ബ്രാവോയുടെ വെടിക്കെട്ടിൽ ചെന്നൈക്ക് മിന്നും ജയം
text_fieldsമുംബൈ: സിക്സറുകൾകൊണ്ട് കരീബിയൻ വെടിക്കെെട്ടാരുക്കിയ ബ്രാവോയുടെ ഇന്നിങ്സോടെ െഎ.പി.എൽ 11ാം സീസണിന് സ്വപ്നത്തുടക്കം. ചാമ്പ്യന്മാരുടെ തലയെടുപ്പോടെ ഉദ്ഘാടന മത്സരത്തിനിറങ്ങിയ മുംബൈ ഇന്ത്യൻസിനെ അവസാന മൂന്ന് ഒാവറുകളിൽ റൺപൂരത്തിൽ മുക്കി ചെന്നൈ സൂപ്പർകിങ്സ് തിരിച്ചുവരവ് ഗംഭീരമാക്കി.
ആദ്യം ബാറ്റുചെയ്ത മുംബൈ നാലു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തപ്പോൾ മറുപടിയിൽ ചെന്നൈ തകർച്ചയോടെയാണ് തുടങ്ങിയത്. ധോണിപ്പട തോൽവി ഉറപ്പിച്ച നിമിഷത്തിലായിരുന്നു വിൻഡീസ് താരം ഡ്വെയ്ൻ ബ്രാവോയുടെ ആളിക്കത്തൽ. എട്ടിന് 118 റൺസ് എന്ന നിലയിൽ തകർന്ന ചെന്നൈയെ 30 പന്തിൽ 68 റൺസിെൻറ പ്രകടനവുമായി കരീബിയൻ കരുത്ത് മുന്നിൽ നിന്ന് നയിച്ചു. ഒടുവിൽ ഒരു വിക്കറ്റിെൻറ ത്രസിപ്പിക്കുന്ന ജയം. ഏഴ് സിക്സും, മൂന്ന് ബൗണ്ടറിയുമായാണ് ബ്രാവോ സീസണിെൻറ ഉദ്ഘാടനം റൺപൂരമാക്കിമാറ്റിയത്. രണ്ടുവർഷം വിലക്ക് നേരിട്ട ചെന്നൈയുടെ തിരിച്ചുവരവും ഇതോടെ ഗംഭീരമായി.
ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ എം.എസ്. ധോണി മുംബൈയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. ഹർഭജൻ സിങ്ങും ഷെയ്ൻ വാട്സനും രവീന്ദ്ര ജദേജയും ഇമ്രാൻ താഹിറും നടത്തിയ ബൗളിങ് ആക്രമണത്തെ വിറക്കാതെ നേരിട്ട മുംബൈ നാലുവിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മൂന്നാം ഒാവറിൽ ഒാപണർ എവിൽ ലൂയിസും (0), തൊട്ടുപിന്നാലെ ക്യാപ്റ്റൻ രോഹിത് ശർമയും (15) പുറത്തായെങ്കിലും മധ്യനിരയിൽ യുവതാരങ്ങളായ സൂര്യകുമാർ യാദവും (43), ഇഷൻ കിശാനും (40) ചേർന്ന് മുംബൈയെ പിടിച്ചുനിർത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നനഞ്ഞപടക്കമായാണ് തുടങ്ങിയത്. ഷെയ്ൻ വാട്സൻ (16), സുരേഷ് റെയ്ന (4), എം.എസ്. ധോണി (5), രവീന്ദ്ര ജദേജ (12) എന്നിവർ എളുപ്പം കൂടാരം കയറി. എട്ടിന് 118 എന്ന നിലയിൽ തോൽവി ഉറപ്പിച്ചപ്പോഴാണ് ഡ്വെയ്ൻ ബ്രാവോയുടെ ഒറ്റയാൻ പ്രകടനം.
വൈകുന്നേരം നടന്ന ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് താരങ്ങളായ ഋത്വിക് റോഷൻ, ജാക്വിലിൻ ഫെർണാണ്ടസ്, തമന്ന ഭാട്ടിയ എന്നിവർ നൃത്തച്ചുവടുകളുമായി വാംഖഡെ സ്റ്റേഡിയത്തിന് ആവേശമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.