ഇന്ത്യ- വെസ്റ്റിന്‍ഡീസ് ഏകദിനം: ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു
text_fieldsതിരുവനന്തപുരം : നവംബര്‍ ഒന്നിന് തിരുവനന്തപുരം സ്‌പോര്‍ട്ട്‌സ് ഹബ്ബില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചു. 1000, 2000, 3000, 6000 എന്നിങ്ങനെയാണ് നിരക്കുകള്‍ . തിരുവനന്തപുരത്ത് ചേര്‍ന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്‌പെഷ്യല്‍ ജനറല്‍ ബോഡി യോഗമാണ് നിരക്കുകള്‍ തീരുമാനിച്ചത്.
സ്‌പോര്‍ട്ട്‌സ് ഹബ്ബിൻെറ മുകളിലത്തെ നിരയിലെ ടിക്കറ്റ് നിരക്ക് 1000 രൂപയാണ്. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്കും ക്ലബുകള്‍ക്കും ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കും. താഴത്തെ നിരയില്‍ 2000, 3000, 6000 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതില്‍ 6000 രൂപയുടെ ടിക്കറ്റുകള്‍ ഭക്ഷണമുള്‍പ്പടെയാണ്. മത്സര വരുമാനത്തില്‍ നിന്നുള്ള നിശ്ചിത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് കെ.സി.എ സെക്രട്ടറി അഡ്വ: ശ്രീജിത്ത് വി നായര്‍ അറിയിച്ചു.
മത്സരത്തിൻെറ ജനറല്‍ കണ്‍വീനറായി ബി.സി.സി.ഐ അംഗം ജയേഷ് ജോര്‍ജിനെ തെരഞ്ഞെടുത്തു. വിനോദ് എസ് കുമാര്‍, രജിത്ത് രാജേന്ദ്രന്‍ എന്നിവരാണ് ജോയിന്റ് ജനറല്‍ കണ്‍വീനര്‍മാര്‍. കെ.സി.എ പ്രസിഡണ്ട് സജന്‍ കെ വര്‍ഗീസ് സ്റ്റിയറിങ്ങ് കമ്മിറ്റി ചെയര്‍മാന്‍. കെ.സി.എ സെക്രട്ടറി അഡ്വ: ശ്രീജിത്ത് വി നായരാണ് വെന്യൂ ഡയരക്ടര്‍.
ലോധ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരമുള്ള സുപ്രീം കോടതിയുടെ വിധിക്കനുസൃതമായി ബൈലോ ഭേദഗതി ചെയ്യ്തു രജിസ്റ്റര്‍ ചെയ്യാനും കെ.സി.എ പ്രത്യേക ജനറല്‍ ബോഡി യോഗം തീരുമാനിച്ചു. ഇംഗ്ലണ്ട് എ - ഇന്ത്യ എ ഏകദിന മത്സരങ്ങള്‍ക്കും തിരുവനന്തപുരം വേദിയാകും.
ജനുവരി 13 ന് ഇംഗ്ലണ്ട് എ ടീം തിരുവനന്തപുരത്തെത്തും. ജനുവരി 23, 25, 27,29, 31 തിയതികളിലാണ് ഇന്ത്യ എ - ഇംഗ്ലണ്ട് എ ഏകദിന മത്സരങ്ങള്‍. ഇതിന് മുന്നോടിയായി ജനുവരി 19നും 21നും ബോര്‍ഡ് പ്രസിഡണ്ട്‌സ് ഇലവനെതിരെ വാം അപ്പ് മത്സരങ്ങളും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.