അവസാന മത്സരത്തിൽ 35 റൺസ് ജയം; ന്യുസിലൻഡും കീഴടക്കി ഇന്ത്യ
text_fieldsവെല്ലിങ്ടൺ: നാലാം ഏകദിനംപോലെ തുടക്കത്തിൽ വമ്പൻ തകർച്ചയെത്തിയപ്പോൾ ഒന്നു പേടിച്ചതാണ്. എന്നാൽ, അമ്പാട്ടി റായുഡുവിെൻറ ഒറ്റയാൻ പോരാട്ടവും പാണ്ഡ്യയുടെ ‘സർജിക്കൽ സ്ട്രൈക്കും’ പിന്നാലെ ബൗളർമാരുടെ അവസരത്തിനൊത്ത പ്രകടനവും ഒത്തുവന്നപ്പോൾ, വെല്ലിങ്ടണിൽ അവസാന ചിരി ഇന്ത്യയുടേത്. കൊണ്ടും െകാടുത്തും മുന്നേറിയ അവസാന ഏകദിനത്തിൽ കിവീസിനെ ഇന്ത്യ 35 റൺസിന് തോൽപിച്ചു. ഇതോടെ 4-1െൻറ ചരിത്ര പരമ്പര വിജയം. സ്കോർ: ഇന്ത്യ-252/10(49.5 ഒാവർ), ന്യൂസിലൻഡ്-217/10 (44.1ഒാവർ). മുഹമ്മദ് ഷമി പരമ്പരയിലെ താരമായപ്പോൾ, അമ്പാട്ടി റായുഡു മാൻ ഒാഫ് ദി മാച്ചായി. മൂന്ന് മത്സരങ്ങളടങ്ങിയ ട്വൻറി20 പരമ്പര ആറിന് തുടങ്ങും.
തകർന്നു, പിന്നെ തകർത്തു
നാലാം ഏകദിനം പോലെതന്നെയായിരുന്നു വെല്ലിങ്ടണിലും ഇന്ത്യയുടെ തുടക്കം. 18 റൺസിനിടെ നാലു െകാമ്പന്മാർ പുറത്തായപ്പോൾ (രോഹിത്-2, ധവാൻ-6, ശുഭ്മാൻ ഗിൽ-7, ധോണി-1) സെഡൻ പാർക്കിൽ 92 റൺസിന് തകർന്ന മത്സരത്തിെൻറ തനിയാവർത്തനമാണെന്ന് തോന്നിപ്പിച്ചു. എന്നാൽ, ട്വിസ്റ്റുണ്ടാകുന്നത് അഞ്ചാം വിക്കറ്റ് മുതലാണ്. പരമ്പരയിൽ ഇതുവരെ കഴിവുതെളിയിക്കാനാവാത്ത അമ്പാട്ടി റായുഡു (113 പന്തിൽ 90), വിജയ് ശങ്കറിനെ (64 പന്തിൽ 45) കൂട്ടുപിടിച്ച് നടത്തിയ 98 റൺസിെൻറ കൂട്ടുകെട്ട് ഇന്ത്യൻ ക്യാമ്പിന് ആത്മവിശ്വാസം നൽകി. ആറു സിക്സും എട്ടു ഫോറും അതിർത്തി കടത്തിയാണ് റായുഡുവിെൻറ ഇന്നിങ്സ്. നാലു ബൗണ്ടറിയുമായി 45 റൺസെടുത്ത വിജയ് ശങ്കറും പിന്നാലെ കേദാർ ജാദവും (34) റായുഡുവിന് നല്ല പിന്തുണ നൽകി. പിന്നീടായിരുന്നു ഹാർദിക് പാണ്ഡ്യയുടെ സർജിക്കൽ സ്ട്രൈക്. 46ാം ഒാവറിൽ ക്രീസിലെത്തിയ പാണ്ഡ്യ രണ്ടു ഫോറും അഞ്ചു കൂറ്റൻ സിക്സും പറത്തി 22 പന്തിൽ 45 റൺസെടുത്തു. ടോഡ് ആസ്ലെയുടെ ഒരു ഒാവറിൽ മൂന്ന് സിക്സ് ഉൾപ്പെടെയായിരുന്നു പാണ്ഡ്യ ഷോ. ഇതോടെ ഇന്ത്യ പൊരുതാവുന്ന സ്കോറിലേക്കെത്തി (252).
കറക്കി വീഴ്ത്തി ബൗളർമാർ
പിന്നീട് കാര്യങ്ങൾ ബൗളർമാർ ഏറ്റെടുത്തു. ഒാപണർമാരായ ഹെൻറി നികോൾസിനെയും (8) കോളിൻ മൺറോയെയും(24) പുറത്താക്കി മുഹമ്മദ് ഷമിയാണ് അറ്റാക്കിങ്ങിന് തുടക്കമിട്ടത്. കൃത്യമായ ഇടവേളകളിൽ ഒാരോരുത്തരായി മടങ്ങിയപ്പോൾ, കളി ഇന്ത്യയുടെ നിയന്ത്രണത്തിലായി. യുസ്വേന്ദ്ര ചഹൽ മൂന്ന് പേരെ പുറത്താക്കിയപ്പോൾ, (ടോം ലതാം-37, കോളിങ് ഡി ഗ്രാൻഡ്ഹോം-11, ടോഡ് ആസ്ലെ-10), ഹാർദിക് പാണ്ഡ്യ രണ്ടും (റോസ് ടെയ്ലർ-1, മിച്ചൽ സാൻറ്നർ-22) ഭുവനേശ്വർ കുമാർ (ട്രെൻറ് ബോൾട്ട് 1), കേദാർ ജാദവ് (കെയിൻ വില്ല്യംസൺ-39) എന്നിവർ ഒാരോ വിക്കറ്റും വീഴ്ത്തി. കളി വഴിതിരിച്ചുവിടാൻ ശേഷിയുണ്ടായിരുന്ന ജെയിംസ് നീഷാമിനെ (44) മിന്നൽവേഗ റൺഒൗട്ടിലൂടെ എം.എസ്. ധോണി മടക്കി അയച്ചത് വഴിത്തിരിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.