കപിൽ നൂറ്റാണ്ടിലെ അത്ഭുതം; താരതമ്യം വേണ്ട- സുനിൽ ഗവാസ്കർ
text_fieldsന്യൂഡൽഹി: ഇതിഹാസ താരം കപിൽ ദേവിനെ ഹാർദിക് പാണ്ഡ്യയുമായി താരതമ്യം ചെയ്യരുതെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. അത്തരം താരതമ്യങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്നും നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതമാണ് കപിലെന്നും ഗവാസ്കർ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് ഗവാസ്കറുടെ പ്രതികരണം.
‘‘കപിൽ ദേവ് ആരുമായും മാറ്റുരച്ചുനോക്കേണ്ട വ്യക്തിയല്ല. സർ ഡോൺ ബ്രാഡ്മാനെയും സചിൻ ടെണ്ടുൽകറെയും പോലെ നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ്. പാണ്ഡ്യയുമായെന്നല്ല ആരുമായും താരതമ്യം ചെയ്യപ്പെടേണ്ട വ്യക്തിയല്ല കപിൽ’’ -ഗവാസ്കർ പറഞ്ഞു. കൈയെത്തും ദൂരത്തുനിന്ന് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് കൈവിട്ടത് ബാറ്റ്സ്മാന്മാരുടെ ആത്മവിശ്വാസക്കുറവാണെന്നും ഗവാസ്കർ പറഞ്ഞു. ഒാപണിങ് ബാറ്റ്സ്മാൻ ശിഖർ ധവാെൻറ പരാജയത്തിലും ഗവാസ്കർ വിമർശിച്ചു.
‘‘ഏകദിന-ട്വൻറി20 മത്സരങ്ങളിൽ കളിക്കുന്ന ശൈലിയിലാണ് ശിഖർ ടെസ്റ്റിനിറങ്ങുന്നത്. ശൈലിയിൽ ഒട്ടും മാറ്റംവരുത്താത്തത് താരത്തിന് വിനയാവുന്നു. ഇരു ഇന്നിങ്സിലും ധവാൻ പുറത്തായ ഷോട്ടുകൾ ശ്രദ്ധിച്ചാൽ മതിയാവും. മറ്റു ഫോർമാറ്റുകളിൽനിന്ന് വ്യത്യസ്തമായി ടെസ്റ്റ് മത്സരത്തിൽ സ്ലിപ്പിൽ ഒരുപാടു പേരുണ്ടാവും. എന്നാൽ, ഇക്കാര്യം വിസ്മരിച്ചാണ് ധവാെൻറ ബാറ്റിങ്’’ -ഗവാസ്കർ പറഞ്ഞു. ലോഡ്സിലെ രണ്ടാം മത്സരത്തിൽ ഒരു ബാറ്റ്സ്മാനെ അധികം ഇറക്കണമെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.