രണ്ടാം സന്നാഹത്തിൽ ഇന്ത്യക്ക് 240 റൺസ് ജയം; ബംഗ്ലാദേശ് 84ന് പുറത്ത്
text_fieldsലണ്ടൻ: സന്നാഹത്തിൽ രണ്ടിലും ജയിച്ച് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന് സർവസജ്ജരായി ഒരുങ്ങിക്കഴിഞ്ഞു. ഇനി പാകിസ്താനെതിരെ ആദ്യ മത്സരത്തിന് പൂർണ ആത്മവിശ്വാസത്തിൽ കോഹ്ലിക്കും കൂട്ടർക്കും കളത്തിലിറങ്ങാം. ബാറ്റിങ്നിരയും ബൗളിങ്പടയും ഒന്നിച്ച് തിളങ്ങിയ രണ്ടാമത്തെയും അവസാനത്തെയും സന്നാഹമത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യൻ വിജയം 240 റൺസിനായിരുന്നു. കഴിഞ്ഞ സന്നാഹത്തിൽ പൂജ്യത്തിന് പുറത്തായ ദിനേഷ് കാർത്തികും (94) ഒാൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും (80) ശിഖർ ധവാനും (60) അർധസെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 324 റൺസിെൻറ കൂറ്റൻ സ്കോർ കണ്ടെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാകടുവകൾ ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ പതറി ഒന്നിനു പിറകെ ഒന്നായി കൂടാരം കയറിയതോടെ 84 റൺസിന് അവസാനിച്ചു. മുശ്ഫികുർ റഹീം (13), മെഹ്ദി ഹസൻ മിറാസ്(24), സുൻസമുൽ ഇസ്ലാം (18) എന്നിവർ മാത്രമാണ് രണ്ടക്കം കണ്ടത്. സ്കോർ: ഇന്ത്യ: 324/7 ബംഗ്ലാദേശ്: 84/10 (23.5 ഒാവർ).
ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബംഗ്ലാദേശ് ക്യാപ്റ്റെൻറ തീരുമാനത്തെ ശരിവെച്ചതായിരുന്നു രണ്ടാം ഒാവറിൽ സംഭവിച്ചത്. ദീർഘകാലത്തിനുശേഷം ക്രീസിലെത്തിയ ഒാപണർ രോഹിത് ശർമ ഒരു റൺസുമായി റുബൽ ഹുസൈനിെൻറ പന്തിൽ ക്ലീൻബൗൾഡ്. പിന്നാലെ അജിൻക്യ രഹാനെയും(11) പുറത്തായതോടെ രണ്ടിന് 21 എന്ന നിലയിൽ ഇന്ത്യ തകർച്ചയിലേക്കെന്നു തോന്നിച്ചിരുന്നു. എന്നാൽ, ശിഖർ ധവാൻ (60)-ദിനേഷ് കാർത്തിക് (94) സഖ്യം ഇന്ത്യയെ രക്ഷിച്ചതോടെ തകർച്ചയിൽനിന്ന് ടീം കരകയറി.
ഇരുവരും മൂന്നാം വിക്കറ്റിൽ 100 റൺസിെൻറ കൂട്ടുകെട്ടുണ്ടാക്കി. ടീം സ്കോർ 121 റൺസിലെത്തിനിൽക്കുേമ്പാഴാണ് ധവാൻ പുറത്താകുന്നത്. ശേഷം ദിനേഷ് കാർത്തിക് കേദാർ ജാദവിനെയും (31) കൂട്ടുപിടിച്ച് സ്കോർ ഉയർത്തി. അവസാനത്തിൽ ഹാർദിക് പാണ്ഡ്യയും (80) രവീന്ദ്ര ജദേജയും(32) ആഞ്ഞുവീശിയതോടെ ടീം സ്കോർ മുന്നൂറും കടന്ന് മുന്നേറി. ഇന്ത്യക്കായി ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ് എന്നിവർ മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ആർ. അശ്വിൻ, ഹാർദിക് പാണ്ഡ്യ എന്നിവർ ഒാരോ വിക്കറ്റ് വീതവും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.