ഇന്ത്യ-വിൻഡീസ് ഏകദിനം നവംബർ ഒന്നിന് കൊച്ചിയിൽ
text_fieldsകൊച്ചി: ബി.സി.സി.ഐ കേരളത്തിന് അനുവദിച്ച ഇന്ത്യ-വിൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന് കൊച്ചി വേദിയാകും. നവംബർ ഒന്ന് കേരളപ്പിറവിദിനത്തിലാണ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ മത്സരം. കേരള ക്രിക്കറ്റ് അസോസിയേഷനും സ്റ്റേഡിയം ഉടമകളായ വിശാല കൊച്ചി വികസന അതോറിറ്റിയും (ജി.സി.ഡി.എ) തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം. നേരത്തേ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുമെന്നായിരുന്നു സൂചന.
ഫിഫ നിലവാരത്തിൽ ഫുട്ബാളിനായി ഒരുക്കിയ കലൂർ സ്റ്റേഡിയം ഒറ്റദിവസത്തെ ക്രിക്കറ്റ് മത്സരത്തിനായി വിട്ടുനൽകുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഐ.എസ്.എൽ മത്സരങ്ങൾ മുടക്കമില്ലാതെ നടത്തുന്നത് സംബന്ധിച്ച് ചർച്ചചെയ്യാൻ കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെൻറുമായി ജി.സി.ഡി.എ ബുധനാഴ്ച യോഗം വിളിച്ചിട്ടുണ്ട്.
മൂന്ന് ടെസ്റ്റ്, അഞ്ച് ഏകദിനം, ഒരു ട്വൻറി20 എന്നിങ്ങനെയാണ് വിൻഡീസിെൻറ ഇന്ത്യൻ പര്യടനത്തിലുള്ളത്. പരമ്പരയിലെ അഞ്ചാമത്തെ ഏകദിനമാണ് കൊച്ചിയിൽ നടക്കുക. എന്നാൽ, അണ്ടർ 17 ലോകകപ്പിനായി സ്റ്റേഡിയത്തിലെ ക്രിക്കറ്റ് പിച്ചും ഔട്ട്ഫീൽഡും ഉൾപ്പെടെ മാറ്റിയിരുന്നു.
ഫിഫ നിലവാരത്തിൽ ഗ്രൗണ്ട് ഒരുക്കാൻ 25 കോടിയോളമാണ് ചെലവിട്ടത്. ഗാലറിയിലെ സീറ്റുകളുടെ എണ്ണവും വെട്ടിക്കുറച്ചിരുന്നു. ക്രിക്കറ്റിനായി കുറഞ്ഞത് മൂന്ന് പുതിയ വിക്കറ്റുകളെങ്കിലും നിർമിക്കേണ്ടതുണ്ട്. എന്നാൽ, ഐ.എസ്.എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിെൻറ ഹോം ഗ്രൗണ്ട് കൂടിയായ സ്റ്റേഡിയം ക്രിക്കറ്റിനായി മാറ്റുന്നതിനെതിരെ ഫുട്ബാൾ ആരാധകരും ക്ലബുകളും ഫാൻസ് ഗ്രൂപ്പുകളും പ്രതിഷേധവുമായി രംഗത്തുണ്ട്. തീരുമാനം പുനഃപരിശോധിക്കാൻ ജി.സി.ഡി.എയോട് അഭ്യർഥിക്കുന്നതിനൊപ്പം തീരുമാനത്തിനെതിരെ വിവിധ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനുമാണ് ഇവരുടെ നീക്കം.
കലൂർ സ്റ്റേഡിയം 30 വര്ഷത്തേക്ക് പാട്ടത്തിനെടുത്ത കെ.സി.എക്ക് മത്സരം ഇവിടെ നടത്താനാണ് താൽപര്യം. ഐ.എസ്.എൽ ആദ്യപാദത്തിലെ ബ്ലാസ്റ്റേഴ്സിെൻറ ഹോം മത്സരങ്ങൾ നീട്ടിവെച്ചാൽ പ്രശ്നം പരിഹരിക്കാമെന്നാണ് കെ.സി.എ നിലപാട്. 2014ൽ ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന മത്സരത്തിനായി ഐ.എസ്.എൽ സംഘാടകർ ഇത്തരത്തിൽ വിട്ടുവീഴ്ച ചെയ്തിരുന്നു. ഇക്കാര്യം ചർച്ചചെയ്യാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറുമായി ചർച്ച വിളിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.