രണ്ടാം ടെസ്റ്റ്: പൃഥ്വി ഷാ (70), രഹാനെ (75*), ഋഷഭ് പന്ത് (85*); ഇന്ത്യ നാലിന് 308
text_fieldsഹൈദരാബാദ്: രാജ്കോട്ടിലെ അരങ്ങേറ്റ സെഞ്ച്വറി കണ്ടിട്ടും വിശ്വസിക്കാൻ മടിച്ചവർക്ക് ഒരു അവസരംകൂടി നൽകി ഹൈദരാബാദിലെ രാജീവ്ഗാന്ധി സ്റ്റേഡിയത്തിലും പൃഥ്വി ഷോ. വെടിക്കെട്ട് അർധസെഞ്ച്വറിയുമായി ഇന്ത്യൻ ബാറ്റിങ്ങിന് തിരികൊളുത്തിയ പൃഥ്വിയിൽ (53 പന്തിൽ 70) നിന്ന് അജിൻക്യ രഹാനെയും (75 നോട്ടൗട്ട്), ഋഷഭ് പന്തും (85 നോട്ടൗട്ട്) തീപകർന്നപ്പോൾ വിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ.
സന്ദർശകരുടെ ഒന്നാം ഇന്നിങ്സ് 311ന് അവസാനിപ്പിച്ചശേഷം മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം കളി അവസാനിപ്പിക്കുേമ്പാൾ നാലു വിക്കറ്റ് നഷ്ടത്തിൽ 308 റൺസ് എന്ന നിലയിലാണ്. അഞ്ചാം വിക്കറ്റിൽ 146 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയ രഹാനെയും പന്തുമാണ് ക്രീസിൽ. ലോകേഷ് രാഹുൽ (4), ചേതേശ്വർ പുജാര (10), വിരാട് കോഹ്ലി (45) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ലീഡ് പിടിക്കാൻ ഇന്ത്യക്കു വേണ്ടത് നാല് റൺസ് മാത്രം. ഏഴിന് 295 റൺസ് എന്ന നിലയിൽ രണ്ടാം ദിനം കളത്തിലിറങ്ങിയ വിൻഡീസ് 16 റൺസ്കൂടി ചേർക്കുേമ്പാഴേക്കും കൂടാരം കയറി. തലേദിനം സെഞ്ച്വറിക്കരികിലെത്തിയ റോസ്റ്റൻ ചേസ് (106) കരിയറിലെ നാലാം സെഞ്ച്വറി തികച്ചത് മാത്രമായിരുന്നു വിശേഷം. മൂന്ന് വിക്കറ്റുകൾകൂടി ഉമേഷ് യാദവ് പിഴുതതോടെ വിൻഡീസ് 311ൽ പുറത്തായി. ഉമേഷ് ആറ് വിക്കറ്റുമായി മികച്ചുനിന്നു.
മറുപടി ബാറ്റിങ്ങിൽ പൃഥ്വിയും ലോകേഷ് രാഹുലുമായിരുന്നു ഇന്ത്യൻ ഇന്നിങ്സ് ഒാപൺ ചെയ്തത്. രാജ്കോട്ടിലേതിെൻറ രണ്ടാം എപ്പിസോഡായിരുന്നു പൃഥ്വിയുടെ ബാറ്റിൽനിന്ന്. പേസ് ബൗളർ ഷാനോ ഗബ്രിയേലും സ്പിന്നർമാരായ ദേവേന്ദ്ര ബിഷുവും ജോമൽ വാരികാനും ചേർന്ന് നടത്തിയ കൂട്ട ആക്രമണത്തെ പതറാതെ നേരിട്ട കൗമാരക്കാരൻ ഇന്ത്യൻ സ്കോറിന് വേഗം പകർന്നു. വെറും 39 പന്തിലാണ് 50 റൺസ് കടന്നത്. ഇടക്ക് സ്ലിപ്പിൽനിന്ന് വീണ്ടുകിട്ടിയ ലൈഫുമായാണ് താരം മുന്നേറിയത്.
ഇതിനിടെ, രാഹുൽ (4) മടങ്ങിയിരുന്നു. 11 ബൗണ്ടറിയും ഒരു സിക്സറും പറത്തിയ പൃഥ്വി രണ്ടാം സെഞ്ച്വറി സൂചന നൽകിയെങ്കിലും 70ൽ എത്തിയപ്പോൾ വാരികാന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നീട് പുജാരയും കോഹ്ലിയും ചെറുത്തുനിന്നെങ്കിലും അപ്രതീക്ഷിതമായി വിക്കറ്റ് വീണു. ഒടുവിലാണ് രഹാനെ-പന്ത് കൂട്ടുകെട്ടിെൻറ മികവുറ്റ ഇന്നിങ്സ് പിറന്നത്. വിൻഡീസ് ബൗളിങ് നിര മാറിമാറി പരീക്ഷിച്ചെങ്കിലും അപരാജിതമായി കുതിച്ച ഇവർ ഇന്ത്യയെ മുന്നൂറ് കടത്തി.
സ്കോർബോർഡ്
വിൻഡീസ് (തുടർച്ച 7/295): റോസ്റ്റൻചേസ് ബി ഉമേഷ് 106, ദേവേന്ദ്ര ബിഷു ബി ഉമേഷ് 2, ജോമൽ വാരികാൻ നോട്ടൗട്ട് 8, ഷാനോൻ ഗബ്രിയേൽ സി പന്ത് ബി ഉമേഷ് 0. എക്സ്ട്രാസ് 11, 311ന് പുറത്ത്. ഇന്ത്യ ഇന്നിങ്സ്: ലോകേഷ് രാഹുൽ ബി ഹോൾഡൻ 4, പൃഥ്വി ഷാ സി ഹെത്മ്യർ ബി വാരികാൻ 70, പുജാര സി ഹാമിൽട്ടൻ, ബി ഗബ്രിയേൽ 10, കോഹ്ലി എൽ.ബി.ഡബ്ല്യൂ ബി ഹോൾഡർ 45, രാഹാനെ ബാറ്റിങ് 75, പന്ത് ബാറ്റിങ് 85, എക്സ്ട്രാസ് 19, ആകെ നാലിന് 308. വിക്കറ്റ്: 1-61, 2-98, 3-102, 4-162. ബൗളിങ്: ഗബ്രിയേൽ 13-1-73-1, ഹോൾഡർ 14-2-45-2, വാരികാൻ 24-4-76-1, റോസ്റ്റൻ ചേസ് 9-1-22-0, ബിഷു 19-4-72-0, ബ്രാത്വെയ്റ്റ് 2-0-6-0.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.