രാജസ്ഥാൻ ജയിച്ചു; പ്ലേഒാഫ് കാണാതെ ബാംഗ്ലൂർ പുറത്ത്
text_fieldsജയ്പുർ: കൂറ്റനടിക്കാരും വിക്കറ്റ്കൊയ്ത്തുകാരും നിറഞ്ഞുനിന്നിട്ടും െഎ.പി.എല്ലിെൻറ 11ാം സീസണിലും േപ്ലഒാഫ് ഭാഗ്യമില്ലാതെ ബംഗളൂരു റോയൽ ചലഞ്ചേഴ്സിന് മടക്കം. പ്രാഥമിക റൗണ്ടിൽ തങ്ങളുടെ അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനു മുന്നിൽ 30 റൺസിെൻറ തോൽവി വഴങ്ങിയതോടെ വിരാട് േകാഹ്ലിയുടെ സംഘം പുറത്തായി.
നിർണായക മത്സരത്തിൽ നാലു വിക്കറ്റ് വീഴ്ത്തിയ ശ്രേയസ് ഗോപാലും 80 റൺസെടുത്ത രാഹുൽ ത്രിപാഠിയും ചേർന്നാണ് രാജസ്ഥാന് ആധികാരിക ജയം സമ്മാനിച്ചത്. 14 പോയൻറുള്ള രാജസ്ഥാെൻറ േപ്ലഒാഫ് പ്രവേശനം ഞായറാഴ്ചയിലെ മുംബൈ ഇന്ത്യൻസിെൻറയും പഞ്ചാബിെൻറയും മത്സരഫലത്തെ ആശ്രയിച്ചിരിക്കും.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഒാവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു 19.2 ഒാവറിൽ 134 റൺസിന് പുറത്തായി. നെറ്റ് റണ്‍റേറ്റില്‍ മുംബൈക്ക് മുന്നിലെത്താന്‍ 16 ഓവറിനുള്ളില്‍ ജയം ലക്ഷ്യമിട്ട് ബാറ്റിങ് തുടങ്ങിയ ബംഗളൂരുവിന് തുടക്കത്തിൽതന്നെ തിരിച്ചടിയേറ്റു. മൂന്നാം ഒാവറിൽ കൃഷ്ണപ്പ ഗൗതത്തിെൻറ പന്തില്‍ ക്യാപ്റ്റൻ വിരാട് കോഹ്ലി (4) ക്ലീന്‍ബൗള്‍ഡായി മടങ്ങി. ഒാപണറായ പാര്‍ഥിവ് പട്ടേലുമൊത്ത് (33) എബി ഡിവില്ലിയേഴ്സ് (53) രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും സ്കോര്‍ബോര്‍ഡില്‍ 75 റണ്‍സുള്ളപ്പോള്‍ പാര്‍ഥിവിനെ ക്ലാസെൻറ കൈകളിലെത്തിച്ച് ശ്രേയസ് ഗോപാല്‍ സഖ്യം പൊളിച്ചു.
പിന്നാലെ, ബാറ്റ്സ്മാന്മാരുടെ ഘോഷയാത്രയായിരുന്നു. 21 റണ്‍സിനിടെ ഡിവില്ലിയേഴ്സ്, മുഇൗന്‍ അലി (1), മന്ദീപ് സിങ് (3), കോളിന് ഡി ഗ്രാന്‍ഡ്ഹോം (2), എന്നിവര്‍ കൂടാരം കയറി. രാജസ്ഥാൻ സ്പിൻ ആക്രമണത്തിന് മുന്നിലാണ് കോഹ്ലിയുടെ ബാറ്റിങ്നിരക്ക് അടിതെറ്റിയത്. അവസാന പ്രതീക്ഷയായ ടിം സൗത്തിയെ (14) ഉനദ്ഘട് വീഴ്ത്തിയതോടെ ബംഗളൂരുവിെൻറ പരാജയം ഉറപ്പായിരുന്നു. വെറും 16 റൺസ് വഴങ്ങിയാണ് ശ്രേയസ് ഗോപാൽ നാല് വിക്കറ്റുകൾ വീഴ്ത്തിയത്.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനായി വിന്‍ഡീസ് താരം ജോഫ്ര ആർച്ചറാണ് രാഹുല്‍ ത്രിപാഠിക്കൊപ്പം ഇന്നിങ്സ് ഓപൺ ചെയ്യാനെത്തിയത്. എന്നാല്‍, നാല് പന്ത് നേരിട്ട താരം ഡക്കായി മടങ്ങി. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ത്രിപാഠിയും അജിൻക്യ രഹാനെയും (33) ചേര്‍ന്ന് നേടിയ 99 റണ്‍സ് കൂട്ടുകെട്ട് രാജസ്ഥാൻ ഇന്നിങ്സിൽ നിർണായകമായി.
മലയാളി താരം സഞ്ജു സാംസൺ പൂജ്യനായി മടങ്ങി. അവസാന ഒാവറുകളിൽ മികച്ച രീതിയിൽ ബാറ്റേന്തിയ ഹെൻറിക് ക്ലാസനും (32) ത്രിപാഠിയും വൻ സ്കോറിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും ബംഗളൂരു ബൗളർമാരുടെ കണിശത അവരെ 164ൽ ഒതുക്കുകയായിരുന്നു. ബംഗളൂരുവിനായി ഉമേശ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രാജസ്ഥാനായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ബെൻ ലോഗ്ലിനും ജയ്ദേവ് ഉനദ്ഘട്ടും മികച്ച പ്രകടനം കാഴ്ചെവച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.