രോഹിതിനെ എന്ത് കൊണ്ട് ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചില്ല; ചോദ്യമെറിഞ്ഞ് മുൻതാരങ്ങളും ആരാധകരും
text_fieldsമുംബൈ: ഇന്ത്യക്ക് ഏഷ്യ കപ്പ് കിരീടം നേടിത്തന്ന ക്യാപ്റ്റനെ രോഹിത് ശർമയെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽനിന്ന് ഒഴിവാക്കിയ തീരുമാനത്തിനെതിരെ മുൻ താരങ്ങളും ആരാധകരും. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി, സ്പിന്നർ ഹർഭജൻ സിങ് എന്നിവരാണ് തീരുമാനത്തിനെതിരെ രംഗത്തെത്തിയത്.
നടപടിയിൽ സൗരവ് ഗാംഗുലി അതിശയം പ്രകടിപ്പിച്ചു. സെലക്ടർമാർ എന്താണു ചിന്തിക്കുന്നതെന്നായിരുന്നു ഹർഭജന്റെ ചോദ്യം. ‘ഇന്ത്യൻ ടീമും രോഹിത് ശർമയും കൈവരിച്ച നേട്ടം ഉജ്വലമാണ്. രോഹിതിൻെറ പ്രകടനം അസാധ്യമായിരുന്നു. ടെസ്റ്റ് ടീമിൽ രോഹിതിന്റെ പേരു കാണാതാകുന്ന അവസരങ്ങളിൽ ഞാൻ അദ്ഭുതപ്പെടുന്നു. ടെസ്റ്റ് ടീമിലെ രോഹതിൻെര സ്ഥാനം അധികം അകലെയല്ലെന്നു കരുതുന്നു’ – ഗാംഗുലി ട്വിറ്ററിൽ വ്യക്തമാക്കി. സത്യത്തിൽ ഈ സിലക്ടർമാർ എന്താണു ചിന്തിക്കുന്നത്? ആർക്കെങ്കിലും വല്ല ധാരണയുമുണ്ടോ? ഇക്കാര്യം എനിക്ക് മനസിലാകുന്നില്ല. ആർക്കെങ്കിലും മനസ്സിലായെങ്കിൽ ഒന്നു പറഞ്ഞു തരാമോ എന്നായിരുന്നു ഹർഭജൻെറ ചോദ്യം.
ഏഷ്യാകപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത രോഹിതിനെ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്താത്ത നടപടിയിൽ ആരാധകരും രോഷം കൊണ്ടു. ഏകദിന റാങ്കിങ്ങിൽ രോഹിത് ശർമ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇതു രണ്ടാം തവണയാണ് രോഹിത് ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ രണ്ടാമതെത്തുന്നത്. ടൂർണമെൻറിൽ 317 റൺസുമായി മികച്ച പ്രകടനം കാഴ്ചവെച്ചതാണ് താരത്തിന് നേട്ടമായത്.
രണ്ട് മത്സര ടെസ്റ്റ് പരമ്പരക്കുള്ള 15 അംഗ ഇന്ത്യൻ ടീമിൽ ഒാപണർ ശിഖർ ധവാൻ പുറത്തായപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിൽ കളിക്കുന്ന മായങ്ക് അഗർവാൾ ടീമിലെത്തി. പേസ് ബൗളർമാരായ ജസ്പ്രീത് ബുംറക്കും ഭുവനേശ്വർ കുമാറിനും വിശ്രമം നൽകിയപ്പോൾ മുഹമ്മദ് സിറാജ് ഇടംകണ്ടു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിലുണ്ടായിരുന്ന ദിനേശ് കാർത്തിക്കും കരുൺ നായരും പുറത്തായിരുന്നു. ഒക്ടോബർ നാലിനാണ് ആദ്യ ടെസ്റ്റ് തുടങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.