കാവേരി തർക്കം: ചെന്നൈ, ബാംഗ്ലൂർ മത്സരങ്ങൾ കാര്യവട്ടത്ത് നടത്താനുള്ള സാധ്യത തേടി ബി.സി.സി.ഐ
text_fieldsതിരുവനന്തപുരം: തമിഴ്നാടും കർണാടകയും തമ്മിലുള്ള കാവേരി നദീജല തർക്കത്തെ തുടർന്ന് 11ാം സീസണിലെ ഐ.പി.എൽ മത്സരങ്ങൾ കേരളത്തിലേക്ക്. ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമുകളുടെ ഹോം മത്സരങ്ങളിൽ ചിലത് കാര്യവട്ടം ഗ്രീൻഫീൽഡിൽ (സ്പോർട്സ് ഹബ്ബ്) നടക്കാനാണ് സാധ്യത.
ഇതുസംബന്ധിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബി.സി.സി.ഐ) ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെൻറും കേരള ക്രിക്കറ്റ് അസോസിയേഷനുമായി ചർച്ച നടത്തി. മത്സരങ്ങൾ നടത്താൻ കെ.സി.എ തയാറാണെന്നും ട്വൻറി 20 മത്സരങ്ങൾ നടത്താൻ സ്റ്റേഡിയം പൂർണ സജ്ജമാണെന്നും ബി.സി.സി.ഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരിയെയും ഐ.പി.എല് ചെയര്മാൻ രാജീവ് ശുക്ലയെയും കെ.സി.എ അറിയിച്ചു. മൂന്നുദിവസത്തിനകം ഇതുസംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് കെ.സി.എ സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു.
കാവേരി നദീജല തർക്കം പരിഹരിക്കുന്നതുവരെ ഐ.പി.എൽ മത്സരങ്ങൾ ബഹിഷ്കരിക്കണമെന്ന വാദമുയർത്തി തമിഴ്നാട്ടിൽ പ്രചാരണം വ്യാപകമാണ്. ചെന്നൈയിൽ ഐ.പി.എൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് നിലവിലെ സാഹചര്യത്തിൽ അപമാനകരമാണെന്ന് ചൂണ്ടിക്കാട്ടി തെന്നിന്ത്യൻ സൂപ്പർതാരം രജനികാന്തും ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു. കേരളത്തിൽനിന്ന് ഐ.പി.എൽ ടീമുകൾ രംഗത്തില്ലാത്ത സാഹചര്യത്തിലാണ് ചെന്നൈയുടെ ഹോം ഗ്രൗണ്ടായി ഗ്രീൻഫീൽഡിനെ പരിഗണിക്കുന്നത്.
ക്രിക്കറ്റ് കളിക്കാനുള്ള സമയമല്ലിതെന്നും കാവേരി പ്രശ്നത്തിലെ പ്രതിഷേധം ഐ.പി.എൽ വേദിയിലുണ്ടാകണമെന്നുമാണ് രജനി പറഞ്ഞത്. കാവേരി വിഷയത്തിൽ ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ നടത്തുന്ന ഉപവാസ വേദിയിലായിരുന്നു രജനികാന്ത് തെൻറ നിലപാട് വ്യക്തമാക്കിയത്. ഡി.എം.കെ വർക്കിങ് പ്രസിഡൻറ് എം.കെ. സ്റ്റാലിൻ, തമിഴ്നാട്ടിലെ സ്വതന്ത്ര എം.എൽ.എ ടി.ടി.വി. ദിനകരൻ തുടങ്ങിയവരും സമാന ആവശ്യം ഉന്നയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് പ്രക്ഷോഭം ശക്തമായാൽ ചെന്നൈയുടെ ഹോം മത്സരങ്ങൾ കേരളത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ബി.സി.സി.ഐ അലോചിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സിനെതിരെ കർണാടകയിലും പ്രതിഷേധത്തിനു സാധ്യതയുള്ളതിനാൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ചെന്നൈയുടെ ഹോം മത്സരവും കേരളത്തിലേക്ക് മാറ്റിയേക്കും.
ഏപ്രിൽ 10 മുതൽ േമയ് 20വരെ ഏഴു മത്സരങ്ങളാണ് ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുക. വാതുവെപ്പ് കേസിൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് അവസാനിച്ചതിനെ തുടർന്ന് രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമാണ് തമിഴ്നാട് വീണ്ടും ഐ.പി.എല്ലിന് വേദിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.