വെടിക്കെട്ടുമായി റായുഡുവും ധോണിയും; ചെന്നൈക്ക് സൂപ്പർ ജയം
text_fieldsബംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിരാട് കോഹ്ലിയുടെ ബംഗളൂരു തിരുവമ്പാടിക്കാരായപ്പോൾ, എം.എസ്. ധോണിയുടെ ചെന്നൈ പാറമേക്കാവുകാരായി. അമിട്ടിനും പൂത്തിരിക്കും പകരം വാനിലേക്കുയർന്നത് സിക്സുകളും ബൗണ്ടറിയും. പൂരവെടിക്കെട്ട് പോലെ മാറിമറിഞ്ഞ ഉദ്വേഗങ്ങൾക്കൊടുവിൽ ധോണി നയിച്ച ചെന്നൈ സൂപ്പർ കിങ്സ് വിജയക്കൊടിയുയർത്തി. െഎ.പി.എല്ലിലെ വല്യേട്ടന്മാരുടെ പോരാട്ടത്തിൽ ധോണി തന്നെ മുന്നിൽ. ബംഗളൂരു സ്വന്തം മുറ്റത്ത് സീസണിലെ നാലാം തോൽവി വഴങ്ങിയപ്പോൾ, അഞ്ചാം ജയവുമായി ചെന്നൈ പോയൻറ് പട്ടികയിൽ ഒന്നാമതായി.
ആദ്യം ബാറ്റുചെയ്ത ബംഗളൂരു റോയൽ ചലഞ്ചേഴ്സ് എട്ടുവിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തപ്പോൾ വിജയം ഏതാണ്ടുറപ്പിച്ചപോലെയായിരുന്നു ആതിഥേയ ഗാലറിയുടെ ആഘോഷങ്ങൾ. എന്നാൽ, അമ്പാട്ടി റായുഡുവും (53 പന്തിൽ 82), എം.എസ്. ധോണിയും (34 പന്തിൽ 70 നോട്ടൗട്ട്) ഇരട്ടി വീര്യത്തിൽ തിരിച്ചടിച്ചപ്പോൾ രണ്ട് പന്തും അഞ്ചു വിക്കറ്റും ബാക്കിനിൽക്കെ ചെന്നൈ ലക്ഷ്യം കണ്ടു.
ഷെയ്ൻ വാട്സൻ (7), സുരേഷ് റെയ്ന (11), സാം ബില്ലിങ്സ് (9), രവീന്ദ്ര ജദേജ (3) എന്നിവർ നിരാശപ്പെടുത്തിയപ്പോഴായിരുന്നു അഞ്ചാം വിക്കറ്റിൽ ധോണിയും റായുഡുവും ചെന്നൈയുടെ ഗതിതിരിച്ചത്. നാലിന് 74 റൺസ് എന്ന നിലയിൽ കൂട്ടുചേർന്ന ഇന്നിങ്സ് 101റൺസ് ചേർത്ത ശേഷമാണ് പിരിഞ്ഞത്. ഡ്വെയ്ൻ ബ്രാവോ 14 റൺസുമായി അവസാനം ഒാവർ ഗംഭീരമാക്കി. റായുഡു എട്ടും, ധോണി ഏഴും സിക്സുകളാണ് പറത്തിയത്. ബംഗളൂരു നിരയിൽ ക്വിൻറൺ ഡി കോക്ക് (37 പന്തിൽ 53), എബി ഡിവില്ലിയേഴ്സ് (30 പന്തിൽ 68), മന്ദീപ് സിങ് (17 പന്തിൽ 32) എന്നിവരാണ് കൂറ്റൻ സ്കോറിന് അടിത്തറപാകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.