ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ അജിത് വഡേക്കർ അന്തരിച്ചു
text_fieldsമുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും പരിശീലകനുമായിരുന്ന അജിത് വഡേക്കർ (77) അന്തരിച്ചു. അസുഖബാധിതനായി ദീർഘനാൾ ചികിത്സയിലായിരുന്നു. ക്യാപ്റ്റനായും പരിശീലകനായും ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് വഡേക്കർ. അർജുന അവാർഡ്, പത്മശ്രീ, ക്രിക്കറ്റിലെ സമഗ്ര സംഭാവനക്കുള്ള സി.കെ. നായിഡു ലൈഫ് ടൈം അച്ചീവ്‌മെന്‍റ് എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. രേഖയാണ് ഭാര്യ, മൂന്നു മക്കൾ.
1971ൽ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട് ടീമുകൾക്കെതിരെ അവരുടെ നാട്ടിൽ ഇന്ത്യക്ക് പരമ്പര സമ്മാനിച്ച് ചരിത്രമെഴുതിയ ക്യാപ്റ്റനാണ് വഡേക്കർ. സുനിൽ ഗാവസ്കർ, ഫാറൂഖ് എൻജീനിയർ, ആബിദ് അലി, ബിഷൻസിങ് ബേദി, പ്രസന്ന, ബി. ചന്ദ്രശേഖർ, എസ്. വെങ്കിട്ടരാഘവൻ തുടങ്ങിയ പ്രഗത്ഭർ വഡേക്കറിന്‍റെ കീഴിൽ ഉണ്ടായിരുന്നു. 1972–73 കാലഘട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ തുടർച്ചയായി മൂന്ന് പരമ്പരകളിൽ വിജയം നേടിയും റെക്കോർഡിട്ടു.
1941 ഏപ്രിൽ ഒന്നിന് മുംബൈയിലാണ് അജിത് വഡേക്കറിന്‍റെ ജനനം. 1958ൽ ബോംബെയ്ക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ വഡേക്കർ, 237 മൽസരങ്ങളിൽനിന്നായി 15,380 റൺസും പേരിലാക്കി. 1966ൽ ഇന്ത്യൻ ടീമിലെത്തി. ഇതേ വർഷം വെസ്റ്റ് ഇൻഡീസിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. 37 ടെസ്‌റ്റുകളിലായി 31.07 റൺസ് ശരാശരിയിൽ 2113 റൺസ് നേടി. ടെസ്റ്റിൽ ഒരു സെഞ്ചുറിയും 14 അർധസെഞ്ചുറികളും വഡേക്കറിന്‍റെ പേരിലുണ്ട്. രാജ്യാന്തര കരിയറിലെ ഏക സെഞ്ചുറിയായ 143 റൺസാണ് ടെസ്റ്റിലെ ഉയർന്ന സ്കോർ.
1974 ജൂലൈയിൽ ഇംഗ്ലണ്ടിനെതിരെ ലീഡിലായിരുന്നു ഏകദിന അരങ്ങേറ്റം. രണ്ട് ഏകദിനങ്ങൾ മാത്രം കളിച്ചിട്ടുള്ള ഇദ്ദേഹം 73 റൺസും സ്വന്തമാക്കി. നാലുവട്ടം മുംബൈയെ രഞ്‌ജി ട്രോഫി ജേതാക്കളാക്കിയ വഡേക്കർ 1974ൽ വിരമിച്ചു. 1998-99ൽ സീനിയർ ടീമിന്‍റെ സെലക്ഷൻ കമ്മിറ്റി ചെയർമാനായി.
1991-92 മുതൽ 1995-96വരെ ഇന്ത്യൻ ടീമിന്‍റെ പരിശീലകനായിരുന്നു. ഏറ്റവും കൂടുതൽ കാലം ടീം കോച്ചായി സേവനമനുഷ്‌ഠിച്ച ഇന്ത്യക്കാരനാണ് വഡേക്കർ. കോച്ച് എന്ന നിലയിൽ അദ്ദേഹത്തിന്‍റെ പ്രകടനം പ്രശംസനീയമായിരുന്നു. ഇന്ത്യൻ ടീം അദ്ദേഹത്തിന്‍റെ കീഴിൽ മികച്ച വിജയങ്ങൾ കുറിച്ചു. ക്രിക്കറ്റ് ഭരണാധികാരികളുടെ പൂർണ പിന്തുണ ലഭിക്കാൻ ഭാഗ്യം ലഭിച്ച വഡേക്കർ 1996ൽ ആ സ്‌ഥാനം വിട്ടൊഴിഞ്ഞു.
1974ലെ ഇംഗ്ലണ്ട് പര്യടനത്തിൽ മൂന്നു ടെസ്റ്റുകളിലും ഇന്ത്യ തോറ്റത് തിരിച്ചടിയായി. പിന്നാലെ ആഭ്യന്തര ക്രിക്കറ്റിലും നിറം മങ്ങിയതോടെ നായക പദവിയൊഴിഞ്ഞു. 1996ലെ ലോകകപ്പ് സെമിയിൽ ശ്രീലങ്കയോട് നേരിട്ട പരാജയത്തെ തുടർന്ന് വഡേക്കർ പരിശീലക സ്‌ഥാനം രാജിവെച്ചു. ഇന്ത്യ കണ്ട ഏറ്റവും മികച്ച മൂന്നാം നമ്പർ ബാറ്റ്സ്മാനും സ്ലിപ് ഫീൽഡറുമായിരുന്നു വഡേക്കർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.