കോഹ്‌ലിക്ക് സ്വന്തമായത് മറ്റൊരു ഇന്ത്യന്‍ നായകനും അവകാശപ്പെടാനില്ലാത്തൊരു നേട്ടം
text_fieldsകൊളംബോ: ശ്രീലങ്കക്കെതിരെ ഏകദിന പരമ്പര തൂത്തുവാരിയതോടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ തേടി അപൂർവ നേട്ടമെത്തി. ശ്രീലങ്കയില്‍വെച്ച് അവരെ വൈറ്റ്‌വാഷ് ചെയ്യുന്ന ടീമിന്റെ നായകനെന്ന നേട്ടമാണ് വിരാട് കോഹ്‌ലിക്ക് മാത്രമായി ചേരുന്നത്. മറ്റൊരു ഇന്ത്യന്‍ നായകനും ഇതുവരെ കൈവരിക്കാത്ത നേട്ടമാണിത്. സ്വന്തം നാട്ടില്‍വെച്ച് ആദ്യമായാണ് ശ്രിലങ്ക മറ്റൊരു ടീമിനോട് ഏകദിനത്തില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങുന്നത്. മൂന്ന് പരമ്പരകളടങ്ങിയ ടെസ്റ്റിലും ലങ്ക തോറ്റമ്പിയിരുന്നു. നേരത്തെ 2014-15 കാലയളവില്‍ ഇന്ത്യന്‍ പര്യടനത്തിലും ലങ്ക സമ്പൂര്‍ണ പരാജയം(5-0) ഏറ്റുവാങ്ങിയിരുന്നു. അന്നും കോഹ്ലിയായിരുന്നു ഇന്ത്യന്‍ നായകന്‍.
അസ്ഹറുദ്ദീന്‍, ഗാംഗുലി, മഹേന്ദ്രസിങ് ധോണി എന്നിവര്‍ക്ക് എത്തിപ്പിടിക്കാനാവാത്ത നേട്ടമാണിത്. അതേസമയം പ്രതാപകാലത്തെ ലങ്കയെയാണ് മുന്‍ നായകര്‍ നേരിട്ടതെന്നും ഇപ്പോഴത്തെ ടീം ദുര്‍ബലമാണെന്ന വിമര്‍ശനവും ഉണ്ട്. നായകന്‍ എന്ന നിലയില്‍ മാത്രമല്ല ബാറ്റ്‌സ്മാനെന്ന നിലയിലും കോഹ് ലി മികവ് പുറത്തെടുത്തിരുന്നു. രണ്ട് സെഞ്ച്വറികളാണ് കോഹ്ലി ലങ്കയിൽ സ്വന്തമാക്കിയത്. 30 ഏകദിന സെഞ്ച്വറികളുമായി ആസ്‌ട്രേലിയൻ മുൻ നായകൻ റിക്കി പോണ്ടിങ്ങിനൊപ്പമെത്താനും കോഹ്‌ലിക്കായി. അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ 330 റണ്‍സാണ് കോഹ്‌ലി സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.