ഒന്നിൽ കണ്ണുംനട്ട് ഇന്ത്യ
text_fieldsധർമശാല: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്ക് ഞായറാഴ്ച ധർമശാലയിൽ തുടക്കമാവുേമ്പാൾ ഇന്ത്യയുടെ കണ്ണ് ഒന്നാം റാങ്കിൽ. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയാൽ റാങ്കിൽ ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഇന്ത്യക്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാം. നിലവിൽ ടെസ്റ്റിലും ഒന്നാം സ്ഥാനം ഇന്ത്യക്കു തന്നെയാണ്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് മുന്നോടിയായി വിരാട് കോഹ്ലിക്ക് വിശ്രമം അനുവദിച്ചതോടെ രോഹിത് ശർമയുടെ നായകത്വത്തിലാണ് ആതിഥേയർ ഇറങ്ങുന്നത്. രാവിലെ 11:30 നാണ് മത്സരം.
െഎ.സി.സി ചാമ്പ്യൻസ് ട്രോഫിക്കു പിന്നാലെ നടന്ന ലങ്കൻ പര്യടനത്തിൽ 5-0ത്തിന് വിജയിച്ച ആത്മവിശ്വാസത്തിലാണ് നീലപ്പട. ബാറ്റിങ്ങിലും ബൗളിങ്ങിലും ആശങ്കകളൊന്നുമില്ല. ഒാപണർമാരിൽ രോഹിത് ശർമയും ശിഖർ ധവാനും മധ്യനിരയിൽ ദിനേശ് കാർത്തിക്, കേദാർ ജാദവ്, എം.എസ്. ധോണി എന്നിവർ. ലങ്കക്കെതിരായ ടെസ്റ്റിൽ സമ്പൂർണ പരാജയമായ രഹാനെയുടെ പ്രകടനം ആരാധകർ ഉറ്റുനോക്കുന്നുണ്ട്. കോഹ്ലിയുടെ അഭാവത്തിൽ മൂന്നാമതെത്തുന്നത് രഹാനെയായിരിക്കും. ഇൗ വർഷം ലങ്കക്കെതിരെ ഏക മത്സരം മാത്രം കളിച്ച രഹാനെ, അഞ്ചുറൺസിന് പുറത്തായിരുന്നു. ടീമിലുള്ള ശ്രേയസ് അയ്യർക്കും മനീഷ് പാണ്ഡെക്കും അവസരമെത്തുമോയെന്ന് കണ്ടറിയണം.
ന്യൂസിലൻഡിനെതിരായ പരമ്പരക്കുശേഷം മൈതാനത്തിലേക്ക് തിരിച്ചെത്തുന്ന ഒാൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്കും ഫോം വീണ്ടെടുക്കാനുള്ള അവസരമാണിത്. സ്പിൻ സ്പെഷലിസ്റ്റ് യുസ്വേന്ദ്ര ചഹലും കുൽദീപ് യാദവും പേസർമാരിൽ ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറും ഒരുങ്ങിക്കഴിഞ്ഞു. ടെസ്റ്റിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും ഏകദിനത്തിൽ ലങ്ക പരാജയമാണ്. ഇന്ത്യക്കെതിരെ സ്വന്തം നാട്ടിൽ നാണംകെട്ടതിന് പിന്നാലെ പാകിസ്താനോടും 5-0ത്തിന് തോറ്റിരുന്നു.
ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശിഖർ ധവാൻ, അജിൻക്യ രഹാനെ, ശ്രേയസ് അയ്യർ, മനീഷ് പണ്ഡെ, കേദാർ ജാദവ്, ദിനേശ് കാർത്തിക്, എം.എസ്. ധോണി, ഹാർദിക് പാണ്ഡ്യ, അക്സർ പേട്ടൽ, കുൽദീപ് യാദവ്, യുസ്േവന്ദ്ര ചഹൽ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, സിദ്ധാർഥ് കൗൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.