‘കട്ടക്ക്’ പിടിക്കണം
text_fieldsകട്ടക്ക്: ഏകദിന പരമ്പരയുടെ ‘ഫൈനൽ’ മത്സരം ഞായറാഴ്ച ഒഡിഷ നഗരമായ കട്ടക്കിൽ നടക്കുേമ്പാൾ വിൻഡീസിനെ കട്ടക്ക് നിന്ന് തോൽപിച്ചാൽ ഇന്ത്യ സ്വന്തമാക്കാൻ പോകുന്നത് കരീബിയൻസിനെതിരായ തുടർച്ചയായ 10ാം പരമ്പര വിജയം. സമീപകാലത്ത് ഇന്ത്യയോട് ഏകദിനങ്ങളിൽ തോറ്റമ്പിയ ചരിത്രമുള്ള വിൻഡീസ് ചെന്നൈയിലെ ആദ്യ മത്സരത്തിൽ ആധികാരിക ജയവുമായി ഇന്ത്യയെ ഞെട്ടിച്ചു. എന്നാൽ, വിശാഖപട്ടണത്ത് കളിമാറ്റിപ്പിടിച്ച ഇന്ത്യ ഓൾറൗണ്ട് മികവിൽ 107 റൺസിെൻറ കൂറ്റൻ ജയവുമായി പരമ്പരയിൽ ഒപ്പമെത്തുകയായിരുന്നു.
ഭാവിയും വർത്തമാനവും
ഒന്നിച്ച ടീം ഇന്ത്യ
ക്യാപ്റ്റൻ വിരാട് കോഹ്ലി പൂജ്യത്തിന് പുറത്തായത് മാറ്റിനിർത്തിയാൽ ഇന്ത്യൻനിര വിശാഖപട്ടണത്ത് മികച്ച ബാറ്റിങ് വിരുന്നാണ് ഒരുക്കിയത്. ഇന്ത്യൻ ടീമിെൻറ വർത്തമാനമെന്ന് വിശേഷിപ്പിക്കാവുന്ന രോഹിത് ശർമ- ലോകേഷ് രാഹുൽ സഖ്യം സെഞ്ചൂറിയന്മാരായും അവസാന ഓവറുകളിൽ സിക്സർ മാലപ്പടക്കത്തിന് തിരികൊളുത്തി ഭാവിതാരങ്ങളായ ശ്രേയസ് അയ്യരും ഋഷഭ് പന്തും ചേർന്നാണ് ഇന്ത്യക്ക് കൂറ്റൻസ്കോർ സമ്മാനിച്ചത്. 159 റൺസുമായി കളിയിലെ താരമായ രോഹിത് ശ്രീലങ്കൻ ഇതിഹാസം സനത് ജയസൂര്യയുടെ 22 വർഷം പഴക്കമുള്ള റെക്കോഡ് മറികടക്കാനൊരുങ്ങുകയാണ്. എല്ലാ ഫോർമാറ്റിലുമായി ഏറ്റവും കൂടുതൽ റൺസ് നേടിയ ഓപണറെന്ന റെക്കോഡ് സ്വന്തമാക്കാൻ രോഹിത്തിന് ഒമ്പത് റൺസ് കൂടി മതി. ബൗളിങ്ങിൽ ഏകദിനത്തിലും ട്വൻറി20യിലും ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറായി മാറിയ കുൽദീപ് യാദവ് ഫോമിലേക്കുയർന്നത് ശുഭസൂചനയാണ്. ഒരു വിക്കറ്റുകൂടി നേടിയാൽ 100 ഏകദിന വിക്കറ്റ് സ്വന്തമാക്കുന്ന 22ാം ഇന്ത്യൻ താരമെന്ന നേട്ടം കുൽദീപ് സ്വന്തമാക്കും.
പരിക്കേറ്റ ദീപക് ചഹറിന് പകരമെത്തിയ ഡൽഹി താരം നവ്ദീപ് സെയ്നിക്ക് ഏകദിന അരങ്ങേറ്റത്തിന് വഴിയൊരുങ്ങിയേക്കും. ഫീൽഡിങ്ങിലെ പോരായ്മകളാണ് കോഹ്ലിയെ കാര്യമായി കുഴക്കുന്നത്. കൂറ്റനടിക്കാരും മാച്ച് വിന്നേഴ്സുമായ കരീബിയൻ ബാറ്റ്സ്മാന്മാർക്ക് ഒരവസരം നൽകിയാൽ അവർ കയറി മേയുമെന്ന കാര്യം കോഹ്ലിപ്പട ചെന്നൈയിൽ അനുഭവിച്ചറിഞ്ഞതാണ്.
മറുവശത്ത് ഇന്ത്യൻ മണ്ണിലെ മികച്ച പ്രകടനമികവിൽ ഐ.പി.എൽ താരലേലത്തിൽ കോടിപതികളായി മാറിയ ആഹ്ലാദത്തിലാണ് ഷിംറോൺ ഹെറ്റ്മെയറും ഷെൽഡൺ കോട്രലും. മികച്ച ഫോമിലായിട്ടും വിൽക്കപ്പെടാതെ പോയതിെൻറ നിരാശ മായ്ക്കാനാകും ഷായ് ഹോപ്പിെൻറ ശ്രമം.
ബാരാബതിയിലും റണ്ണൊഴുകും
വിശാഖപട്ടണത്തിലേതിന് സമാനമായി ബാരാബതി സ്റ്റേഡിയത്തിലും റണ്ണൊഴുകുമെന്നാണ് റിപ്പോർട്ട്. ആദ്യ രണ്ടു മത്സരങ്ങളിലും ടോസ് നേടിയിട്ടും ബൗൾ ചെയ്യാൻ തീരുമാനിച്ച വിൻഡീസ് ക്യാപ്റ്റൻ കീറൺ പൊള്ളാർഡ് ഈർപ്പത്തിെൻറ കാര്യം മനസ്സിലുള്ളതിനാൽ ഞായറാഴ്ച ഒരുപക്ഷേ രണ്ടുതവണ ചിന്തിക്കും. 13 വർഷത്തിനുശേഷം ഇന്ത്യക്കെതിരെ ഒരു ഏകദിന പരമ്പര വിജയമാണ് വിൻഡീസ് ലക്ഷ്യമിടുന്നത്.
മാർച്ചിൽ ആസ്ട്രേലിയയോട് ഏകദിന പരമ്പര 3-2ന് അടിയറവുപറഞ്ഞ ഇന്ത്യക്ക് സ്വന്തം മണ്ണിൽ വിജയപരമ്പര തുടരൽ അനിവാര്യമാണ്. 15 വർഷത്തിനിടെ തുടർച്ചയായി രണ്ട് ഏകദിന പരമ്പരകൾ ഇന്ത്യ കൈവിട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.