ബുംറക്ക് ഹാട്രിക്കടക്കം ആറു വിക്കറ്റ്; വിൻഡീസ് 117ന് പുറത്ത്
text_fieldsസബീന പാർക്: കന്നി സെഞ്ച്വറിയുമായി ഹനുമ വിഹാരിയും അർധ ശതകവുമായി ഇശാന്ത് ശർമയും ബാറ്റിങ്ങിൽ നൽകിയ മേൽക്കൈ ജസ്പ്രീത്ബുംറയും കൂട്ടരും പന്തുമായി പൂർത്തിയാക്കിയപ്പോൾ വിൻഡീസ് വീഴ്ച ദയനീയം. വിൻഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റിെൻറ ആദ്യ ഇന്നിങ്സിൽ ഇന്ത്യ മുന്നോട്ടുവെച്ച 416 റൺസ് എന്ന കൂറ്റൻ ടോട്ടലിനു മുന്നിൽ റൺ കണ്ടെത്താനാവാതെ വിയർത്ത വിൻഡീസ് 117ന് ഒാൾഒൗട്ടായി. 299 റൺസ് ലീഡ് ലഭിച്ചെങ്കിലും വിൻഡീസിനെ ഫോളോ ഒാൺ ചെയ്യിക്കാതെ വീണ്ടും ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടുത്താതെ നാല് റൺസ് എടുത്തിട്ടുണ്ട്.
തീ തുപ്പിയ പന്തുകളുമായി ബുംറ വിൻഡീസ് മുൻനിരയുടെ കഥ കഴിച്ച ഇന്നിങ്സിൽ രണ്ട് വിക്കറ്റുകൾ മുഹമ്മദ് ഷമി സ്വന്തമാക്കി. ഒാപണർ ക്രെയ്ഗ് ബ്രത്വെയ്റ്റ് 10 റൺസുമായി മടങ്ങിയതിനു പിന്നാലെ നാലുപേരാണ് തുടർച്ചയായി രണ്ടക്കം കാണാതെ കൂടാരം കയറിയത്. ജോൺ കാംപലിനെ (2) വിക്കറ്റിനുപിറകിൽ ഋഷഭ് പന്തിെൻറ കൈയിലെത്തിച്ച് വിക്കറ്റുവേട്ട തുടങ്ങിയ ബുംറ ഒമ്പതാം ഒാവറിലാണ് ഹാട്രിക്കിലേക്ക് പന്തെറിഞ്ഞത്. ഡാരൻ ബ്രാവോയെ (4) ലോകേഷ് രാഹുലിെൻറ കൈയിലെത്തിച്ച ബുംറ മാജികിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഷംറാഹ് ബ്രൂക്സും റോസ്റ്റൺ ചെയ്സും അടുത്തടുത്ത പന്തുകളി സംപൂജ്യരായി വിക്കറ്റിന് മുന്നിൽ കുടുങ്ങി മടങ്ങി. ചെയ്സിെൻറ വിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ റിവ്യൂവിലൂടെയാണ് ബുംറക്ക് ഹാട്രിക്ക് സമ്മാനിച്ചത്.
ടോപ്സ്കോററായ ഷിംറോൺ ഹെറ്റ്മെയറിനെയും (34) അരങ്ങേറ്റക്കാരൻ റഹ്കീം കോൺവാളിനെയുമാണ് (14) ഷമി വീഴ്ത്തിയത്. അവശേഷിച്ച കെമാർ റോച്ചിെൻറയും (17) ജഹ്മർ ഹാമിൽട്ടണിെൻറയും (5) വിക്കറ്റ് ജദേജയും ഇശാന്ത് ശർമയും പങ്കിട്ടു. ഫാസ്റ്റ് ബൗളിങ്ങിനെ തുണക്കുന്ന പിച്ചിൽ ഒട്ടും പിഴക്കാത്ത പന്തുകളുമായി ഇന്ത്യൻ പേസ് ടീം എറിഞ്ഞുജയിച്ചപ്പോൾ ഹെറ്റ്മെയർ ഒഴികെ ആർക്കും പ്രതിരോധിക്കാൻ പോലുമായില്ല. ശനിയാഴ്ച ഹാട്രിക് കുറിച്ച ബുംറക്ക് ഇന്നലെ വിക്കറ്റ് ലഭിച്ചില്ലെങ്കിലും ആ കുറവ് മറ്റുള്ളവർ പരിഹരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.