ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിെൻറ വമ്പൻ ജയം
text_fieldsബിർമിങ്ഹാം: ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ കലാശപ്പോരിന് അരങ്ങൊരുങ്ങി. രണ്ടാം സെമിഫൈനലിൽ അയൽക്കാരായ ബംഗ്ലാദേശിനെ തകർത്തുവിട്ടാണ് വിരാട് കോഹ്ലിയും സംഘവും ചാമ്പ്യൻസ് ട്രോഫി ൈഫനലിലേക്ക് മാർച്ച് ചെയ്തത്. ഞായറാഴ്ച ഒാവലിലാണ് ഫൈനൽ. ബൗളർമാരുടെ ഭേദപ്പെട്ട പ്രകടനത്തിനുശേഷം ബാറ്റ്സ്മാന്മാരുടെ ഉജ്ജ്വല കളിയാണ് ഇന്ത്യയുടെ വിജയം ആധികാരികമാക്കിയത്. ഒാപണർ രോഹിത് ശർമ അപരാജിത സെഞ്ച്വറിയുമായി (123) പടനയിച്ചപ്പോൾ നായകൻ േകാഹ്ലിയും (96 നോട്ടൗട്ട്) ശിഖർ ധവാനും (46) മികച്ച ഇന്നിങ്സുകളുമായി പിന്തുണയേകി. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് 50 ഒാവറിൽ ഏഴു വിക്കറ്റിന് 264 റൺസെടുത്തപ്പോൾ ഇന്ത്യ 59 പന്ത് ബാക്കിയിരിക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ അനായാസം ലക്ഷ്യത്തിലെത്തി.
കരിയറിലെ 11ാം ശതകം നേടിയ രോഹിത് ഗംഭീര ഫോമിലായിരുന്നു. അനാവശ്യ തിടുക്കമില്ലാതെ സമയമെടുത്ത് കളിച്ച മുംബൈ താരം കൃത്യതയും ടൈമിങ്ങും സമ്മേളിച്ച ഷോട്ടുകളിലൂടെ മൈതാനത്തിെൻറ എല്ലാ ഭാഗങ്ങളിലേക്കും ബൗണ്ടറികൾ പായിച്ചാണ് സെഞ്ച്വറിയിലേക്ക് കുതിച്ചത്. ഗുഡ് ലെങ്ത് ബാളുകൾ മികച്ച പദചലനങ്ങളുടെ അകമ്പടിയോടെ ഒാഫ്സൈഡ് ഫീൽഡുകൾ പിളർത്തി അതിർത്തിവര തേടി കുതിച്ചപ്പോൾ ഷോർട്ട് ബാളുകൾ പുള്ളുകളും ഹുക്കുകളുമായി ലെഗ്സൈഡിലേക്ക് പറന്നു. ഹുക്ഷോട്ടിലൂടെ തെൻറ ആദ്യ സിക്സ് നേടിയാണ് രോഹിത് മൂന്നക്കംതൊട്ടത്. 129 പന്തിൽ ഒരു സിക്സും 15 ഫോറുമാണ് രോഹിത് നേടിയത്.
തുടർച്ചയായ മികച്ച ഇന്നിങ്സുകളിലൂടെ ചാമ്പ്യൻസ് ട്രോഫിയെ തെൻറ സ്വന്തം ടൂർണമെൻറാക്കി മാറ്റിയ ധവാൻ ഇന്നലെയും തകർപ്പൻ ഫോമിലായിരുന്നു. 34 പന്തിൽ ഒരു സിക്സും ഏഴു ഫോറുമടക്കം 46 റൺസുമായി ധവാൻ പുറത്താകുേമ്പാൾ ഒാപണിങ് വിക്കറ്റിൽ 87 റൺസ് പിറന്നിരുന്നു. പിന്നീടാവെട്ട വിക്കറ്റ് നഷ്ടമായതുമില്ല. രോഹിതും കോഹ്ലിയും തകർക്കപ്പെടാത്ത രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ 153 പന്തിൽ 178 റൺസടിച്ചുകൂട്ടി അതിവേഗം ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. കോഹ്ലി 78 പന്തിൽ 13 ബൗണ്ടറിയടക്കമാണ് സെഞ്ച്വറിക്കരികെയെത്തിയത്. നേരത്തേ, രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ പേസർമാരായ ജസ്പ്രീത് ബുംറയും ഭുവനേശ്വർ കുമാറും പാർട്ട്ടൈം സ്പിന്നർ കേദാർ ജാദവും ചേർന്നാണ് ബംഗ്ലാേദശ് ബാറ്റിങ്നിരയെ ഒതുക്കിയത്. 10 ഒാവറിൽ 39 റൺസ് മാത്രമാണ് ബുംറ വഴങ്ങിയത്. ഭുവനേശ്വർ 53 റൺസ് വിട്ടുകൊടുത്തു. ആറ് ഒാവർ എറിഞ്ഞ ജാദവ് 22 റൺസേ വിട്ടുനൽകിയുള്ളൂ. രവീന്ദ്ര ജദേജ 10 ഒാവറിൽ 48 റൺസിന് ഒരു വിക്കറ്റെടുത്തപ്പോൾ രവിചന്ദ്ര അശ്വിൻ 10 ഒാവറിൽ 54 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. ഹർദിക് പാണ്ഡ്യ നാല് ഒാവറിൽ 34 റൺസ് വിട്ടുനൽകി.
