ഇന്ത്യക്കെതിരെ ഒന്നാം ടെസ്റ്റിൽ ന്യൂസിലൻഡ് 216/5; 51 റൺസ് ലീഡ്
text_fieldsവെലിങ്ടൺ: ആറുമാസം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിലും ഒന്നാമന്മാരായി വിലസിയ ഇന്ത്യക്ക് ന്യൂസിലൻഡിനു മുന്നിൽ മുട്ടിടിക്കുന്നു. വെലിങ്ടൺ ടെസ്റ്റിലൂടെ കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിങ്സ് ലീഡ് നേടുന്ന ആദ്യ ടീമായി ന്യൂസിലൻഡ് മാറി. ഒരിക്കൽക്കൂടി വാലറ്റം കൂട്ടത്തോടെ വീണേപ്പാൾ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 165ൽ ഒതുങ്ങി. കെയ്ൻ വില്യംസണിെൻറ (89) മികച്ച ബാറ്റിങ്ങിനിടയിലും പരിക്ക് മാറിയെത്തിയ ഇശാന്ത് ശർമ (31/3) ഇന്ത്യൻ ബൗളർമാരിൽ തലയെടുപ്പോടെ നിന്നപ്പോൾ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പാൾ കിവീസ് അഞ്ചിന് 216 റൺസെന്ന നിലയിലാണ്. 51 റൺസ് ലീഡുണ്ട്. വിക്കറ്റ് കീപ്പർ ബി.ജെ. വാട്ലിങ്ങും (14) ഓൾറൗണ്ടർ കോളിൻഡി ഗ്രാൻഡോമുമാണ് (4) ക്രീസിൽ.
അഞ്ചിന് 122 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി കിവി സ്പിന്നർ അജാസ് പട്ടേലിനെ സിക്സടിച്ച് പന്ത് നന്നായി തുടങ്ങി. തൊട്ടുപിന്നാലെ അനാവശ്യ റണ്ണിന് ഒാടിയ രഹാനെക്കുവേണ്ടി റണ്ണൗട്ടായി പന്ത് ത്യാഗം ചെയ്തു. താരം റണ്ണൗട്ടായതാണ് ഇന്ത്യൻ ഇന്നിങ്സിെൻറ ഗതി മാറ്റിയതെന്ന് ടിം സൗത്തി മത്സരശേഷം വ്യക്തമാക്കിയിരുന്നു. ശേഷം ക്രീസിലെത്തിയ ഓൾറൗണ്ടർ ആർ. അശ്വിനെ (0) നേരിട്ട ആദ്യ പന്തിൽ തന്നെ ടിം സൗത്തി ബൗൾഡാക്കി. പന്ത് പോയതോടെ ആക്രമിച്ച് കളിക്കാൻ തുനിഞ്ഞ രഹാനെ ട്രെൻറ് ബോൾട്ടിനെ ഒരുതവണ സ്ക്വയർ ഡ്രൈവിലൂടെ അതിർത്തി കടത്തി. പിന്നാലെ സൗത്തിയുടെ പന്ത് ഒഴിഞ്ഞുമാറാൻ രഹാനെ (46) ശ്രമിച്ചെങ്കിലും ബാറ്റിലുരസി വാട്ലിങ്ങിെൻറ ഗ്ലൗസിലെത്തി. ചടങ്ങു തീർക്കൽ മാത്രം ബാക്കിയായ വേളയിൽ ക്രീസിലെത്തിയ മുഹമ്മദ് ഷമി മൂന്ന് ബൗണ്ടറിയടിച്ച് സ്കോർ 150 കടത്തി. ഇതിനിടെ, ഇശാന്ത് ശർമ (5) വന്നുപോയി. ഇശാന്തിനെ പുറത്താക്കി ജാമിസൺ അരങ്ങേറ്റ ടെസ്റ്റിലെ വിക്കറ്റ് നേട്ടം നാലാക്കി. 20 പന്തിൽ 21 റൺസ് നേടിയ ഷമിയെ സൗത്തി പുറത്താക്കിയതോടെ ആദ്യ സെഷനിൽ തന്നെ ഇന്ത്യ 165ന് പുറത്ത്. ഇന്ത്യയുടെ അവസാന അഞ്ചു വിക്കറ്റുകൾ 33 റൺസിനിടെയാണ് െകാഴിഞ്ഞത്. സൗത്തിയും നാലുവിക്കറ്റ് തികച്ചു.
11ാം ഓവറിൽ ഓപണർ ടോം ലഥാമിനെ (11) പുറത്താക്കി ഇശാന്ത് കിവീസിന് തുടക്കത്തിലേ തിരിച്ചടിയേകി. രണ്ടാം വിക്കറ്റിൽ ടോം ബ്ലൻഡലും (30) കെയ്ൻ വില്യംസണും 47 റൺസ് ചേർത്തു. ബ്ലൻഡലിെൻറ (30) മിഡിൽ സ്റ്റംപ് പിഴുത് ഇശാന്ത് ഇന്ത്യക്ക് വീണ്ടും ബ്രേക്ക്ത്രൂ നൽകി. 100ാം ടെസ്റ്റ് കളിക്കുന്ന റോസ് ടെയ്ലറിൽ വില്യംസൺ ഉറ്റ പങ്കാളിയെ കണ്ടെത്തിയതോടെ ന്യൂസിലൻഡിെൻറ സ്കോർ മുന്നോട്ടുനീങ്ങി. 93 പന്തിൽ കിവി നായകൻ അർധശതകം തികച്ചു. ഇശാന്തിനൊഴികെ മറ്റ് ഇന്ത്യൻ ബൗളർമാർക്കൊന്നും കിവി ജോടിയിൽ ഭീതി വിതക്കാനായില്ല. മൂന്നാം വിക്കറ്റിൽ 93 റൺസ് ചേർത്ത് ഇരുവരും മുന്നേറവെ ടെയ്ലറെ (44) ഷോർട്ട് ഫൈൻ ലെഗിൽ ചേതേശ്വർ പുജാരയുടെ കൈയിലെത്തിച്ച് ഇശാന്ത് വീണ്ടും ഇന്ത്യയുടെ രക്ഷകനായി. വെലിങ്ടണിലെ പിച്ച് ബൗൺസിന് അനുകൂലമാകാൻ തുടങ്ങിയതോടെ 22ാം ടെസ്റ്റ് സെഞ്ച്വറിക്ക് 11 റൺസകലെ വില്യംസൺ ഷമിയുടെ മുന്നിൽ വീണു. സബ്സ്റ്റിറ്റ്യൂട്ട് രവീന്ദ്ര ജദേജക്ക് ക്യാച്ച്. ഹെൻറി നികോൾസ് (10) സെക്കൻഡ് സ്ലിപ്പിൽ വിരാട് കോഹ്ലിക്ക് ക്യാച്ച് നൽകി പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.