ഇന്ത്യ-വിൻഡീസ് ആദ്യ ട്വൻറി20 ഇന്ന്
text_fieldsഹൈദരാബാദ്: അടുത്ത വർഷം ആസ്ട്രേലിയയിൽ നടക്കുന്ന ട്വൻറി20 ക്രിക്കറ്റ് ലോകകപ്പിലേക്കുള്ള മുന്നൊരുക്കമായി ഇന്ത്യ-വിൻഡീസ് ട്വൻറി20 പരമ്പരക്ക് വെള്ളിയാഴ്ച തുടക്കമാകും. ഹൈദരാബാദിൽ നടക്കുന്ന ആദ്യ മത്സരം ഇരുടീമിലെയും യുവതാരങ്ങൾക്ക് ലോകകപ്പ് ടീമിൽ സ്ഥാനമുറപ്പിക്കുന്നതിനുള്ള പോരാട്ടമായിരിക്കും. ടെസ്റ്റിലും ഏകദിനത്തിലും തുടരുന്ന മികവ് ട്വൻറി20യിൽ ആവർത്തിക്കാനാകുന്നില്ല എന്ന പഴി തിരുത്താനാകും വിരാട് കോഹ്ലിയുടെയും സംഘത്തിെൻറയും ശ്രമം.
ലോക റാങ്കിങ്ങിൽ ടെസ്റ്റിൽ ഒന്നും ഏകദിനത്തിൽ രണ്ടും സ്ഥാനത്താണെങ്കിലും ട്വൻറി20യിൽ അഞ്ചാമതാണ് ഇന്ത്യ. കഴിഞ്ഞ മാസം ബംഗ്ലാദേശിനെതിരെ നടന്ന ട്വൻറി20യിൽ ആദ്യ മത്സരം തോറ്റശേഷം തിരിച്ചുവന്ന് പരമ്പര നേട്ടം കൊയ്തത് ആതിഥേയർക്ക് കരുത്താകും. സാധാരണ ഇന്ത്യയിൽ നടക്കുന്ന ട്വൻറി20 പരമ്പരകളിൽ വിശ്രമം ലഭിക്കുന്ന കോഹ്ലി ലോകകപ്പ് മുന്നിൽ കണ്ടാണ് ടീമിനെ നയിക്കാനൊരുങ്ങുന്നത്. അതേസമയം, നിലവിൽ ട്വൻറി20 ലോക ചാമ്പ്യന്മാരാണെങ്കിലും സമീപകാലത്തായി വിൻഡീസ് പട തിരിച്ചടികൾ നേരിടുകയാണ്. തുടർച്ചയായ തോൽവികൾമൂലം ലോക റാങ്കിങ്ങിൽ പത്താം സ്ഥാനത്താണ് കരീബിയക്കാർ.
പന്തിനും രാഹുലിനും നിർണായകം
ട്വൻറി20 ലോകകപ്പിൽ സ്ഥാനം ഉറപ്പിക്കാൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, ഓപണർ ലോകേഷ് രാഹുഎന്നിവർക്ക് നിർണായകമാണ് വിൻഡീസ് പരമ്പര. വിക്കറ്റിനു പിന്നിലും മുന്നിലും ഒരുപോലെ പരാജയപ്പെടുന്ന പന്തിന് ഈ പരമ്പരയിൽ മികവ് തെളിയിക്കാനായില്ലെങ്കിൽ ട്വൻറി20 സ്വപ്നമായി മാറും. തുടർച്ചയായ പരാജയങ്ങൾമൂലം ഏകദിന ടീമിൽനിന്ന് തഴയപ്പെട്ടിരുന്ന ലോകേഷ് രാഹുലിന് ടീമിൽ ഇടം ഉറപ്പിക്കാനുള്ള അവസാന അവസരമാണിത്. പരിക്കേറ്റ ശിഖർ ധവാെൻറ അസാന്നിധ്യത്തിൽ രോഹിത് ശർമക്കൊപ്പം ഇന്നിങ്സ് തുടങ്ങാൻ രാഹുലിന് അവസരം ലഭിച്ചേക്കും.
