ക്രിക്കറ്റിന്റെ ‘കാര്യവട്ടമാകാൻ’ ഗ്രീൻഫീൽഡ് തയാർ
text_fieldsതിരുവനന്തപുരം: തലസ്ഥാന നഗരിയിലെ കായിക പ്രേമികൾക്ക് ആവേശമായി കാര്യവട്ടം ഗ്രീൻഫീൽഡിൽ ക്രിക്കറ്റ് പിച്ചുകൾ ഒരുങ്ങി. ടെസ്റ്റിനും ട്വൻറി20ക്കും ഏകദിനത്തിനും അനുയോജ്യമായ അഞ്ച് പിച്ചുകളാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കിയിരിക്കുന്നത്. പിച്ചുകൾ പരിശോധിക്കാൻ ബി.സി.സി.ഐ സംഘം ഞായറാഴ്ച കാര്യവട്ടത്തെത്തും. ബി.സി.സി.ഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി, ക്രിക്കറ്റ് ഓപറേഷൻ ജനറൽ മാനേജർ ഡോ. ആർ. ശ്രീധർ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണെത്തുന്നത്.
പിച്ചുകൾ കണ്ട് സംതൃപ്തി രേഖപ്പെടുത്തിയാൽ ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരങ്ങൾക്കും രഞ്ജിട്രോഫിക്കും ഗ്രീൻഫീൽഡ് വേദിയാകും. പിച്ചുകൾ പരിശോധിക്കുന്നതിെൻറ ഭാഗമായി അണ്ടർ 16 ക്രിക്കറ്റ് സോണൽ മത്സരങ്ങൾ സ്റ്റേഡിയത്തിൽ നടക്കുന്നുണ്ട്. രാത്രിയും പകലും മത്സരങ്ങൾ നടത്തുന്നതിനാവശ്യമായ ഫ്ലഡ് ലൈറ്റ് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. കൊച്ചി കലൂർ സ്റ്റേഡിയത്തിലാണ് നിലവിൽ ബി.സി.സി.ഐ ക്രിക്കറ്റ് മത്സരങ്ങൾ അനുവദിച്ചിരുന്നത്.
ഫിഫ അണ്ടർ 17 ലോകകപ്പിന് കലൂർ സ്റ്റേഡിയം മുഖ്യവേദിയായതോടെയാണ് ഗ്രീൻഫീൽഡിെൻറ ശുക്രദശ തെളിയുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് അനുയോജ്യമായ വേദിക്കായി കെ.സി.എ ഗ്രീൻഫീൽഡിെൻറ ചുമതലക്കാരനായ കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റീസ് ലിമിറ്റഡിനെ (കെ.എസ്.എഫ്.എൽ) സമീപിക്കുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ 11 വർഷത്തെ കരാറിൽ ഇരുവരും ഒപ്പുവെച്ചു. നേരത്തേ ഇന്ത്യയടക്കം ഏഴുരാജ്യങ്ങൾ പങ്കെടുത്ത സാഫ് കപ്പ് ഫുട്ബാൾ, ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിെൻറ പരിശീലന മത്സരങ്ങൾ എന്നിവ ഗ്രീൻഫീൽഡിൽ നടന്നിരുന്നു.
ഇത്തവണ ഐ.എസ്.എല്ലിൽ തിരുവനന്തപുരത്തുനിന്ന് ഒരു ടീമുണ്ടായാൽ അവരുടെ ഹോം ഗ്രൗണ്ടും ഗ്രീൻഫീൽഡ് തന്നെയാകും. രാജ്യത്ത് ആദ്യമായി സ്വകാര്യ-പൊതു പങ്കാളിത്തത്തോടുകൂടി നിർമിച്ച സ്റ്റേഡിയമാണ് ഗ്രീൻഫീൽഡ്. ഡി.ബി.ഒ.ടി (ഡിസൈൻ ബിൽഡ് ഓപറേറ്റ് ട്രാൻസ്ഫർ) വ്യവസ്ഥയിൽ 320 കോടി മുടക്കിയാണ് സ്റ്റേഡിയം നിർമിച്ചിരിക്കുന്നത്. 15 വർഷത്തേക്കാണ് ഡൽഹി ആസ്ഥാനമായ ഐ.എൽ ആൻഡ് എഫ്.എസും സർക്കാറും തമ്മിൽ ധാരണയിലെത്തിയിരിക്കുന്നത്.
320 കോടിയിൽ 161 കോടി സർക്കാർ 13 വർഷംകൊണ്ട് വാർഷിക അന്വിറ്റി അടിസ്ഥാനത്തിൽ കമ്പനിക്ക് നൽകണം. 15 വർഷത്തിനു ശേഷം കമ്പനി ഗ്രൗണ്ട് സർക്കാറിന് കൈമാറും. എല്ലാ വർഷവും ഒക്ടോബർ ഒന്നുമുതൽ ജനുവരി 31 വരെയും ഏപ്രിൽ ഒന്നു മുതൽ മേയ് 30 വരെയുമാണ് സ്റ്റേഡിയം കെ.സി.എക്ക് ലഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.