പാക് ജഴ്സിയണിഞ്ഞതിന് കശ്മീരി ക്രിക്കറ്റർമാർ പിടിയിൽ
text_fieldsശ്രീനഗർ: പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി ധരിച്ച് പാക് ദേശീയഗാനം ആലപിച്ച യുവാക്കളെ അറസ്റ്റ് ചെയ്തു. സംഭവത്തിൻെറ വീഡിയോ സോഷ്യൽ മീഡിയകളിൽ വ്യാപിച്ചതിനെ തുടർന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. കശ്മീർ മീഡിയ സർവീസ് എന്ന പാകിസ്താനി വാർത്താ പോർട്ടൽ ആണ് വീഡിയോ പുറത്തുവിട്ടത്. സെൻട്രൽ കശ്മീർ ഡെപ്യൂട്ടി പൊലീസ് ഇൻസ്പെക്ടർ ജനറൽ ഗുലാം ഹസ്സൻ ഭട്ട് യുവാക്കളെ പിടികൂടിയ നടപടി സ്ഥിരീകരിച്ചു. ഇവരുടെ മോചനം ആവശ്യപ്പെട്ട് ജനം പൊലീസ് സ്റ്റേഷനിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നിരിക്കെ ഇവിടത്തെ സുരക്ഷ ശക്തമാക്കി.
എന്നാൽ ഇവർ ഇന്ത്യയും പാകിസ്താനും എന്ന പേരിൽ ടീമുണ്ടാക്കി പ്രാദേശിക തലത്തിൽ ക്രിക്കറ്റ് കളിക്കുകയായിരുന്നെന്ന് റിപ്പോർട്ടുണ്ട്. അന്താരാഷ്ട്ര മത്സരങ്ങളിലെ പോലെ ഇരുടീമും തങ്ങളുടേതായ ദേശീയ ഗാനവും ഉപയോഗിച്ചു. നീല ജഴ്സിക്ക് പകരം ഇന്ത്യൻ ടീം വെള്ള ജഴ്സിയാണ് അണിഞ്ഞത്. പാക് ദേശീയ ഗാനത്തിൻെറ വിഡിയോ മാത്രമാണ് പുറത്തായത്. ഇന്ത്യൻ ദേശീയ ഗാനം ആലപിക്കുന്നത് വിഡിയോയിൽ ഇല്ല. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇത്തരത്തിലൊരു മത്സരം നടന്നിരുന്നോ എന്നത് സംബന്ധിച്ച് ഒൗദ്യോഗിക വിശദീകരണവും വന്നിട്ടില്ല.
രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ തുരങ്കമായ കെനാനി-നശ്രി പാത ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീരിലെത്തിയ ഏപ്രിൽ രണ്ടിനാണ് ഈ മത്സരം നടന്നതെന്നും പാക് പോർട്ടൽ വ്യക്തമാക്കുന്നു. ഈ സംഭവം അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) ഒരു സംഘം വ്യാഴാഴ്ച ഡൽഹിയിൽ നിന്നും കശ്മീരിലെത്തിയതായി റിപ്പോർട്ടുകളുണ്ട്. നേരത്തേ രണ്ട് കശ്മീരി സംഗീതജ്ഞർ പരമ്പരാഗത ഉപകരണങ്ങൾ ഉപയോഗിച്ച് പാക് ദേശീയഗാനം ആലപിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.