്ടുപിന്നാലെ വൃദ്ധിമാൻ സാഹയും ദുർബല ഷോട്ടിന് ശ്രമിച്ച് ഒകീഫെക്ക് വിക്കറ്റ് നൽകി. വിക്കറ്റ് വീഴ്ച കൊതിച്ച ഒാസീസിനുള്ള ഇരട്ട ആഘാതമായി ഒമ്പതാം വിക്കറ്റിലെ രവീന്ദ്ര ജദേജ (54)^ഉമേഷ് യാദവ് (16) കൂട്ടുകെട്ട്. ഇന്നിങ്സിലെ അതിവേഗ ബാറ്റിങ് കാഴ്ചവെച്ച ജദേജ രണ്ട് സിക്സും അഞ്ച് ബൗണ്ടറിയും പറത്തിയാണ് അർധസെഞ്ച്വറി കടന്നത്. സ്കോർ 600 കടന്നതിനു പിന്നാലെ ഇന്ത്യ ഡിക്ലയർ പ്രഖ്യാപിച്ചു.
റാഞ്ചിയിൽ ഇനിയെങ്ങനെ?
സ്പിന്നിന് അനുകൂലമായി മാറിയ പിച്ചിൽ വിക്കറ്റ്മഴ സ്വപ്നംകണ്ടാവും ഇന്ത്യയിറങ്ങുന്നത്. അതിനുള്ള നല്ല സൂചനകളായിരുന്നു ഞായറാഴ്ച എട്ട് ഒാവറിനിടെ സംഭവിച്ചത്. അശ്വിെൻറയും ജദേജയുടെയും കുത്തിത്തിരിഞ്ഞ പന്തുകൾക്ക് മുന്നിൽ പ്രതിരോധിക്കാൻ വയ്യാതായ ഒാസീസ് ഇന്ത്യ ഉയർത്തിയ ലീഡിനുള്ളിൽ കീഴടങ്ങിയാൽ കാത്തിരിക്കുന്നത് ഉജ്ജ്വല വിജയം. രണ്ടിന് 23 റൺസെടുത്ത ഒാസീസ് ഇപ്പോഴും 129 റൺസ് അകലെയാണ്. അതേസമയം, ജയിക്കാനുള്ള വാശി ഉപേക്ഷിച്ച് കളി സമനിലയിലാക്കാനാവും സ്റ്റീവൻ സ്മിത്തിെൻറയും സംഘത്തിെൻറയും ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.