അഞ്ചിൽ ജയിച്ച് ഇന്ത്യ ഒന്നാമൻ
text_fieldsനാഗ്പൂര്‍: ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ആസ്ട്രേലിയയെ അത്യുജ്ജലമായി പരാജയപ്പെടുത്തി ലോക റാങ്കിങ്ങിൽ ഇന്ത്യ വീണ്ടും ഒന്നാമതെത്തി. അഞ്ചാം ഏകദിനത്തിൽ ആസ്ട്രേലിയയെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഒാസീസ് ഉയർത്തിയ 243 റൺസ് വിജയലക്ഷ്യം 43 പന്തുകൾ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് മാത്രം വീട്ടുനൽകി ഇന്ത്യ മറികടന്നു. 109 പന്തിൽ 125 റൺസ് നേടി രോഹിത് ശർമ ഒരിക്കൽ കൂടി ആസ്ട്രേലിയക്കെതിരെ ഉറഞ്ഞാടിയപ്പോൾ ഇന്ത്യൻ വിജയം അനായാസമാവുകയായിരുന്നു.
243 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി ഒാപ്പണർമാരായ അജിൻക്യ രഹാനെയും രോഹിത് ശർമയും മിന്നുന്ന തുടക്കമാണ് നൽകിയത്. അടുത്തടുത്ത് അർധ സെഞ്ച്വറി നേടിയ ഇരുവരും എതിരാളികൾക്ക് ഒരവസരവും നൽകിയില്ല. 22.3 ഒാവറിൽ 124 റൺസിെൻറ മികച്ച അടിത്തറയിട്ട ശേഷം അജിൻക്യ രഹാനെയാണ് ആദ്യം പുറത്തായത്. 74 പന്തിൽ 61 റൺസായിരുന്നു രഹാനെയുടെ സംഭാവന. കോൾട്ടർ നൈലിെൻറ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയാണ് രഹാനെ പുറത്തായത്.
തുടർന്ന് രണ്ടാം വിക്കറ്റിൽ രോഹിതിന് കൂട്ടായി ക്യാപ്റ്റൻ വിരാട് കോഹ്ലി വന്നു. മെല്ലെ തുടങ്ങിയ കോഹ്ലി അടിച്ചുപരത്താനുള്ള ചുമതല രോഹിതിന് കൈമാറി. കഴിഞ്ഞ കളികളിൽ മികച്ചു കളിച്ചിട്ടും സെഞ്ച്വറി തികയ്ക്കാൻ കഴിയാതെ പോയ പിഴവ് ആവർത്തിക്കാതിരിക്കാൻ കരുതലോടെയുമായിരുന്നു രോഹിതിെൻറ ആക്രമണം. അഞ്ച് സിക്സറുകളും 11 ബൗണ്ടറിയുമായി 109 പന്തിൽ 125 റൺസെടുത്ത രോഹിത് ആദം സംപയുടെ പന്തിൽ കോൾട്ടർ നെയ്ൽ പിടിച്ചു പുറത്താകുമ്പോൾ ഇന്ത്യൻ വിജയം 61 പന്തിൽ 20 റൺസിന് അരികിലായിരുന്നു. പതിവിൽനിന്നു മാറി 55 പന്തിൽ 39 റൺസുമായി നങ്കൂരമിട്ടു കളിച്ച കോഹ്ലി അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായെങ്കിലും ഒാസീസിന് പ്രതീക്ഷക്ക് വകയൊന്നുമില്ലായിരുന്നു.
തുടർന്ന് വിജയിക്കാനാവശ്യമായ 16 റൺസ് വിക്കറ്റൊന്നും പാഴാക്കാതെ കേദാർ ജാദവും മനീഷ് പാണ്ഡെയും ചേർന്ന് അടിച്ചെടുത്തതോടെ 43ാമത്തെ ഒാവറിലെ അവസാന പന്തിൽ വിജയവും ഒന്നാം റാങ്കും ഇന്ത്യൻ വരുതിയിലായി.
ആദ്യത്തെ മൂന്നു ഏകദിനത്തിലും വിജയിച്ച് പരമ്പര നേരത്തേ ഇന്ത്യ സ്വന്തമാക്കിയിരുന്നു. അതോടെ ഒന്നാം റാങ്കിലെത്തിയ ഇന്ത്യക്ക് ബംഗളൂരു ഏകദനിത്തിലെ തോൽവി രണ്ടാം റാങ്കിലേക്ക് താഴ്ത്തിയിരുന്നു. നാഗ്പൂർ ഏകദനിത്തിലെ ജയത്തോടെ വീണ്ടും ഇന്ത്യ ഒന്നാമതായി.
നേരത്തെ ടോസ് ഭാഗ്യം കനിഞ്ഞ ആസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആരോൺ ഫിഞ്ച് (32), ഡേവിഡ് വാർണർ (53), ട്രാവസ് ഹെഡ് (42), മാർകസ് സ്റ്റോയിനിസ് (44) എന്നിവരാണ് ആസ്ട്രേലിയയുടെ സ്കോററർമാർ. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് 16 റൺസെടുത്ത് പുറത്തായി.
ആരോൺ ഫിഞ്ചും വാർണറും തമ്മിലുള്ള ഒന്നാം കൂട്ട്കെട്ട് മികച്ച രീതിയിൽ മുന്നേറവെയാണ് പാണ്ഡ്യ അത് തകർത്തത്. പിന്നീട് സ്റ്റോണിസും ഹെഡും ചേർന്നാണ് ആസ്ട്രേലിയയെ കരകയറ്റിയത്. ഇരുവരും ചേർന്ന കൂട്ട്കെട്ട് നിർണായകമായ 87 റൺസാണ് സ്കോർബോർഡിൽ ചേർത്തത്. അക്സർ പട്ടേൽ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റും വീഴ്ത്തി. ഭുവനേശ്വർ കുമാർ, ഹർദിക് പാണ്ഡ്യെ, കേദാർ ജാദവ് എന്നിവർ ഒാരോ വിക്കറ്റ് വീതം വീഴ്ത്തി.
ഉമേഷ് യാദവും മുഹമ്മദ് ഷാമിയെയും പുറത്തിരുത്തിയാണ് കഴിഞ്ഞ മൽസരത്തിൽ പുറത്തിരുന്ന ജസ്പ്രീത് ബുംറയും ഭുവേശ്വർ കുമാറും ഇന്ത്യൻ നിരയിൽ തിരിച്ചെത്തിയത്. അസുഖബാധിതനായ യുസ്‌വേന്ദ്ര ചാഹലിനു പകരം കുൽദീപ് യാദവും മടങ്ങിയെത്തി. ആസ്ട്രേലിയക്കായി കഴിഞ്ഞ മൽസരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച റിച്ചാർഡ്സൻ ആരോഗ്യപ്രശ്നങ്ങളാൽ കളിച്ചില്ല. റിച്ചാർഡ്സനു പകരം ജയിംസ് ഫോക്നർ ഓസീസ് ടീമിൽ തിരിച്ചെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.