ലങ്കാദഹനം പൂർണം; ട്വൻറി 20യിലും ഇന്ത്യക്ക് ജയം
text_fields
കൊളംബോ: ടെസ്റ്റിലും ഏകദിനത്തിലും തോറ്റമ്പിയശേഷം ആശ്വാസജയം തേടി ട്വൻറി20 മത്സരത്തിനിറങ്ങിയ ലങ്കക്ക് വീണ്ടും പിഴച്ചു. ഏക ട്വൻറി20 മത്സരത്തിലും ഇന്ത്യക്ക് ആധികാരിക ജയം. ശ്രീലങ്ക പടുത്തുയർത്തിയ 171 റൺസെന്ന വെല്ലുവിളി ഇന്ത്യ നാലു പന്ത് ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അനായാസം മറികടന്നു. ക്യാപ്റ്റൻ േകാഹ്ലിയുടെയും (54 പന്തിൽ 82) മനീഷ് പാണ്ഡെയുടെയും (36 പന്തിൽ 51 നോട്ടൗട്ട്) അർധ സെഞ്ച്വറിയാണ് ഇന്ത്യക്ക് തകർപ്പൻ ജയം സമ്മാനിച്ചത്.
171 റൺസെന്ന ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം മന്ദഗതിയിലായിരുന്നു. 22 റൺസെടുക്കുന്നതിനിടെ രോഹിത് ശർമയിലൂടെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നീടെത്തിയ രാഹുലും കാര്യമായ സംഭാവന ചെയ്യാതെ മടങ്ങി.
എന്നാൽ, ഒരറ്റത്ത് പാണ്ഡെയെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ കോഹ്ലി നടത്തിയ മനോഹരമായ തിരിച്ചുവരവാണ് ഒടുവിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. കോഹ്ലി തന്നെയാണ് കളിയിലെ കേമൻ. ലങ്കക്ക് വേണ്ടി ലസിത് മലിംഗ, സീക്കുഗെ പ്രസന്ന, ഇസുരു ഉദന എന്നിവർ ഒാരോ വിക്കറ്റ് വീതം നേടി. നേരേത്ത ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് ദിൽഷൻ മുനവീരയും (29 പന്തിൽ 53) അശൻ പ്രിയഞ്ജനുമാണ് (40 പന്തിൽ 41) ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇന്ത്യക്കായി സ്പിന്നർ യുസ്വേന്ദ്ര ചഹൽ 43 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. കുൽദീപ് യാദവ് രണ്ടു പേരെ പുറത്താക്കിയപ്പോൾ ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുംറയും ഒാരോ വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.