ആൻഡേഴ്സൻ ടെസ്റ്റിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളർ
text_fieldsലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ഫാസ്റ്റ് ബൗളറെന്ന റെക്കോർഡ് ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്സൺ സ്വന്തമാക്കി. ഓവലിൽ ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ മുഹമ്മദ് ഷമിയുടെ മിഡിൽ സ്റ്റംപ് തെറിപ്പിച്ചായിരുന്നു ഇംഗ്ലീഷ് ബൗളർ ഈ നേട്ടം കൈവരിച്ചത്. 564 വിക്കറ്റുകളാണ് ആൻഡേഴസൻറെ പേരിലുള്ളത്.
563 വിക്കറ്റുകൾ വീഴ്ത്തിയ ആസ്ട്രേലിയൻ പേസർ ഗ്ലെൻ മക്ഗ്രാത്തിൻറെ റെക്കോർഡാണ് ആൻഡേഴ്സൺ തകർത്തത്. 36കാരനായ ആൻഡേഴ്സൺ 2003ലാണ് ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. 143 ടെസ്റ്റുകൾ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിട്ടുണ്ട്. ശിഖർ ധവാൻ (1), ചേതേശ്വർ പുജാര (0) എന്നിവരെയും ഇന്നലെ ജെയിംസ് ആൻഡേഴ്സൻ പുറത്താക്കിയിരുന്നു.
വെസ്റ്റിൻഡീസ് ബൌളർ കോട്നി വാൽഷ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ് (519). കപിൽ ദേവ് 434 വിക്കറ്റുകളോടെ നാലാം സ്ഥാനത്തുണ്ട്. ആൻഡേഴ്സൻറെ സഹതാരം സ്റ്റുവർട്ട് ബ്രോഡാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത്.
സ്പിൻ ബൗളിങ്ങിൽ ഹിമാലയൻ റെക്കോർഡ് നേട്ടവുമായി ശ്രീലങ്കൻ ഓഫ് സ്പിന്നർ മുത്തയ്യ മുരളീധരൻ ഒന്നാമതുണ്ട്. 800 വിക്കറ്റാണ് മുരളീധരൻ നേടിയത്. ആസ്ട്രേലിയൻ താരം ഷെയ്ൻ വോണും (708) ഇന്ത്യയുടെ അനിൽ കുംബ്ലെയും (619) തൊട്ടുപിന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.