Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യക്ക്​ ജയം,...

ഇന്ത്യക്ക്​ ജയം, പരമ്പര

text_fields
bookmark_border
ഇന്ത്യക്ക്​ ജയം, പരമ്പര
cancel

ബംഗളൂരു: മൂന്നില്‍ മൂന്നും ജയിച്ച് താനൊരു സമ്പൂര്‍ണ ക്യാപ്റ്റനാണെന്ന് വിരാട് കോഹ്ലി തെളിയിച്ചു. ഫൈനലായി മാറിയ മൂന്നാം ട്വന്‍റി20യില്‍ ഇംഗ്ളണ്ടിനെ 75 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ 2-1ന് പരമ്പരയും കപ്പും സ്വന്തമാക്കി. 25 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് ഇംഗ്ളണ്ടിന്‍െറ കഥകഴിച്ചത്. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ അടിയറവെച്ച ഇംഗ്ളണ്ട് ട്വന്‍റി20യിലെ പരാജയത്തോടെ മാസങ്ങള്‍ നീണ്ട ഇന്ത്യന്‍ പര്യടനം അവസാനിപ്പിച്ച് മടങ്ങുന്നത് വെറുംകൈയോടെ.സുരേഷ് റെയ്നയുടെയും മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികള്‍ അഴകേകിയ ഇന്നിങ്സിലൂടെ ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സ് ലക്ഷ്യം മറികടക്കാനാവാതെ ഇംഗ്ളണ്ട് 127 റണ്‍സിന് ഇടറിവീഴുകയായിരുന്നു.

ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് 119 എന്ന ഭേദപ്പെട്ട സ്കോറില്‍ നിന്ന ടീമാണ് വെറും എട്ട് റണ്ണിന് അവസാനത്തെ ഏഴു വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് പൊരുതാന്‍പോലും നില്‍ക്കാതെ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. റണ്ണെടുക്കാതെ സാം ബില്ലിങ്സിനെ തന്‍െറ ആദ്യ ഓവറില്‍ മടക്കിയ ചാഹല്‍ ജോ റൂട്ട്, ഓയിന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്, മുഈന്‍ അലി എന്നീ വമ്പനടിക്കാരെയും ക്രിസ് ജോര്‍ദനെന്ന വാലറ്റക്കാരനെയും വീഴ്ത്തി തന്‍െറ കരിയറില്‍ എക്കാലവും ഓര്‍മിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അമിത് മിശ്ര അവശേഷിച്ച വിക്കറ്റ് സ്വന്തമാക്കി.

ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും മൂന്നു ക്യാച്ചുകളുമായി കോഹ്ലി ഫീല്‍ഡില്‍ നിറഞ്ഞുനിന്നു.നേരത്തെ, പരമ്പരയില്‍ മൂന്നാം വട്ടവും ടോസ് അനുഗ്രഹിച്ച മൊയിന്‍ ഓര്‍ഗന്‍ പതിവുപോലെ ഇന്ത്യയെ ബാറ്റിങ്ങിനിറക്കി. മൂന്നാം തവണയും ഓപണറായി ഇറങ്ങി പരാജയപ്പെടാനായിരുന്നു ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ വിധി. ലോകേഷ് രാഹുലുമായുണ്ടായ ആശയക്കുഴപ്പത്തില്‍ റണ്ണൗട്ട് ആകുമ്പോള്‍ വെറും രണ്ട് റണ്‍സായിരുന്നു കോഹ്ലിയുടെ സമ്പാദ്യം.
തുടര്‍ന്ന് തുടര്‍ച്ചയായ സിക്സറുകളും ബൗണ്ടറിയുമായി റെയ്ന ആളിക്കത്തിയപ്പോള്‍ സ്കോര്‍ കുതിച്ചു.  ലോകേഷ് രാഹുല്‍ കൂറ്റനടിക്ക് ശ്രമിച്ച് ബെന്‍ സ്റ്റോക്കിന്‍െറ പന്തില്‍ കുറ്റി തെറിച്ച് 22 റണ്‍സുമായി പുറത്തായി.

നാലാമനായി ക്രീസില്‍ എത്തിയ ധോണി തകര്‍ത്തടിച്ചു.  ആദില്‍ റാഷിദിനെ സിക്സറിന് പറത്തി റെയ്ന കരിയറിലെ നാലാമത്തെ അര്‍ധ സെഞ്ച്വറി തികച്ചു. മറുവശത്ത് ധോണി ടോപ് ഗിയറിലേക്ക് കളി മാറ്റിയതോടെ റണ്ണൊഴുക്കായി. ലിയാം പ്ളങ്കറ്റിനെ സിക്സറിന് പറത്താനുള്ള ശ്രമം ഒയിന്‍ മോര്‍ഗന്‍െറ കൈയില്‍ ഒതുങ്ങിയപ്പോള്‍ റെയ്നയുടെ ഇന്നിങ്സിന് അന്ത്യമായി. 45 പന്തില്‍ അഞ്ച് കൂറ്റന്‍ സിക്സറും രണ്ട് ഫോറുകളുമായി 63 റണ്‍സെടുത്താണ് റെയ്ന മടങ്ങിയത്. പകരം വന്ന യുവരാജ് സിങ് പഴയകാലത്തെ ഓര്‍മിപ്പിച്ച് ക്രിസ് ജോര്‍ദന്‍ എറിഞ്ഞ 18ാമത്തെ ഓവറില്‍ മൂന്ന് സിക്സറും ബൗണ്ടറിയും പായിച്ച് 23 റണ്‍സാണ് വാരിക്കൂട്ടിയത്. പക്ഷേ, അടുത്ത ഓവറില്‍ ടൈമല്‍ മില്‍സിന്‍െറ വേഗം കുറഞ്ഞ പന്ത് യുവിയെ കബളിപ്പിച്ചു. അര്‍ധ ശങ്കയോടെ ബാറ്റുവെച്ച യുവരാജ് വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലറുടെ കൈയില്‍ കുടുങ്ങി. വെറും 10 പന്തില്‍ 27 റണ്‍സാണ് യുവരാജ് അടിച്ചുപറത്തിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹാര്‍ദിക് പാണ്ഡ്യയും അരങ്ങേറ്റക്കാരന്‍ ഋഷഭ് പന്തും സ്കോര്‍ 200 കടത്തി. യുസ്വേന്ദ്ര ചാഹലാണ് മാന്‍ ഓഫ് ദ മാച്ച്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs England
News Summary - India vs England
Next Story