ആസ്ട്രേലിയക്കെതിരെ പതറുന്നു; ആദ്യ ദിനം ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടം
text_fieldsഅഡ്ലെയ്ഡ്: ഡൗൺ അണ്ടറിൽ ആദ്യ പരമ്പരവിജയം സ്വപ്നംകണ്ടിറങ്ങിയ ഇന്ത്യക്ക് തുടക്കം പിഴച്ചപ്പോൾ ഒരിക്കൽകൂടി ടെസ്റ്റ് സ്പെഷലിസ്റ്റ് ചേതേശ്വർ പുജാര രക്ഷകനായി അവതരിച്ചു. ഒറ്റക്കു മത്സരം ജയിപ്പിക്കുന്ന കപ്പിത്താൻ വിരാട് കോഹ്ലിയടക്കം നിഷ്പ്രഭരായ പരമ്പരയിലെ ആദ്യ ഇന്നിങ്സിൽ 16ാം സെഞ്ച്വറി നേട്ടവുമായി കളംനിറഞ്ഞ ചേതേശ്വർ പുജാരയുടെ (123) ഒറ്റയാൾ പ്രകടനത്തിെൻറ ബലത്തിൽ ആദ്യ ടെസ്റ്റിെൻറ ആദ്യ ദിനം ഇന്ത്യ ഒമ്പതിന് 250 എന്ന ഭേദപ്പെട്ട നിലയിൽ.
സമീപകാല തിരിച്ചടികളാൽ ദൗർബല്യങ്ങളേറെയുള്ള കങ്കാരുപ്പടയെ നിഷ്പ്രഭമാക്കി ചരിത്രം കുറിക്കാമെന്ന മോഹവുമായി ഇറങ്ങിയ ഇന്ത്യക്കായിരുന്നു ടോസ്. ബാറ്റിങ് പിച്ചിൽ റൺമഴ പെയ്യിക്കാൻ പാഡ് കെട്ടിയ മുൻനിരക്കാർ പക്ഷേ, നിരാശപ്പെടുത്തി. കെ.എൽ. രാഹുൽ (2), മുരളി വിജയ് (11), കോഹ്ലി (3), അജിൻക്യ രഹാനെ (13) എന്നിവർ തീർത്തും മങ്ങിയപ്പോൾ ലോവർ മിഡിൽ ഒാർഡറാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ രോഹിത് ശർമ (37), ഋഷഭ് പന്ത് (25), രവിചന്ദ്ര അശ്വിൻ (25) എന്നിവർ പുജാരക്ക് നൽകിയ പിന്തുണയാണ് സ്കോർ 250ലെത്തിച്ചത്.
തകർന്നടിഞ്ഞ് മുൻനിര
സന്നാഹമത്സരത്തിൽ പരിക്കേറ്റ കൗമാരക്കാരൻ പൃഥ്വി ഷായുടെ അഭാവത്തിൽ ഒാപണിങ്ങിന് അവസരം ലഭിച്ച രാഹുലും വിജയും അതിവേഗം മടങ്ങി. രാഹുലിനെയാണ് ആദ്യം നഷ്ടമായത്. രണ്ടാം ഒാവറിൽതന്നെ അലക്ഷ്യമായി ബാറ്റുവീശിയപ്പോൾ ജോഷ് ഹാസൽവുഡിെൻറ പന്തിൽ തേർഡ് സ്ലിപ്പിൽ ആരോൺ ഫിഞ്ചിെൻറ കൈകളിലൊതുങ്ങാനായിരുന്നു വിധി. പിന്നാലെ, സ്കോറിങ്ങിന് വേഗംകൂട്ടാൻ ശ്രമിച്ച മുരളി വിജയിയും സ്റ്റാർക്കിെൻറ പന്തിൽ വിക്കറ്റിനു പിറകിൽ നായകൻ ടിം പെയ്നിന് ക്യാച്ച് നൽകി പുറത്തായി. പിന്നീട് വന്ന നായകൻ കോഹ്ലിയെ പാറ്റ് കമ്മിൻസിെൻറ പന്തിൽ ഗള്ളിയിൽ ഉസ്മാൻ ഖ്വാജ മനോഹരമായ ഡൈവിങ് ക്യാച്ചിലൂടെ അവിശ്വസനീയമായി കൈകളിലൊതുക്കി. മൂന്നിന് 19 എന്ന നിലയിൽ വൻ തകർച്ച നേരിട്ട ഇന്ത്യക്കായി ഉപനായകൻ രഹാനെയും പുജാരയും ഒരുമിച്ചപ്പോൾ പ്രതീക്ഷയുയർന്നെങ്കിലും അധികം ആയുസ്സുണ്ടായില്ല. സ്കോർ 41ൽ നിൽക്കെ ഹാസൽവുഡിെൻറ പന്തിൽ സ്ലിപ്പിൽ പീറ്റർ ഹാൻസ്കോമ്പിന് പിടിനൽകി രഹാനെയും മടങ്ങി.
