കോവിഡിന് ശേഷം ലോകകപ്പിനേക്കാൾ പരിഗണന നൽകുക ഐ.പി.എല്ലിനും പരമ്പരകൾക്കും- രവി ശാസ്ത്രി
text_fieldsന്യൂഡൽഹി: കോവിഡ് ഭീതി മാറി ലോകത്ത് വീണ്ടും കളിക്കളങ്ങൾ ഉണരുേമ്പാൾ താനും തെൻറ ടീമും ലോകകപ്പിനേക്കാൾ പ്രഥമ പരിഗണന നൽകുക ഐ.പി.എല്ലിനും പരമ്പരകൾക്കുമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. മാർച്ച് മുതൽ ക്രിക്കറ്റ് ഗ്രൗണ്ടുകൾക്ക് പുട്ടുവീണിരിക്കുകയാണ്. കോവിഡ് നിയന്ത്രണവിധേയമാകുകയും ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്യുന്ന മുറക്ക് മത്സരങ്ങൾ പുനരാരംഭിക്കാനുള്ള പദ്ധതികളാണ് ഓരോ രാജ്യത്തെ ക്രിക്കറ്റ് ബോർഡുകളും ആസൂത്രണം ചെയ്യുന്നത്. എന്നാൽ ഇൗ സമയത്ത് ആഗോള മത്സരങ്ങൾ നടത്തുന്നതിനോട് ശാസ്ത്രിക്ക് യോജിപ്പില്ല.
‘ലോകമത്സരങ്ങളിൽ ഞാനിപ്പോൾ അധികം ശ്രദ്ധയൂന്നുന്നില്ല. ഇപ്പോൾ വീട്ടിലിരിക്കുക. ആഭ്യന്തര മത്സരങ്ങൾ സാധാരണഗതിയിലേക്ക് മടങ്ങിയെത്തുക എന്നതാണ് പ്രധാനം. ഉഭയകക്ഷി മത്സരങ്ങൾ പുനരാരംഭിക്കുകയെന്നതാണ് രണ്ടാമത്തെ കാര്യം’ -ശാസ്ത്രി ദേശീയ മാധ്യമത്തോട് പറഞ്ഞു.
‘ലോകകപ്പ് ആതിഥേയത്വവും മറ്റൊരു രാജ്യത്തേക്കുള്ള പര്യടനവും മുന്നിൽ വെച്ച് ഒന്ന് സ്വീകരിക്കാൻ പറഞ്ഞാൽ തീർച്ചയായും ഞങ്ങൾ പരമ്പര തെരഞ്ഞെടുക്കും. 15 ടീമുകൾ പറന്നിറങ്ങുന്നതിന് പകരം ഒരു ടീം ഒന്ന് രണ്ട് ഗ്രൗണ്ടുകളിലായി പരമ്പര കളിക്കുന്നതിൽ ഞങ്ങൾ തൃപ്തിപ്പെടും’ -ശാസ്ത്രി നയം വ്യക്തമാക്കി.
ഐ.പി.എൽ ഒന്നോ രണ്ടോ ഗ്രൗണ്ടുകളിൽ കളിക്കാം. അതിനാൽ തന്നെ അതുമായി ബന്ധപ്പെട്ട ചരക്കുനീക്കങ്ങളും സുഖമമായിരിക്കും. ഈ സമയത്ത് ലോകകപ്പ് പോലൊരു വലിയ ടൂർണമെൻറിനായി 15, 16 ടീമുകൾ എത്തി കളിക്കുന്നതിനേക്കാൾ എളുപ്പം മറ്റൊരു ടീമുമായി ഒന്ന് രണ്ട് ഗ്രൗണ്ടുകളിലായി പരമ്പര കളിക്കുന്നതാണ്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഇക്കാര്യം വസ്‌തുനിഷ്‌ഠമായി പരിശോധിക്കണമെന്നും ശാസ്ത്രി ആവശ്യപ്പെട്ടു. കോവിഡ് കാരണം മാറ്റിവെച്ച ഐ.പി.എൽ വെട്ടിചുരുക്കി ഈ വരുന്ന സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ നടത്താൻ ബി.സി.സി.ഐ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.