അടുത്തിടെയായി ഉജ്ജ്വല ഫോമിൽ പന്തെറിയുന്ന ചഹാറിനും ലോകകപ്പിലേക്കുള്ള സാധ്യത ഉറപ്പിക്കുന്നതാകും വിൻഡീസിനെതിരായ മത്സരങ്ങൾ. ധവാന് പകരം അവസാന നിമിഷം ടീമിലെത്തിയ സഞ്ജു സാംസണിന് ആദ്യ മത്സരത്തിൽ അവസരം ലഭിക്കാൻ സാധ്യത കുറവാണ്. രോഹിത്-രാഹുൽ ഓപണിങ് ജോടിക്കൊപ്പം കോഹ്ലി, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, പന്ത്, ശിവം ദുബെ എന്നിവരാകും ബാറ്റിങ് ലൈനപ്പിൽ.
റസലും ഗെയ്ലുമില്ലാതെ..
ലോകത്തെ ഏറ്റവും മികച്ച ട്വൻറി20 താരങ്ങളെന്നറിയപ്പെടുന്ന ആന്ദ്രെ റസലും ക്രിസ് ഗെയ്ലും ഇല്ലാതെ എത്തിയ വിൻഡീസ് ടീം യുവതാരങ്ങളിലാണ് പ്രതീക്ഷയർപ്പിക്കുന്നത്. ഇന്ത്യൻ സാഹചര്യങ്ങൾ നന്നായി അറിയുന്ന പൊള്ളാർഡിനൊപ്പം ഓൾറൗണ്ടർ ഫാബിയൻ അല്ലെൻ, ഈ വർഷത്തെ കരീബിയൻ പ്രീമിയർ ലീഗിലെ ടോപ്സ്കോറർ ബ്രാണ്ടൻ കിങ് എന്നിവരിലാണ് പ്രതീക്ഷ. പരിചയസമ്പന്നനായ ലെൻഡൽ സിമ്മൺസും വിൻഡീസ് ബാറ്റിങ്നിരക്ക് മുതൽക്കൂട്ടാകും.
പന്തുചുരണ്ടൽ വിവാദത്തിൽ പുറത്തായ നിക്കോളാസ് പൂരന് പകരം ദിനേഷ് രാംദിനാകും വിക്കറ്റിനു പിന്നിൽ. എവിൻ ലെവിസ്, ഷിംറോൺ ഹെറ്റ്മയർ, ജാസൺ ഹോൾഡർ, ഷെൽഡൺ കോട്രൽ എന്നിവരും മത്സരത്തിെൻറ ഗതി തിരിക്കാൻ കഴിയുന്നവരാണ്.
ലോകകപ്പിനുള്ള മൂന്ന് പേസർമാർ തീരുമാനമായി
ഹൈദരാബാദ്: ട്വൻറി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിെൻറ പേസ് നിരയിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നിവർ ഏകദേശം സ്ഥാനം ഉറപ്പിച്ചതായും നാലാമത്തെ പേസറുടെ സ്ഥാനമാണ് ഒഴിവുള്ളതെന്നും നായകൻ വിരാട് കോഹ്ലി. ബുംറക്കും ഭുവിക്കും വലിയ അനുഭവസമ്പത്തുണ്ട്.
ആസ്ട്രേലിയയിലെ പിച്ചുകളിൽ ഏറെ പ്രയോജനപ്പെടുന്ന താരമാണ് ഷമി. ദീപക് ചഹാറും മികച്ച രീതിയിൽ പന്തെറിയുന്നത് നല്ല സൂചനയാണെന്നും കോഹ്ലി പറഞ്ഞു. ആരാധകരുടെയും ക്രിക്കറ്റ് പണ്ഡിതരുടെയും തുടർച്ചയായ വിമർശനത്തിന് ഇരയാകുന്ന ഋഷഭ് പന്തിന് പിന്തുണ നൽകണമെന്ന് കോഹ്ലി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.