രണ്ടാം ടെസ്റ്റ്: ആസ്ട്രേലിയക്ക് 48 റൺസ് ലീഡ്, ആറിന് 237
text_fieldsബംഗളൂരു: പന്തെറിഞ്ഞ് നടുവൊടിഞ്ഞ ഇശാന്ത് ശർമയുടെ മിമിക്രി, പന്ത് ബാറ്റ്തൊടാതെ അകലുേമ്പാൾ ക്രീസിൽ സ്റ്റീവ് സ്മിത്തിെൻറ സർക്കസ്, ഇതെല്ലാംകണ്ട് ചിരിയടക്കാനാകാതെ ക്യാപ്റ്റൻ വിരാട് കോഹ്ലിയും കൂട്ടുകാരും. ഇരുകൂട്ടരും മനസ്സിലെഴുതിയ തിരക്കഥയിൽനിന്ന് കളി വഴിമാറിയേപ്പാൾ ബംഗളൂരു ചിന്നസ്വാമിയിലെ ടെസ്റ്റിെൻറ രണ്ടാം ദിനത്തിൽ ഇതൊക്കെയായിരുന്നു ആവേശം. ഇന്ത്യക്കെതിരെ രണ്ടാം ദിനം ആസ്ട്രേലിയ ലീഡ് നേടിയതിനേക്കാൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതും ഇശാന്തിെൻറയും സ്മിത്തിെൻറയും കോപ്രായങ്ങൾ.
ഇശാന്തും ഉമേഷ് യാദവും അശ്വിനും ചേർന്ന് ഒരു ദിവസം മുഴുവനെടുത്ത് 73 ഒാവർ പന്തെറിഞ്ഞപ്പോൾ ആറിൽ മൂന്നു വിക്കറ്റുകളേ ഇവർക്ക് വീഴ്ത്താനായുള്ളൂ. ശേഷിച്ച മൂന്നും 16 എറിഞ്ഞ രവീന്ദ്ര ജജേദ വീഴ്ത്തി. ഒരുദിനം കൊണ്ട് പിറന്നതാവെട്ട 197 റൺസും. രണ്ടാം ടെസ്റ്റ് മൂന്നാം ദിനത്തിലേക്ക് നീങ്ങിയപ്പോൾ, ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 189 റൺസ് മറികടന്ന ഒാസീസ് 48 റൺസിെൻറ നിർണായക ലീഡ് സ്വന്തമാക്കി. ബൗൺസും ടേണും നന്നായി കണ്ടെത്തിയ പിച്ചിൽ കടുത്ത പ്രതിരോധത്തിലൂന്നി ബാറ്റ്ചെയ്ത ആസ്ട്രേലിയക്കായിരുന്നു മുൻതൂക്കം. ആറു വിക്കറ്റ് വീണെങ്കിലും സ്കോറിങ് ദുഷ്കരമായ മണ്ണിൽ പിടിച്ചുനിന്ന് കളിച്ചവർ നേടിയ ലീഡ് ഇന്ത്യയെ അങ്കലാപ്പിലാക്കി. ഒാപണർ മാറ്റ് റെൻഷോയും (60), ഷോൺ മാർഷും (66) അർധസെഞ്ച്വറി കടന്നപ്പോൾ ഡേവിഡ് വാർനറും (33) പൊരുതിക്കളിച്ചു. രണ്ടാം ദിനം സ്റ്റംപെടുക്കുേമ്പാൾ മാത്യു വെയ്ഡും (25) മിച്ചൽ സ്റ്റാർകുമാണ് (14) ക്രീസിൽ.
