ഇന്ത്യ-വിൻഡീസ് ട്വൻറി20 പരമ്പരക്ക് ഇന്ന് യു.എസിൽ തുടക്കം
text_fieldsലൗഡർഹിൽ (യു.എസ്): ലോകകപ്പിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം വീണ്ടും കളത്തിലേക്ക്. ആദ്യറൗണ്ടിലെ മികച്ച പ്രകടനത്തിനത്തിനു പിന്നാലെ സെമിയിൽ പുറത്തായശേഷം ആദ്യമായാണ് വിരാട് കോഹ്ലിയും സംഘവും അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്നത്. ലോകചാമ്പ്യൻഷിപ്പിെൻറ ഭാഗമായുള്ള ടെസ്റ്റുകളും ഏകദിന-ട്വൻറി20 പരമ്പരകളുമടങ്ങുന്ന ടീമിെൻറ പര്യടനം വെസ്റ്റിൻഡീസിലാണ്. എന്നാൽ, ആദ്യം നടക്കുന്ന ട്വൻറി20 പരമ്പരയിലെ ആദ്യ രണ്ടു കളികൾ അരങ്ങേറുന്നത് യു.എസിലെ ഫ്ലോറിഡയിലും. മൂന്നാം മത്സരം കരീബിയൻ ദ്വീപായ ആൻറിഗ്വയിൽ നടക്കും. ട്വൻറി20 പരമ്പരക്കുശേഷമാണ് ഏകദിന, ടെസ്റ്റ് പരമ്പരകൾ.
ട്വൻറി20 ലോകകപ്പിൽ കണ്ണുനട്ട്
അടുത്തവർഷം ആസ്ട്രേലിയയിൽ നടക്കുന്ന ട്വൻറി20 ലോകകപ്പിനുള്ള ഒരുക്കത്തിന് തുടക്കം കൂടിയാണ് ഇന്ത്യക്ക് ഇൗ പരമ്പര. പരിചയസമ്പത്തും യുവത്വവും സമന്വയിക്കുന്ന ടീമിനെയാണ് ഇന്ത്യ അണിനിരത്തുന്നത്. ക്യാപ്റ്റൻ കോഹ്ലിയുടെയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുടെയും പരിക്കുമാറിയെത്തുന്ന ശിഖർ ധവാെൻറയും ട്വൻറി20യിൽ മികച്ച റെക്കോഡുള്ള കെ.എൽ. രാഹുലിെൻറയും കരുത്തിൽ മികച്ച ബാറ്റിങ് നിരയാണ് ഇന്ത്യയുടേത്. ഇടവേളക്കുശേഷം ടീമിലിടം പിടിച്ച മനീഷ് പാണ്ഡെക്കും ശ്രേയസ് അയ്യർക്കും ഇതു നിർണായക ടൂർണമെൻറായിരിക്കും. ഇവർക്കൊപ്പം ഋഷഭ് പന്ത് കൂടി ചേരുന്നതോടെ യുവരക്തത്തിന് കുറവുണ്ടാവില്ല. രവീന്ദ്ര ജദേജയും ക്രുണാൽ പാണ്ഡ്യയുമാണ് ഒാൾറൗണ്ടർമാർ. ഹാർദിക് പാണ്ഡ്യ ടീമിലില്ല. ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഭുവനേശ്വർ കുമാറായിരിക്കും പേസ് ബൗളിങ് കുന്തമുന. ഖലീൽ അഹ്മദ്, ദീപക് ചഹാർ, നവ്ദീപ് സൈനി എന്നിവരും കൂട്ടിനുണ്ട്. സ്പിൻ ജോടി യുസ്വേന്ദ്ര ചഹലിെൻറയും കുൽദീപ് യാദവിെൻറയും അഭാവത്തിൽ യുവ ലെഗ്സ്പിന്നർ രാഹുൽ ചഹാറിനാണ് സ്പിൻ ചുമതല. വാഷിങ്ടൺ സുന്ദറാണ് മറ്റൊരു ഒാപ്ഷൻ.
വെടിക്കെട്ടുകാരുടെ വിൻഡീസ്
ഒന്നൊന്നര വെടിക്കെട്ടിന് തിരികൊളുത്താൻ മികവുള്ളവരാണ് വെസ്റ്റിൻഡീസ് ട്വൻറി20 ബാറ്റിങ് നിരയിലെ മിക്കവരും. ആന്ദ്രെ റസൽ, കീറൺ പൊള്ളാർഡ്, നികോളസ് പൂരാൻ, ഷിംറോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, കാർലോസ് ബ്രാത്വൈറ്റ്-എല്ലാവരും ഏത് പന്തും കണ്ടംകടത്താൻ കെൽപുറ്റവർ. അതിനാൽതന്നെ വെടിക്കെട്ടാശാൻ ക്രിസ് ഗെയ്ലിെൻറ അഭാവം ടീമിനെ ബാധിക്കാനിടയില്ല. ബൗളിങ്ങിൽ സുനിൽ നരെയ്െൻറ തിരിച്ചുവരവാണ് ശ്രദ്ധേയം.
ഷെൽഡൺ കോട്രൽ, ഒാഷെയ്ൻ തോമസ്, കീമോ പോൾ തുടങ്ങിയവർക്കൊപ്പം ബ്രാത്വൈറ്റും റസലും പേസ് ബൗളിങ് ഡിപ്പാർട്മെൻറിലുണ്ട്. ഖാറി പിയറെ ആണ് നരെയ്ന് പിന്തുണയുമായി സ്പിൻ വിഭാഗത്തിലുള്ളത്. ഷായ് ഹോപിെൻറ അഭാവത്തിൽ ആൻറണി ബ്രാംബ്ലാണ് വിക്കറ്റ് കീപ്പർ.
ടീം-ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, ശിഖർ ധവാൻ, കെ.എൽ. രാഹുൽ, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, രവീന്ദ്ര ജദേജ, ക്രുണാൽ പാണ്ഡ്യ, രാഹുൽ ചഹാർ, വാഷിങ്ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, ഖലീൽ അഹ്മദ്, ദീപക് ചഹാർ, നവ്ദീപ് സൈനി.
വെസ്റ്റിൻഡീസ്: കാർലോസ് ബ്രാത്വൈറ്റ് (ക്യാപ്റ്റൻ), ജോൺ കാംപെൽ, എവിൻ ലൂയിസ്, നികോളസ് പൂരാൻ, ഷിംറോൺ ഹെറ്റ്മെയർ, ആന്ദ്രെ റസൽ, കീറൺ പൊള്ളാർഡ്, റോവ്മാൻ പവൽ, കീമോ പോൾ, സുനിൽ നരെയ്ൻ, ഷെൽഡൻ കോട്രൽ, ഒാഷെയ്ൻ തോമസ്, ഖാറി പിയറെ, ആൻറണി ബ്രാമ്പ്ൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.