പുജാര സ്പെഷൽ
ലഞ്ചിന് മുമ്പുതന്നെ നാലിന് 41 എന്ന സ്കോറിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ കരകയറ്റിയത് ഒരറ്റത്ത് ഉറച്ചുനിന്ന പുജാരയായിരുന്നു. രോഹിതിനൊപ്പം 45ഉം പന്തിനൊപ്പം 41ഉം അശ്വിനൊപ്പം 62ഉം റൺസ് ചേർത്ത പുജാര വാലറ്റക്കാരായ ഇശാന്ത് ശർമക്കൊപ്പം 21ഉം മുഹമ്മദ് ഷമിക്കൊപ്പം 40ഉം റൺസ് ചേർത്ത േശഷമാണ് പോരാട്ടം അവസാനിപ്പിച്ചത്. 246 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും അടക്കമായിരുന്നു പുജാരയുടെ ഇന്നിങ്സ്. ഒടുവിൽ 88ാം ഒാവറിൽ റണ്ണൗട്ടായാണ് പുജാര മടങ്ങിയത്. അതോടെ അമ്പയർമാർ ആദ്യ ദിനത്തിലെ കളി അവസാനിപ്പിക്കുകയും ചെയ്തു.
വൻതകർച്ച നേരിട്ടുകൊണ്ടിരിക്കെ അനാവശ്യമായി കൂറ്റനടിക്ക് മുതിർന്നതാണ് രക്ഷകനാകുമെന്ന് തോന്നിച്ച രോഹിത് ശർമയുടെ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. നതാൻ ലിയോൺ എറിഞ്ഞ 38ാം ഒാവറിലെ രണ്ടാം പന്ത് ഉയർത്തിയടിച്ചത് ഫീൽഡർ മാർകസ് ഹാരിസിനെ മറികടന്ന് കഷ്ടിച്ചാണ് സിക്സറായത്. ഗാലറിയിലെ നെടുവീർപ്പിന് അധികം ആയുസ്സുണ്ടായില്ല. തൊട്ടടുത്ത പന്തും രോഹിത് ഉയർത്തിയടിച്ചത് ഹാരിസ് കൈകളിലൊതുക്കി.
പിന്നാലെ വന്ന പന്തും വെടിക്കെട്ട് തീർക്കാനുള്ള ഒരുക്കത്തിലായിരുന്നു. ലിയോണിെൻറ പന്തിൽ പെയ്നിന് ക്യാച്ച് നൽകി പന്ത് മടങ്ങിയ ശേഷമെത്തിയ അശ്വിനാണ് ക്ഷമയോടെ പുജാരക്ക് പിന്തുണ നൽകിയത്. കമ്മിൻസിെൻറ പന്തിൽ ഹാൻസ്കോമ്പിന് പിടി നൽകി അശ്വിൻ മടങ്ങിയശേഷം ഇശാന്തും പിടിച്ചുനിന്നു. സ്റ്റാർകിെൻറ യോർക്കറിൽ കുറ്റിതെറിച്ച് ഇശാന്ത് മടങ്ങിയശേഷം എത്തിയ ഷമിയും പോരാടാനുറച്ചായിരുന്നു. ആറു റൺസെടുത്ത ഷമിയാണ് സ്റ്റെമ്പടുക്കുേമ്പാൾ ക്രീസിലുള്ളത്.
സ്റ്റാർക്, ഹാസൽവുഡ്, കമ്മിൻസ് എന്നിവരടങ്ങിയ ഒാസീസ് പേസ്ത്രയമാണ് കേളികേട്ട ഇന്ത്യൻനിരയെ തകർത്തെറിഞ്ഞത്. മൂവരും ഒാഫ് സ്പിന്നർ ലിയോണും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഒാസീസ് നിരയിൽ ഒാപണർ മാർകസ് ഹാരിസ് അരങ്ങേറ്റ മത്സരത്തിനിറങ്ങിയപ്പോൾ ഇന്ത്യ 12 അംഗ ടീമിൽ ഹനുമ വിഹാരിയെ കരക്കിരുത്തി രോഹിതിന് അവസരം നൽകി.
എെൻറ മികച്ച ഇന്നിങ്സുകളിലൊന്ന് -പുജാര
അഡ്ലെയ്ഡ്: വ്യാഴാഴ്ച ആസ്ട്രേലിയക്കെതിരെ നേടിയത് തെൻറ കരിയറിലെ മികച്ച ഇന്നിങ്സുകളിലൊന്നാണെന്ന് ചേതേശ്വർ പുജാര. ‘‘ടീമംഗങ്ങൾ പറയുന്നത് ഇത് ഏറ്റവും മികച്ച ഇന്നിങ്സാണെന്നാണ്. എന്നാൽ, ഏറ്റവും മികച്ച അഞ്ച് പ്രകടനങ്ങളിലൊന്നായാണ് ഞാനിതിനെ കാണുന്നത്’’ -പുജാര ആദ്യ ദിനത്തിലെ കളിക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. ‘‘മുൻനിരക്കാർ നല്ല രീതിയിൽ ബാറ്റ് ചെയ്യണമായിരുന്നു. രണ്ടാം ഇന്നിങ്സ് ബാറ്റ് ചെയ്യാനുണ്ട്. പിഴവുകളിൽനിന്ന് അവർ പഠിക്കും. ആദ്യ രണ്ടു സെഷനിൽ ഒാസീസ് മികച്ച രീതിയിൽ പന്തെറിഞ്ഞു. ക്ഷമയോടെ മോശം പന്തുകൾ കാത്തുനിൽക്കുകയാണ് വേണ്ടതെന്ന് മനസ്സിലാക്കി’’ -പുജാര കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.