വിണ്ടുകീറിയ പിച്ചിൽ രാവിലെതന്നെ വിക്കറ്റുകൾ വീഴ്ത്തി തുടങ്ങാമെന്ന മോഹത്തിലായിരുന്നു ഇന്ത്യ. പേസിന് ബൗൺസും, സ്പിന്നിന് ടേണും ഒരേപോലെ ലഭിച്ചപ്പോൾ എളുപ്പം പദ്ധതി വിജയിപ്പിക്കാമെന്ന നിലയിലായി. അശ്വിനൊപ്പം ഇശാന്തായിരുന്നു ന്യൂബാൾ എറിഞ്ഞുതുടങ്ങിയത്. എന്നാൽ, മുള്ളിനെ മുള്ളുകൊണ്ടെന്ന പ്രായോഗിക സമീപനത്തിൽ ഒാസീസ് തിരിച്ചടിച്ചു. വിക്കറ്റൊന്നും നഷ്ടമാവാതെ 40 റൺസെന്ന നിലയിൽ കളി തുടർന്നവർക്ക് വാർനറെ ചായക്കുമുേമ്പ നഷ്ടമായി. രണ്ടാം വിക്കറ്റിൽ റെൻേഷാക്ക് കൂട്ടായി ആദ്യ ടെസ്റ്റിലെ സെഞ്ച്വറിക്കാരൻ ക്യാപ്റ്റൻ സ്മിത്തെത്തി. ഇശാന്തും അശ്വിനും മാറിമാറി തന്നെ പന്തെറിഞ്ഞു. ഒാരോ പന്തും ഡിഫൻഡ് ചെയ്ത് ക്രീസിൽ ചാടിക്കളിച്ച സ്മിത്തിെൻറ ശരീരഭാഷയിൽ ബൗളർമാരും പ്രകോപിതരായി. ഇതായിരുന്നു ഒരുഘട്ടത്തിൽ ഇശാന്തിെൻറ കോപ്രായത്തിന് വഴിയൊരുക്കിയത്.
ഉച്ച പിരിയുംമുമ്പ് രവീന്ദ്ര ജദേജക്ക് പന്ത് നൽകിയപ്പോൾ മാത്രമേ ഇൗ കൂട്ടുകെട്ട് പിളർന്നുള്ളൂ. 52 പന്തിൽ എട്ട് റൺസെടുത്ത് അനങ്ങാതെനിന്ന സ്മിത്തിനെ ജദേജ സാഹയുടെ ഉജ്ജ്വല ക്യാച്ചിലൂടെ പുറത്താക്കി. പിന്നെ കണ്ടത് വിക്കറ്റിന് മുന്നിലൊരു അദൃശ്യമായ വൻമതിൽ. മൂന്നാം വിക്കറ്റിൽ 52 റൺസേ പിറന്നുള്ളൂവെങ്കിലും 25 ഒാവർ നിലയുറപ്പിച്ചു. എന്നിട്ടും ജദേജക്ക് കൂടുതൽ ഒാവർ നൽകാൻ കോഹ്ലിക്ക് പ്ലാനില്ലായിരുന്നു. ഇശാന്തും ഉമേഷും മാറിമാറിയെത്തിയപ്പോൾ മറുതലക്കൽ അശ്വിൻ തന്നെ എറിഞ്ഞു. വല്ലപ്പോഴും മാത്രമെത്തിയ ജദേജയാവെട്ട വിക്കറ്റുകൾ വീഴ്ത്തി മറുപടി നൽകി. റെൻഷോയെ സാഹയെക്കൊണ്ട് സ്റ്റംപ് ചെയ്യിച്ച് ജദേജ മടക്കി. പിന്നാലെ, ഹാൻഡ്സ്കോമ്പിനെയും (16) ജദേജ തന്നെ മടക്കി. പിന്നാലെ, മിച്ചൽ മാർഷ് (0) ഇശാന്തിെൻറ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി പുറത്തായി. അഞ്ചിന് 163 എന്ന നിലയിലായ സന്ദർശകർ ലീഡിന് മുമ്പ് വീഴുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യ. എന്നാൽ, ആറാം വിക്കറ്റിൽ വെയ്ഡിനൊപ്പം മാർഷ് ഇൗ മോഹം കളഞ്ഞു. 220ലെത്തിയപ്പോൾ മാത്രമേ ഇൗ കൂട്ട് പിരിഞ്ഞുള്ളൂ.
അശ്വിൻ 41 ഒാവർ എറിഞ്ഞ് ഒരു വിക്കറ്റ് വീഴ്ത്തിയപ്പോൾ, ജദേജ 17 ഒാവറിനുള്ളിൽ മൂന്ന് പേരെ മടക്കി. നാലുപേർ എറിഞ്ഞുതളർന്നതിനിടെ മലയാളി താരം കരുൺ നായരും ബൗളറുടെ വേഷമണിയേണ്ടിവന്നു. നാല് വിക്കറ്റ് ൈകയിലിരിക്കെ 100 റൺസെങ്കിലും ലീഡ് നേടിയാൽ ഒാസീസിന് മേധാവിത്വമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.