ഒാപണർ തമീം ഇഖ്ബാലിെൻറയും (70) മുശ്ഫിഖുർ റഹീമിെൻറയും (61) അർധ സെഞ്ച്വറികളാണ് ബംഗ്ലാദേശിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ മുശ്റഫെ മുർതസ (30 നോട്ടൗട്ട്) അവസാനഘട്ടത്തിൽ തുടർച്ചയായ ബൗണ്ടറികളുമായി തിളങ്ങിയതും ടീമിന് തുണയായി. സാബിർ ഹുസൈൻ (19), ശാകിബുൽ ഹസൻ (15), മഹ്മൂദുല്ല (21), മുസദ്ദിഖ് ഹുസൈൻ (15), തസ്കിൻ അഹ്മദ് (10 നോട്ടൗട്ട്) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സംഭാവനകൾ. സൗമ്യ സർക്കാർ പൂജ്യത്തിന് പുറത്തായി.
മികച്ച തുടക്കത്തിനുശേഷം മധ്യ ഒാവറുകളിലെ മികച്ച ബാറ്റിങ് ബംഗ്ലാദേശിന് മുൻതൂക്കം നൽകിയതായിരുന്നു. എന്നാൽ, പിന്നീട് തുടരെ വിക്കറ്റുകൾ നഷ്ടമായത് ടീമിെൻറ മുന്നേറ്റത്തെ ബാധിച്ചു. ആദ്യ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയത് ഭുവനേശ്വറാണ്. ഒട്ടും ഫോമിലല്ലാത്ത സർക്കാർ പന്ത് വിക്കറ്റിലേക്ക് വലിച്ചിട്ടപ്പോൾ സാബിർ മികച്ച ചില ഷോട്ടുകൾക്കുശേഷം ജദേജക്ക് ക്യാച്ച് നൽകി. 31 റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമായശേഷം മൂന്നാം വിക്കറ്റിൽ 21.1 ഒാവറിൽ 123 റൺസ് ചേർത്ത തമീം-മുശ്ഫിഖ് സഖ്യം ടീമിനെ മികച്ച നിലയിൽ മുന്നോട്ടുനയിച്ചിരുന്നു. ഒാപണിങ് ബൗളർമാരായ ഭുവനേശ്വറിെൻറയും ബുംറയുടെയും കൃത്യതയാർന്ന സ്പെല്ലുകൾക്കുശേഷമെത്തിയ അശ്വിൻ, ജദേജ, പാണ്ഡ്യ എന്നിവരെ അനായാസം നേരിട്ട ഇരുവരും മികച്ച വേഗത്തിൽ സ്കോർബോർഡ് ചലിപ്പിച്ചു.
82 പന്തിൽ ഏഴു ഫോറും ഒരു സിക്സുമടക്കമായിരുന്നു തമീമിെൻറ 70. മുശ്ഫിഖ് 85 പന്തിൽ നാലു ബൗണ്ടറി പായിച്ചു. 25 ഒാവറിൽ രണ്ടിന് 154 എന്ന സ്കോറിൽ 300 കടക്കുമെന്ന് തോന്നിച്ചിരുന്ന അവസ്ഥയിൽനിന്നാണ് പിന്നീട് ബംഗ്ലാദേശ് പിന്നാക്കംപോയത്. ആഞ്ഞടിക്കാൻ ശ്രമിച്ച തമീമിെൻറ കുറ്റി പിഴുത് ജാദവാണ് പാർട്ണർഷിപ് പൊളിച്ചത്. പിറകെ മുശ്ഫിഖ് ജാദവിെൻറ പന്തിൽ കോഹ്ലിക്ക് പിടികൊടുത്തു. ശാകിബിനെ ജദേജ ധോണിയുടെ ഗ്ലൗസിലെത്തിപ്പോൾ മഹ്മൂദുല്ലയുടെ കുറ്റി യോർക്കറിൽ പിഴുത ബുംറ മുസദ്ദിഖിനെ സ്വന്തം ബൗളിങ്ങിൽ പിടികൂടുകയും ചെയ്തു. പിന്നീട് തസ്കിനെ കൂട്ടുപിടിച്ച് 25 പന്തിൽ 30 റൺസടിച്ച മുർതസയാണ് ബംഗ്ലാ സ്കോർ 250 കടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.