പുണെയോടും തോറ്റു; ബാംഗ്ലൂർ ഐ.പി.എല്ലിൽ നിന്നും ഒൗട്ട്
text_fieldsപുണെ: തോറ്റു തോറ്റു തുന്നംപാടി വിരാട് കോഹ്ലിയും സംഘവും െഎ.പി.എൽ പത്താം സീസൺ പ്ലേ ഒാഫ് കാണാതെ പുറത്ത്. പുണെക്കെതിരായ നിർണായക മത്സരത്തിലും തലവര മായാതെ നിന്നതോടെ വിരാട് കോഹ്ലി, ആസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് നയിച്ച പുണെ സൂപ്പർ ജയൻറിനു മുന്നിൽ 61 റൺസിന് മുട്ടുകുത്തി. ആദ്യ ബാറ്റുചെയ്ത പുണെ നേടിയ 157 റൺസിന് ബാംഗ്ലൂർപടയുടെ മറുപടി 96 റൺസിൽ ഒതുങ്ങി. അതിൽ 55 റൺസും കോഹ്ലിയുടെ സംഭാവന. രണ്ടക്കം കണ്ടതും കോഹ്ലി മാത്രം! ട്രാവിസ് ഹെഡ് (2), എ.ബി ഡിവില്ലിയേഴ്സ് (3), കേദാർ ജാദവ് (7), മലയാളി താരം സചിൻ ബേബി (2), സ്റ്റുവർട്ട് ബിന്നി(1), പവൻ നേഗി (3), ആദം മിൽനെ (5), സാമുവൽ ബദ്രീ (2) എന്നിവർ ക്രീസിൽ വന്ന് സ്റ്റേഡിയം കണ്ടപാടെ മടങ്ങി. മത്സരം 20 ഒാവറായതുകൊണ്ട് ശ്രീനാഥ് അരവിന്ദും (8*) യുസ്വേന്ദ്ര ചഹലും (4*) പുറത്തായില്ല. സ്കോർ: പുണെ 157/3, ബാംഗ്ലൂർ 96/9.
ഇൗ സീസണിൽ ഇതു രണ്ടാം തവണയാണ് ബാംഗ്ലൂർ മൂന്നക്കം കാണാതെ പുറത്താവുന്നത്. നേരത്തേ കൊൽക്കത്തക്കെതിരായ മത്സരത്തിൽ 49 റൺസിനു പുറത്തായി പുതുചരിത്രം കുറിച്ച് നാണംകെട്ടിരുന്നു. ഇൗ തോൽവിയോടെ ഗെയ്ൽ^എബി^കോഹ്ലി എന്നീ ത്രിമൂർത്തികളുൾപ്പെടുന്ന വമ്പൻ താരനിരയുള്ള കൊമ്പന്മാർക്ക് പ്ലേ ഒാഫിനുള്ള അവസാന സാധ്യതയും അസ്തമിച്ചു. പത്തു കളിയിൽ ആർ.സി.ബി ജയിച്ചത് രണ്ടെണ്ണത്തിൽ മാത്രം. ഏഴു മത്സരങ്ങളിൽ തോറ്റുതൊപ്പിയിട്ടപ്പോൾ, ഹൈദരാബാദിനെതിരായ മത്സരത്തിൽ മഴെപയ്ത് സമനിലയിൽ അവസാനിച്ചതോടെ ഒരു പോയൻറ് ലഭിച്ചത് മിച്ചമെന്ന് കരുതാം.ഡൽഹിക്കെതിരെ 15 റൺസിനും ഗുജറാത്തിനെതിരെ 21 റൺസിനും ജയിച്ചതാണ് ഇൗ സീസണിലെ ബാംഗ്ലൂരിെൻറ രണ്ടു ജയങ്ങൾ. മത്സരത്തിൽ ടോസ് നേടിയ വിരാട് കോഹ്ലി പുണെയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒാപണർമാരായ അജിൻക്യ രഹാനെയും രാഹുൽ ത്രിപാഠിയും ശ്രദ്ധയോടെയായിരുന്നു തുടങ്ങിയത്.
രണ്ടാം ഒാവറിൽ സാമുവൽ ബദ്രീയുടെ പന്തിൽ അജിൻക്യ രഹാനെ (6) പുറത്തായതോടെ ബാംഗ്ലൂരിന് പ്രതീക്ഷവന്നെങ്കിലും രാഹുൽ ത്രിപാഠിയും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും കളി കൈയിെലടുത്തു. ഇരുവരും രണ്ടാം വിക്കറ്റിൽ 49 റൺസിെൻറ കൂട്ടുകെട്ടുണ്ടാക്കി. 37 റൺസെടുത്തുനിൽക്കെ പവൻ നേഗിയുടെ പന്തിൽ ത്രിപാഠിയും പുറത്തായെങ്കിലും മനോജ് തിവാരിയെ കൂട്ടുപിടിച്ച് സ്മിത്ത് സ്കോർ ഉയർത്തി. മൂന്നാം വിക്കറ്റിൽ സ്മിത്തും തിവാരിയും അടിച്ചെടുത്തത് 50 റൺസ്. പിന്നീട് സ്റ്റുവർട്ട് ബിന്നിയുടെ പന്തിലാണ് സ്മിത്ത് (45) പുറത്താവുന്നത്. ഒടുവിൽ മനോജ് തിവാരിയും (44*) മുൻ ക്യാപ്റ്റൻ എം.എസ്. ധോണിയും (21*)പുറത്താവാതെ ടീം സ്കോർ 157ലേക്കെത്തിച്ചു. പുെണക്കായി ഇംറാൻ താഹിർ നാല് ഒാവറിൽ 18 റൺസ് മാത്രം വിട്ടുനൽകി മൂന്നു വിക്കറ്റെടുത്തു. ഇതോടെ ഒമ്പതു കളികളിൽ അഞ്ചു ജയവുമായി പുണെ പ്ലേ ഒാഫ് സാധ്യത നിലനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.